മാറഡോണക്കായി ലോകമറിയുന്ന മ്യൂസിയം നിര്‍മ്മിക്കുമെന്ന – ബോബി ചെമ്മണ്ണൂര്‍
കോഴിക്കോട്: ഡീഗോ മാറഡോണക്കായി ലോകമറിയുന്ന മ്യുസിയം നിര്‍മ്മിക്കുമെന്ന് പ്രമുഖ വ്യവസായിയും ഇതിഹാസ താരത്തിന്റെ സുഹൃത്തുമായ വ്യവസായി ബോബി ചെമ്മണ്ണുര്‍. മാധ്യമം ഓണ്‍ലൈനിന് അനുവദിച്ച അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. മാറഡോണയെ കേരളത്തിലെത്തിച്ചത് ബോബി ചെമ്മണ്ണൂരായിരുന്നു. ചെമ്മണ്ണൂര്‍ ജൂവലേഴ്‌സിന്റെ കണ്ണൂരിലെ ഷോറൂം ഉദ്ഘാടനം ചെയ്യാനായി കാല്‍പ്പന്തിന്റെ ദൈവം എത്തിയത് കേരളക്കര ആഘോഷമാക്കിയിരുന്നു.
ബോബി ചെമ്മണ്ണൂരിന്റെ വാക്കുകള്‍ ഇങ്ങനെ
‘മാറഡോണയുടെ മരണത്തില്‍ അതീവ ദുഃഖിതനാണ്, മാറഡോണ എന്നെ സംബന്ധിച്ച് കളിക്കാരന്‍ മാത്രമല്ല, ഉറ്റസുഹൃത്ത് കൂടിയാണ്, സ്വപ്നം പോലും കാണാന്‍ പറ്റാത്ത ബന്ധമായിരുന്നു, ദുബൈയില്‍ വെച്ച് കണ്ടപ്പോള്‍ ഫോട്ടോ എടുക്കുക എന്നത് മാത്രമായിരുന്നു ഉദ്ദേശം. സംസാരിക്കാന്‍ അവസരം ലഭിച്ചപ്പോള്‍ ഞങ്ങളുടെ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ അദ്ദേഹത്തിന് കാണിച്ചുകൊടുത്തു, പുള്ളി സംതൃപ്തനായി തന്നെ കെട്ടിപ്പിടിച്ചു, കൂടെയുണ്ടാവുമെന്ന് ഉറപ്പ് നല്‍കി. അതുവരെ മദര്‍ തെരേസയുടെ മാത്രം ആരാധകനായിരുന്നു ഞാന്‍. ആ കൂടിക്കാഴ്ചക്ക് ശേഷമാണ് ആരാധകന്‍ എന്നതിലുപരി മറഡോണയുടെ ഏറ്റവും നല്ല സുഹൃത്താകുക എന്ന ആഗ്രഹം ഉടലെടുത്തത്.
ന്യായമാവുന്നത് എന്താണോ അക്കാര്യം ചെയ്യുന്ന വ്യക്തിത്വമാണ് മാറഡോണയുടേത്. എത്ര വലിയ ആളായാലും നോ പറയേണ്ടിടത്ത് നോ പറയും. അതിന് യാതൊരു ഭയവുമില്ല. പൈസകൊണ്ടോ അധികാരം കൊണ്ടോ ഭീഷണികൊണ്ടോ അദ്ദേഹത്തെ കീഴ്‌പ്പെടുത്താനാവില്ല. സമ്ബത്തിനോടൊന്നും വലിയ താല്‍പര്യമില്ല, ഉദ്ഘാടനത്തിനും മറ്റുമായി അദ്ദേഹത്തിന് പൈസ കൊണ്ടുകൊടുക്കും, നെറ്റ്ബാങ്കിങ്, ചെക്ക് ഈ വക കാര്യങ്ങളൊന്നും അദ്ദേഹത്തിനില്ല. പഴയ രീതിയില്‍ ജീവിക്കുന്നയാളാണ്. ക്യാഷായിട്ട് തന്നാല്‍ മതിയെന്നാണ് അദ്ദേഹം പറയുക. ക്യാഷ് കൊടുത്താല്‍ എണ്ണി നോക്കി അലമാരിയില്‍ കൊണ്ടുപോയി പൂട്ടും, പൂട്ടിക്കഴിഞ്ഞാല്‍ ആ താക്കോല്‍ അതിന്മേല്‍ തന്നെയുണ്ടാകും. ഈ കാശിന്റെ പകുതിയും അവിടെ വരുന്നവര്‍ അടിച്ചുമാറ്റിയിട്ടുണ്ട്.
ചോദിക്കുന്നവര്‍ക്കൊക്കെ എന്തും കൊടുക്കും, ഒരിക്കല്‍ അദ്ദേഹത്തിന്റെ ജന്മദിനത്തിന് ബി.എം.ഡബ്ല്യു കാര്‍ സമ്മാനമായി കൊടുത്തു, ഏതാനും മാസങ്ങള്‍ക്ക് ശേഷം വീട്ടില്‍ ചെന്നപ്പോള്‍ ആ കാര്‍ അവിടെയില്ല, കാര്യം തിരക്കിയപ്പോള്‍ കാറില്ലാത്ത പാവത്തിന് കൊടുത്തെന്നായിരുന്നു മറുപടി. പലപ്പോഴും ആഭരണങ്ങള്‍ സമ്മാനമായി കൊടുക്കാറുണ്ട്, അതും ഇതുപോലെ പലര്‍ക്കും ഊരിക്കൊടുക്കും. പണത്തോട് ഒട്ടും അത്യാഗ്രഹമില്ലാത്തയാളായിരുന്നു.
മെസിയെ സ്വന്തം അനിയനെപ്പോലെ കണ്ട് ആത്മാര്‍ത്ഥമായി കോച്ചിങ് കൊടുത്തിട്ടുണ്ട്, മാറഡോണയേയും മെസിയേയും ഒരുമിച്ചു ഒരു പ്രത്യേക പ്രൊജക്ടുണ്ടാക്കാന്‍ അര്‍ജന്റീനയില്‍ പോയിരുന്നു. മെസി ഈ പ്രൊജക്ടിന് താല്‍പര്യമാണെന്ന് പറഞ്ഞപ്പോള്‍ അദ്ദേഹം പൊട്ടിത്തെറിച്ചു. മെസിയുമായി മാറഡോണ അകന്ന കാലമായിരുന്നു അന്ന്. അത് എനിക്ക് അറിയില്ലായിരുന്നു. രണ്ട് പേരേയും എനിക്ക് വേണമായിരുന്നു, ഒടുവില്‍ മറഡോണയില്‍ ഉറച്ച് നിന്നു, മെസിയുടെ ആ പ്രൊജക്‌ട് ഉപേക്ഷിച്ചു.
രണ്ട് കാര്യങ്ങളാണ് അദ്ദേഹത്തിന് ഇഷ്ടം, അതിലൊന്ന് ഫുട്ബാള്‍ മറ്റൊന്ന് പേരക്കുട്ടി ബെഞ്ചമിന്‍. ബെഞ്ച എന്ന് വിളിക്കുന്ന പേരക്കുട്ടിയിലാണ് തന്റെ പ്രതീക്ഷയെന്ന് അദ്ദേഹം പറയാറുണ്ട്. വളരെ ആത്മാര്‍ത്ഥമായ സ്നേഹമായിരുന്നു ബെഞ്ചയുമായി. പേഴ്‌സിലുള്ള ബെഞ്ചയുടെ ഫോട്ടോയില്‍ ഇടയ്ക്കിടെ മുത്തും. ഫോണില്‍ സംസാരിക്കും. അദ്ദേഹത്തിന്റെ ഓര്‍മക്കായി ലോകം അറിയപ്പെടുന്ന രീതിയില്‍ ലോകം അവിടെ വരുന്ന രീതിയില്‍ മ്യൂസിയമോ മറ്റോ നിര്‍മ്മിക്കാനാണ് ആഗ്രഹം -ബോബി ചെമ്മണ്ണൂര്‍ പറഞ്ഞു
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്