മോശം അനുഭവമുണ്ടായിട്ടുണ്ടെങ്കില്‍ എന്റെ കൂടെ നടന്നത് എന്തിന്? ബിഷപ്പ് ഫ്രാങ്കോ മുളങ്കയ്ക്കല്‍
ജലന്ധര്‍: കുടുങ്ങുമെന്ന് ഉറപ്പായതോടെ പീഡന പരാതിയില്‍ വിശദീകരണവുമായി ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ രംഗത്ത്. തനിക്കെതിരായ പീഡന പരാതി കെട്ടിച്ചമച്ചതാണെന്നും പൊലീസ് അന്വേഷണവുമായി സഹകരിക്കുമെന്നും ഫ്രാങ്കോ മുളയ്ക്കല്‍ വിശദീകരിച്ചു. താന്‍ വത്തിക്കാനിലേക്ക് ഒളിച്ചോടില്ലെന്നും അന്വേഷണത്തെ നേരിടുമെന്നും ബിഷപ്പ് വ്യക്തമാക്കി. സ്ഥാനത്ത് നിന്ന് മാറി നിന്ന് അന്വേഷണത്തെ നേരിടില്ലെന്നും ബിഷപ്പ് മാതൃഭൂമി ന്യൂസിനോട് വിശദീകരിച്ചു. കന്യാസ്ത്രീയുടെ പീഡന പരാതിയില്‍ കുടുക്ക് മുറുകിയ ശേഷം ആദ്യമായാണ് ബിഷപ്പ് മാധ്യമങ്ങളോട് പ്രതികരിക്കുന്നത്. പൊലീസിനും മജിസ്‌ട്രേട്ടിനും കന്യാസ്ത്രീ നല്‍കിയ മൊഴിയെ പിന്തുണച്ച് നിരവധി കന്യാസ്ത്രീകളും എത്തിയിരുന്നു. ഇതോടെ ബിഷപ്പിനെ അറസ്റ്റ് ചെയ്യേണ്ട സാഹചര്യം ഉണ്ടായി. കേരളാ പൊലീസ് ഇതിനായി പഞ്ചാബിലേക്ക് യാത്ര തിരിക്കുകയും ചെയ്തു. അറസ്റ്റ് അനിവാര്യമാണെന്ന് തിരിച്ചറിഞ്ഞതോടെയാണ് ബിഷപ്പ് മാതൃഭൂമിക്ക് അഭിമുഖം നല്‍കിയതെന്നാണ് സൂചന.
ഞാന്‍ നിരപരാധിയാണ്. അതുകൊണ്ട് തന്നെ വത്തിക്കാനിലേക്ക് ഒളിച്ചോടില്ല. കേസുമായി ബന്ധപ്പെട്ട് പൊലീസ് ഇതുവരെ തന്നെ ഫോണില്‍ വിളിച്ചിട്ടു പോലുമില്ല. അന്വേഷണവുമായി സഹകരിക്കും. സത്യം പുറത്തുവരുമെന്നും ബിഷപ്പ് വിശദീകരിക്കുന്നു. കുറ്റക്കാരനല്ലെന്ന് ബോധ്യമുള്ളതു കൊണ്ടാണ് കോടതിയെ സമീപിക്കാത്തത്. പരാതി ഉയര്‍ന്ന് വന്നത് എങ്ങനെയെന്ന് അറിയില്ല. ഇത് കെട്ടിചമ്മച്ചതാണെന്നും ബിഷപ്പ് പറയുന്നു. സഭയുടെ പിന്തുണ തനിക്കുണ്ടെന്ന ആത്മവിശ്വാസവും പ്രകടിപ്പിക്കുന്നു. കന്യാസ്ത്രീ സഭയ്ക്ക് പരാതി കൊടുത്തുവെന്ന് പറയുന്നതും വിശ്വാസ യോഗ്യമല്ല. പരാതി കിട്ടിയതായി ആരും പറയുന്നില്ല. ആരും തന്നോട് വിശദീകരണം ചോദിച്ചിട്ടുമില്ല. അതുകൊണ്ട് തന്നെ എല്ലാം ഗൂഢാലോചനയെന്ന രീതിയിലാണ് മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തില്‍ ബിഷപ്പ് പറയുന്നത്.
2014മുതല്‍ 2016 വരെ പീഡിപ്പിച്ചുവെന്നാണ് പരാതി. ഈ സമയം പല യാത്രകളിലും ഈ കന്യാസ്ത്രീ അനുഗമിച്ചിട്ടുണ്ട്. ബിഷപ്പിനെ കാണാന്‍ പോലും എന്നോടൊപ്പം എത്തി. അപ്പോഴൊക്കെ എന്തെങ്കിലും ബുദ്ധിമുട്ടുണ്ടായിരുന്നുവെങ്കില്‍ മാറി നില്‍ക്കേണ്ടേ… എന്റെ അമ്മയുടെ മരണാനന്തര ചടങ്ങിന് പോലും എത്തി. പക്ഷേ പെട്ടെന്ന് പരാതിയുമായി എത്തുന്നു. ഇതിന് പിന്നില്‍ എന്താണെന്ന് അറിയില്ല. സഭയിലെ ആര്‍ക്കെങ്കിലും പരാതി കൊടുത്തിട്ടുണ്ടോ എന്ന് അറിയില്ല. ഡല്‍ഹിയിലെ കര്‍ദിനാളിന് പരാതി കൊടുത്തുവെന്ന് പറയുന്നു. എന്നാല്‍ എന്നോട് ഇതേ കുറിച്ച് ആരും ചോദിക്കുന്നില്ല. പരാതി കൊടുത്തുവെന്ന് പറയുന്നത് പോലും ദുരൂഹമാണെന്നും ബിഷപ്പ് പറയുന്നു.
പരാതി പറയുന്ന മറ്റ് കന്യാസ്ത്രീകളും എനിക്കെതിരെ വധഭീഷണി ഉയര്‍ത്തിയവരാണ്. ഇവര്‍ക്കെതിരെ പരാതി പൊലീസില്‍ നല്‍കി. പഞ്ചാബിലും കോട്ടയത്തും പരാതിയുണ്ട്. അതുകൊണ്ട് തന്നെ കൂടുതല്‍ ഒന്നും പറയാനില്ല. സീറോ മലബാര്‍ സഭയും ലത്തീന്‍ സഭയുമായി പ്രശ്‌നമൊന്നുമില്ല. സീറോ മലബാര്‍ സഭാഗമായ താന്‍ ലത്തീന്‍ രൂപതയെ നയിക്കുന്നതൊന്നും ആര്‍ക്കും പ്രശ്‌നല്ല. അത്തരം അഭിപ്രായങ്ങളോട് യോജിപ്പുമില്ല. ഇതെല്ലാം കെട്ടുകഥയാണ്. പൊലീസ് അന്വേഷണത്തെ ഭയന്ന് എങ്ങോട്ടും ഒളിച്ചോടില്ലെന്നും ബിഷപ്പ് വിശദീകരിക്കുന്നു.
കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റുചെയ്യാന്‍ പൊലീസ് തിരക്കിട്ട നീക്കങ്ങള്‍ നടത്തുന്നണ്ട്. ബിഷപ്പ് വിദേശരാജ്യങ്ങളിലേക്ക് കടക്കാന്‍ സാധ്യതയുള്ളതിനാല്‍, ഇന്ത്യയില്‍നിന്ന് രക്ഷപ്പെടാതിരിക്കാന്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് അന്വേഷണ സംഘം വ്യോമയാനമന്ത്രാലയത്തിന് കത്തു നല്‍കിയിട്ടുണ്ട്. വിമാനത്താവളങ്ങളില്‍ മുന്നറിയിപ്പ് നല്‍കണമെന്നാണ് കത്തിലെ ആവശ്യം. കേസിന്റെ ഇതുവരെയുള്ള അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് വൈക്കം ഡിവൈ.എസ്‌പി. കെ.സുഭാഷ് ജില്ലാ പൊലീസ് മേധാവിക്ക് കൈമാറിയിട്ടുണ്ട്.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്