×

തത്വ- തന്ത്രാധിഷ്‌ഠിത നിലപാട്‌ സ്വീകരിക്കും; തന്റെ നിയമനം മൂന്ന്‌ വര്‍ഷത്തേക്ക്‌ -ശ്രീധരന്‍പിള്ള

കോഴിക്കോട്: കേരളത്തില്‍ ഹിന്ദുത്വം എന്ന ബിജെപിയുടെ അടിസ്ഥാന തത്വത്തില്‍ നിന്നുകൊണ്ട് ഹിന്ദുത്വത്തില്‍ വെള്ളം ചേര്‍ക്കാതെയുള്ള പ്രവര്‍ത്തനമാവും ബിജെപി കാഴ്ചവെക്കുകയെന്ന് സംസ്ഥാന അധ്യക്ഷന്‍ അഡ്വ. പി.എസ് ശ്രീധരന്‍പിള്ള. കേരളം ബിജെപിക്ക് പാകമായെന്നും മറ്റ് രണ്ട് മുന്നണികള്‍ക്കും ദിശാബോധം നഷ്ടപ്പെട്ടുവന്നും അദ്ദേഹം പറഞ്ഞു. ബിജെപി സംസ്ഥാന അധ്യക്ഷനായശേഷം കോഴിക്കോട് പ്രസ്‌ക്ലബില്‍ നടത്തിയ പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

താന്‍ ഇടക്കാല പ്രസിഡന്റാണ് എന്ന ആരോപണം ശരിയല്ല. മൂന്ന് വര്‍ഷ കാലാവധിക്കാണ് തന്നെ പ്രസിഡന്റ് സ്ഥാനത്തേക്ക് പാര്‍ട്ടി നിയമിച്ചത്. ഇത്തരം പ്രചാരണങ്ങള്‍ നൂറ്റാണ്ടിലെ ഏറ്റവും വലിയ നുണയാണെന്നും അദ്ദേഹം പറഞ്ഞു.

ജാതി, മത, രാഷ്ട്രീയ വ്യത്യാസമില്ലാതെ എല്ലാവര്‍ക്കുമായി ബിജെപിയുടെ വാതിലുകള്‍ തുറന്നിട്ടിരിക്കുകയാണ്. ലോക്‌സഭാ തിരഞ്ഞെടുപ്പിനെ നേരിടാന്‍ പാര്‍ട്ടിയെ പൂര്‍ണമായും സജ്ജമാക്കുക എന്നതാണ് എന്റെ ആദ്യ ചുമതല. നിലവിലെ സാഹചര്യത്തില്‍ വലിയ പ്രതീക്ഷയാണ് ബിജെപിക്കുള്ളത്. അസാധ്യം എന്ന വാക്ക് ഇന്നുമുതല്‍ ബിജെപിയുടെ നിഘണ്ടുവിലില്ലെന്നും അദ്ദേഹം പറഞ്ഞു.

ബിജെപിയെക്കുറിച്ച് ന്യൂനപക്ഷ വിരുദ്ധരെന്നും ഫാസിസ്റ്റുകളെന്നും പണ്ടും ആരോപണമുണ്ടായിരുന്നു. എന്നാല്‍ അതിനെയെല്ലാം അതിജീവിച്ച് വളര്‍ന്നുവന്ന് നിരവധി ന്യൂനപക്ഷങ്ങളുടെ പിന്തുണ ഉറപ്പാക്കാന്‍ ബിജെപിക്ക് കഴിഞ്ഞിട്ടുണ്ട്. അത് ഇനിയും ആവര്‍ത്തിക്കും.

ഒരു എന്‍ഡിഎ യുഗം അല്ലെങ്കില്‍ നരേന്ദ്രമോദി യുഗം കേരളത്തില്‍ കൊണ്ടുവരാന്‍ ബിജെപിക്ക് സാധിക്കും. അതിനുള്ള പദ്ധതികളും തന്ത്രങ്ങളും പരിപാടികളും ആവിഷ്‌കരിക്കുകയെന്നതാണ് പ്രധാന ദൗത്യം. തത്വാധിഷ്ഠിത നിലപാടും തന്ത്രാധിഷ്ഠിത നിലപാടും സ്വീകരിച്ചുകൊണ്ട് ലക്ഷ്യം നിറവേറ്റാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷയെന്നും ശ്രീധരന്‍പിള്ള പറഞ്ഞു.

ശക്തമായി നില്‍ക്കുന്ന പല മുന്നണികളില്‍ നിന്നും ധാരാളം പേര്‍ ബിജെപിയിലേക്ക് വരാന്‍ ആഗ്രഹിക്കുന്നുണ്ട്. അങ്ങനെയുള്ളവര്‍ വരട്ടെ, ഇവരെയെല്ലാം കൂട്ടി പാര്‍ട്ടിയുടെ അടിത്തറ കൂടുതല്‍ വികസിപ്പിക്കും. ശബരിമലയുമായി ബന്ധപ്പെട്ട വിഷയത്തില്‍ എന്‍.എസ്.എസ് നേതാവ് സുകുമാരന്‍ നായരുടെ നിലപാട് സ്വാഗതാര്‍ഹമാണെന്നും അദ്ദേഹം പറഞ്ഞു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top