×

ഞെട്ടിത്തരിച്ച് ബിജെപി “നേമവുമായി ഒ രാജഗോപാലിന് ഒരു ബന്ധവുമില്ല – മാറ്റത്തിന് വേണ്ടി ജനങ്ങള്‍ വോട്ട് ചെയ്തിട്ടുണ്ടെന്നും – ഒ. രാജഗോപാല്‍

തിരുവനന്തപുരം: നേമവുമായി ഒ രാജഗോപാലിന് ഒരു ബന്ധവുമില്ല! ഇത് കേട്ട് ഞെട്ടുകയാണ് ബിജെപിക്കാര്‍. നേമത്ത് ഒരു തവണ എംഎ‍ല്‍എയായിട്ടുണ്ടെന്നും വേറെ ബന്ധമൊന്നുമില്ലെന്നും ഒ. രാജഗോപാല്‍ എംഎ‍ല്‍എയുടെ പ്രതികരണം ബിജെപിയില്‍ തന്നെ ചര്‍ച്ചയാവുകയാണ്.

 

നേരത്തെ കുമ്മനം രാജശേഖരന്‍ തന്റെ പിന്‍ഗാമിയല്ലെന്നും രാജഗോപാല്‍ പറഞ്ഞതു വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് രാജഗോപാലിന്റെ പുതിയ പ്രസ്താവന.

നേമത്തെ തിരഞ്ഞെടുപ്പ് സ്ഥിതി എന്താണെന്ന ചോദ്യത്തിനായിരുന്നു രാജഗോപാലിന്റെ മറുപടി അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചത് ബിജെപിയെയാണ്. രണ്ട് മുന്നണികളും മാറി മാറി ഭരിക്കുന്ന സാഹചര്യത്തില്‍ മാറ്റം വേണമെന്ന് ജനങ്ങള്‍ ആഗ്രഹിക്കുന്നതായും മാറ്റത്തിന് വേണ്ടി വോട്ട് ചെയ്തിട്ടുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

 

നേമത്ത് കെ.മുരളീധരന്റെ വാഹനത്തിന് നേരേ കല്ലെറിഞ്ഞത് സംബന്ധിച്ച ചോദ്യത്തിന് അത് ശരിയായ ഏര്‍പ്പാടല്ലെന്നായിരുന്നു രാജഗോപാലിന്റെ മറുപടി. ആക്രമണം നടത്തിയത് ബിജെപി പ്രവര്‍ത്തകരാണെന്ന് അവര്‍ പറയുന്നതല്ലേ എന്നും അദ്ദേഹം ചോദിച്ചു.

പരാജയഭീതി കൊണ്ടാണ് ബിജെപി ഇത്തരം ആക്രമണങ്ങള്‍ നടത്തുന്നതെന്ന് മുരളീധരന്‍ ആരോപിച്ചല്ലോ എന്ന ചോദ്യത്തിന് അദ്ദേഹം അങ്ങനെ പറയുന്നുണ്ടെങ്കില്‍ അതില്‍ എന്തെങ്കിലും കാര്യമുണ്ടായിരിക്കുമെന്നും രാജഗോപാല്‍ പറഞ്ഞു. നേമത്തെ ബിജെപിയുടെ സിറ്റിങ് എംഎ‍ല്‍എയാണ് രാജഗോപാല്‍. ഇത്തവണ ബിജെപി ഏറെ പ്രതീക്ഷ പുലര്‍ത്തുന്ന മണ്ഡലമാണ് നേമം. എന്നാല്‍ പ്രചരണത്തില്‍ പോലും രാജഗോപാല്‍ സജീവ സാന്നിധ്യമായിരുന്നില്ല. പോസ്റ്ററുകളില്‍ നിന്നും രാജഗോപാലിനെ ബിജെപി കഴിയുന്നത്ര ഒഴിവാക്കുകയും ചെയ്തു.

നേമം സീറ്റില്‍ മത്സരിക്കാന്‍ രാജഗോപാലിന് ബിജെപി അവസരം നല്‍കാത്തതാണ് ഇത്തരം പ്രസ്താവനകള്‍ക്ക് കാരണമെന്ന് കരുതുന്നവരുമുണ്ട്. രാജഗോപാലിന് 93 വയസ്സായി. ഈ സാഹചര്യത്തിലാണ് സിറ്റിങ് എംഎല്‍എയെ സ്ഥാനാര്‍ത്ഥിയാക്കാതെ മാറ്റിയത്. പാര്‍ട്ടി പറഞ്ഞാല്‍ മത്സരിക്കുമെന്ന് പലാവര്‍ത്തി രാജഗോപാല്‍ പറഞ്ഞിരുന്നു. എന്നാല്‍ ഇത്തവണ സീറ്റ് നിര്‍ണ്ണയത്തില്‍ ഒരിക്കല്‍ പോലും രാജഗോപാലിനെ ബിജെപി പരിഗണിച്ചില്ല.

നിയമസഭയില്‍ എംഎല്‍എ എന്ന നിലയിലും രാജഗോപാല്‍ പലവട്ടം തലവേദനയായി. നിയമസഭയില്‍ ബിജെപി നയത്തെ ഒ രാജഗോപാല്‍ തള്ളി പല വട്ടം സഭയില്‍ തള്ളി പറഞ്ഞു. പൗരത്വ നിയമത്തിലും വിമാനത്താവള കൈമാറ്റത്തിലും എടുത്ത അതേ സമീപനം രാജഗോപാല്‍ കര്‍ഷക ബില്ലിലെ പ്രമേയത്തിലും തുടര്‍ന്നു. രാമനും കൃഷ്ണനും ചേര്‍ന്ന ശ്രീരാമകൃഷ്ണന് സ്പീക്കര്‍ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്ത് തുടങ്ങിയ ഇടത് താല്‍പ്പര്യം സഭയില്‍ രാജഗോപാല്‍ അവസാന വര്‍ഷവും തുടര്‍ന്നു. കര്‍ഷക പ്രമേയത്തില്‍ പരസ്യമായി തന്നെ രാജഗോപാല്‍ നിലപാടും വിശദീകരിച്ചു.

കര്‍ഷക സമരം തന്നെ അനാവശ്യമെന്നായിരുന്നു കേരളത്തിലും ബിജെപി നേതാക്കള്‍ വാദിച്ചിരുന്നത്. എന്നാല്‍ നിയമസഭയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അവതരിപ്പിച്ച പ്രമേയത്തെ എതിര്‍ത്തില്ലെന്ന് ഒ.രാജഗോപാല്‍ പരസ്യമായി പറഞ്ഞത് ഏറെ ചര്‍ച്ചയായി. വിമാനത്താവള നടത്തിപ്പ് അദാനി എന്റര്‍പ്രൈസസിനു കൈമാറാനുള്ള നീക്കത്തെ എല്ലാ അര്‍ത്ഥത്തിലും പിന്തുണയ്ക്കുന്നത് ബിജെപിയാണ്. വികസനത്തിന് ഇത് അനിവാര്യതയാണെന്ന് ബിജെപി പറയുന്നു. എന്നാല്‍ നിയമസഭയില്‍ ചര്‍ച്ച വന്നപ്പോള്‍ പാര്‍ട്ടിയുടെ ഏക അംഗത്തിന്റെ നിലപാട് വിചിത്രമായിരുന്നു. കേന്ദ്ര നീക്കത്തിനെതിരായ പ്രമേയത്തെ എതിര്‍ക്കുകയോ അനുകൂലിക്കുകയോ ചെയ്യുന്നില്ലെന്ന് രാജഗോപാല്‍ പറയുന്നു. അതുകൊണ്ട് കൂടിയാണ് ഏകകണ്‌ഠേന പ്രമേയം നിയമസഭ പാസാക്കിയതും. മുമ്ബും സമാനമായ വിവാദങ്ങള്‍ രാജഗോപാലുമായി ബന്ധപ്പെട്ടുയര്‍ന്നിട്ടുണ്ട്. പാര്‍ട്ടിക്ക് അപ്പുറം സ്വന്തം പ്രതിച്ഛായയാണ് രാജഗോപാല്‍ എന്നും നിയമസഭയില്‍ പ്രാധാന്യത്തോടെ ഉയര്‍ത്തിയത്.

നിയമസഭയിലെ അവിശ്വാസ പ്രമേയ വോട്ടെടുപ്പില്‍ നിന്ന് രാജഗോപാല്‍ വിട്ടുനില്‍ക്കുകയും ചെയ്തിരുന്നു.പൗരത്വ ഭേദഗതിയിലും കേരള നിയമസഭയില്‍ രാജഗോപാല്‍ പ്രമേയത്തെ എതിര്‍ത്തുവെന്ന പൊതു ചിത്രമാണ് പുറത്തുണ്ടായിരുന്നത്. എന്നാല്‍ പ്രമേയം പാസായത് ഏകകണ്ഠമായാണെന്ന് ധനമന്ത്രി തോമസ് ഐസക് ട്വിറ്ററില്‍ കുറിച്ചു. ഇത് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി റി ട്വീറ്റ് ചെയ്യുകയും ചെയ്തു. ഇതോടെയാണ് സഭാ രേഖകള്‍ പലരും പരിശോധിച്ചത്. ഇതില്‍ രാജഗോപാലിന്റെ എതിര്‍പ്പുണ്ടായിരുന്നില്ല. ഇത് ബിജെപി ദേശീയ നേതൃത്വത്തേയും ചൊടിപ്പിച്ചു. കേരള കൗമുദിയിലെ അഭിമുഖത്തോടെ താന്‍ മനപ്പൂര്‍വ്വം കൈയുയര്‍ത്താത്തതാണെന്ന് രാജഗോപാല്‍ സമ്മതിക്കുകയും ചെയ്തു. അത്തരത്തില്‍ ബിജെപിയെ പലവട്ടം സഭയില്‍ രാജഗോപാല്‍ കൈവിട്ടു. ഇപ്പോള്‍ നേമത്തേയും.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top