×

‘തെറ്റുപറ്റി ‘ ബന്ധുവാണ് അയാള്‍ , കുട്ടികളെ ലാളിച്ചാല്‍ കാര്യപ്രാപ്തിയുണ്ടാകില്ല, എനിക്ക് വാക്കുകളില്ല, – ക്രൂരമര്‍ദനമേറ്റ് മൃതപ്രായനായ കുട്ടിയുടെ അമ്മ – എല്ലാം എന്റെ തെറ്റ്

കൊച്ചി: ”തെറ്റുപറ്റിപ്പോയി, അതിന്റെ ദുരിതമനുഭവിക്കുന്നത് എന്റെ മകനും. ആ സമയത്ത് എനിക്ക് ഒന്നും ശബ്ദിക്കാനായില്ല…” തൊടുപുഴയില്‍ രണ്ടാനച്ഛന്റെ ക്രൂരമര്‍ദനമേറ്റ് മൃതപ്രായനായ കുട്ടിയുടെ അമ്മ പറഞ്ഞു.

”അവനെ ആശുപത്രിയിലെത്തിച്ചപ്പോള്‍ കട്ടിലില്‍നിന്ന് വീണെന്ന് ഡോക്ടറോട് കള്ളം പറയേണ്ടിവന്നത് പേടികൊണ്ടാണ്. ഡോക്ടറോട് സംസാരിക്കുമ്ബോള്‍ അരുണ്‍ അടുത്തുണ്ടായിരുന്നു. കോലഞ്ചേരി ആശുപത്രിയില്‍ വന്നപ്പോഴും ഒപ്പമുണ്ടായിരുന്നു. എന്റെയും മക്കളുടെയും സുരക്ഷിതത്വം കൂടി കണക്കിലെടുത്താണ് അരുണിന്റെ ഉപദ്രവങ്ങളെക്കുറിച്ച്‌ പറയാതിരുന്നത്. അരുണിനെ രക്ഷിക്കാനല്ല ശ്രമിച്ചത്, എന്റെ കുഞ്ഞിനെ സംരക്ഷിക്കാനാണ് നോക്കിയത്. കുഞ്ഞിന് ഒന്നും സംഭവിക്കരുതെന്നു മാത്രമാണ് മനസ്സിലുണ്ടായിരുന്നത്”- അവര്‍ പറഞ്ഞു.

”എന്റെ മക്കള്‍ക്കിപ്പോള്‍ എന്നെ പേടിയാണ്. ഇളയമകന്‍ ആശുപത്രിയില്‍വെച്ച്‌ എന്നെ കണ്ടിട്ട് അരികിലേക്കു വരാന്‍ പോലും കൂട്ടാക്കിയില്ല. എന്നെ എന്റെ കുട്ടികളില്‍നിന്ന് അകറ്റാനാണ് അരുണ്‍ ശ്രമിച്ചതെന്ന് മനസ്സിലാക്കാന്‍ കഴിഞ്ഞില്ല. ഭര്‍ത്താവിന്റെ മരണശേഷം കുട്ടികള്‍ക്ക് അളവിലധികം ലാളന നല്കി. എന്നാല്‍, അരുണിനൊപ്പം താമസമായതോടെ അയാളുടെ നിര്‍ബന്ധപ്രകാരം അവരെ ലാളിക്കുന്നത് കുറച്ചു. ആണ്‍കുട്ടികളാണ് അവരെ ഒരുപാട് ലാളിച്ചാല്‍ കാര്യപ്രാപ്തിയില്ലാത്തവരായി പോകുമെന്നാണ് അയാള്‍ പറഞ്ഞിരുന്നത്”.

”ഭര്‍ത്താവിന്റെ മരണശേഷം, തുടര്‍ന്നുള്ള നിസ്സഹായാവസ്ഥയില്‍ സംരക്ഷകനായിട്ടാണ് ഭര്‍ത്താവിന്റെ ബന്ധുകൂടിയായ അരുണെത്തിയത്. കുട്ടികളെ ഉപദ്രവിച്ചശേഷം അതിനെ ന്യായീകരിക്കാനുള്ള കഴിവുണ്ടായിരുന്നു അയാള്‍ക്ക്. നമ്മുടെ ഭാഗത്ത് തെറ്റുകളുണ്ട്, അതിനെ തിരുത്തണം എന്ന രീതിയിലായിരുന്നു പറഞ്ഞിരുന്നത്”.

”മക്കളെ ഒറ്റയ്ക്ക് വീട്ടിലിരുത്തണം, എന്നാലേ അവര്‍ക്ക് ധൈര്യം വരൂവെന്ന് പറഞ്ഞാണ് കഴിഞ്ഞദിവസം അവരെ തനിച്ചാക്കി ഭക്ഷണം കഴിക്കാന്‍ പോയത്. തിരിച്ച്‌ വീട്ടിലെത്തിയപ്പോള്‍ ഇളയമകന്‍ കിടക്കയില്‍ മൂത്രമൊഴിച്ചത് ശ്രദ്ധയില്‍പ്പെട്ട അരുണ്‍ മൂത്തമകനെ വിളിച്ചുണര്‍ത്തി ദേഷ്യപ്പെടുകയും ഉപദ്രവിക്കുകയുമായിരുന്നു. തടയാന്‍ ചെന്ന തന്റെ മുഖത്തടിച്ചു. ഭ്രാന്തമായ അവസ്ഥയിലായിരുന്നു അരുണ്‍. പേടിയോടെ മാറിനില്‍ക്കാനേ കഴിഞ്ഞുള്ളൂ. എന്റെ ബുദ്ധിയില്ലായ്മയാണ് മകന് ഇങ്ങനെയൊരു അവസ്ഥ വരുത്തിയത്…”

ബി.ടെക് ബിരുദധാരിയാണ് കുട്ടിയുടെ അമ്മ. മൃതപ്രായനായ കുട്ടി ഇനിയും അപകടനില തരണം ചെയ്തിട്ടില്ല. 48 മണിക്കൂര്‍ കഴിഞ്ഞാലേ എന്തെങ്കിലും പറയാനാകൂ എന്നാണ് ഡോക്ടര്‍മാര്‍ ഇന്നലെ അറിയിച്ചത്. കുട്ടിയ മര്‍ദിച്ച പ്രതി അരുണിനെ പൊലീസ് ഇന്നലെ അറസ്റ്റ് ചെയ്തു. വധശ്രമം അടക്കമുള്ള കുറ്റങ്ങള്‍ ഇയാള്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്. മുമ്ബ് തിരുവനന്തപുരത്ത് കൊലക്കേസ് അടക്കം നിരവധി കേസുകളിലെ പ്രതിയാണ് അരുണെന്ന് പൊലീസ് പറഞ്ഞു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top