×

ആചാരങ്ങള്‍ സംരക്ഷിക്കും, ഭരണഘടന പരിരക്ഷ ഉറപ്പാക്കും ; കര്‍ഷകര്‍ക്കും ചെറുകിട വ്യാപാരികള്‍ക്കും പെന്‍ഷന്‍ – ബിജെപി പ്രകടനപത്രികയില്‍ ശബരിമലയും

75-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കാന്‍ 75 പദ്ധതികള്‍ എന്ന് പ്രഖ്യാപിച്ചുകൊണ്ടാണ് ഏകീകൃത സിവില്‍കോഡും പൗരത്വബില്ലും നടപ്പാക്കമെന്നും ആറു കോടി ജനങ്ങളുമായി സംസാരിച്ച്‌ തയാറാക്കിയ പത്രികയാണെന്നും അമിത് ഷാ വ്യക്തമാക്കിയത്. ആദ്യഘട്ട പോളിങ്ങിന് മൂന്നു ദിവസങ്ങള്‍ ശേഷിക്കെയാണ് ബിജെപിയുടെ പ്രകടനപത്രിക പുറത്തുവരുന്നത്. ഈ തിരഞ്ഞെടുപ്പില്‍ ദേശീയതാ-ഹിന്ദുത്വ വിഷയങ്ങള്‍ കൂടുതലായി ഉയര്‍ത്തിക്കൊണ്ടുവരും എന്ന സൂചന നല്‍കുന്നതാണ് പത്രിക.

അഞ്ചുവര്‍ഷത്തെ മോദി ഭരണം സുവര്‍ണ ലിപികളില്‍ എഴുതപ്പെടുമെന്ന് പ്രകടന പത്രിക പുറത്തിറക്കുന്നത് തൊട്ടുമുന്‍പ് നടത്തിയ ആമുഖ പ്രസംഗത്തില്‍ ബിജെപി അധ്യക്ഷന്‍ അമിത്ഷാ അവകാശപ്പെട്ടു. രാജ്യത്തിന്റെ അതിര്‍ത്തി മോദി രക്ഷിച്ചെന്നും ഭീകരതയ്‌ക്കെതിരെ സന്ധിയില്ലാതെ യുദ്ധം ചെയ്‌തെന്നും മോദിയെ പ്രകീര്‍ത്തിച്ചുകൊണ്ടായിരുന്നു അമിത്ഷായുടെ പ്രസംഗം. ഇതിന് പിന്നാലെ ഈ തിരഞ്ഞെടുപ്പിലെ പ്രകടന പത്രികയായ ‘സങ്കല്‍പ് പത്ര’ ബിജെപി പുറത്തിറക്കി.

പത്രക തയ്യാറാക്കുന്ന സമിതിയുടെ അധ്യക്ഷനായ രാജ്‌നാഥ് സിങ് പത്രിക പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നല്‍കിക്കൊണ്ടാണ് പ്രകാശനം നിര്‍വഹിച്ചത്. മോദി ഭരണകാലത്ത് രാജ്യത്തിന്റെ അഭിമാനം വാനോളം ഉയര്‍ന്നെന്ന് രാജ്‌നാഥ് സിങ് പറഞ്ഞു. 2019ല്‍ നടക്കുന്നത് ആഗ്രഹങ്ങളുടെ തിരഞ്ഞെടുപ്പെന്നും മോദി സര്‍ക്കാര്‍ രാജ്യത്തിന്റെ അതിര്‍ത്തി സുരക്ഷിതമായി കാത്തെന്നും നേതാക്കള്‍ ്പ്രസംഗത്തില്‍ പറഞ്ഞു.

550 വാഗ്ദാനങ്ങളില്‍ 520ഉം നടപ്പാക്കിയെന്ന് അവകാശവാദം

ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള ബിജെപിയുടെ പ്രകടന പത്രിക പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപി അധ്യക്ഷന്‍ അമിത്ഷായും ചേര്‍ന്നാണ് പുറത്തിറക്കിയത്. കര്‍ഷകര്‍ക്കും യുവാക്കള്‍ക്കും വനിതകള്‍ക്കും പ്രതീക്ഷ പകരുന്ന പ്രഖ്യാപനങ്ങളുണ്ടാകുമെന്ന സൂചനകള്‍ നേരത്തേ പുറത്തുവന്നിരുന്നു. ഇതോടൊപ്പം ദേശീയതയും ഹിന്ദുത്വവും ആയിരിക്കും പ്രധാന അജണ്ടയെന്ന സൂചനകളും വന്നു. മോദി സര്‍ക്കാരിന്റെ പ്രോഗ്രസ് റിപ്പോര്‍ട്ടും പ്രകടന പത്രികയ്ക്ക് ഒപ്പം പുറത്തിറക്കിയാണ് കോണ്‍ഗ്രസിന്റെ ആരോപണങ്ങളെ പ്രതിരോധിക്കുന്നത്.

2014 ലെ തിരഞ്ഞെടുപ്പില്‍ നല്‍കിയ 550 വാഗ്ദാനങ്ങളില്‍ 520ഉം നടപ്പാക്കിയെന്നാണ് ബിജെപി അവകാശവാദം. രാജ്‌നാഥ് സിങ് അധ്യക്ഷനായ കമ്മിറ്റിയാണ് ബിജെപിയുടെ പ്രകടന പത്രികയുടെ പിന്നണിയില്‍ പ്രവര്‍ത്തിച്ചത്. അരുണ്‍ ജെയ്റ്റിലിയും പീയൂഷ് ഗോയലും ശിവരാജ് സിങ് ചൗഹാനും നിര്‍മല സീതാരാമനും ഉള്‍പ്പെടുന്ന സമിതി സാധാരണക്കാരില്‍ നിന്നും വിദഗ്ധരില്‍ നിന്നും അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും തേടിയശേഷമാണ് പ്രകടനപത്രിക തയാറാക്കിയത്. അഞ്ചുവര്‍ഷം മുമ്ബ് വാഗ്ദാനം ചെയ്തവയില്‍ 95ശതമാനവും നടപ്പാക്കിയെന്നാണ് ബിജെപിയുടെ പക്ഷം. അതുകൊണ്ടുതന്നെ മോദിസര്‍ക്കാരിന്റെ റിപ്പോര്‍ട്ട് കാര്‍ഡ് കൂടിയാണ് ഈ പ്രകടനപത്രിക. കോണ്‍ഗ്രസ് പ്രകടനപത്രികയിലെ തുറുപ്പുചീട്ടായ ‘ന്യായ്’പദ്ധതിക്ക് ബിജെപി എന്ത് ബദല്‍ കൊണ്ടുവരുമെന്നതായിരുന്നു മറ്റൊരു രാഷ്ട്രീയലോകം ആകാംഷയോടെ കാത്തിരുന്ന കാര്യം.

പ്രകടനപത്രികയിലെ പ്രധാന വാഗ്ദാനങ്ങള്‍

  • 2025ല്‍ ഇന്ത്യയെ 5 ട്രില്യണ്‍ ഡോളര്‍ സമ്ബദ് വ്യവസ്ഥായാക്കും. 2032ല്‍ 10 ട്രില്യണ്‍ ഡോളര്‍ സാമ്ബത്തിക ശക്തിയാക്കും.
  • അടിസ്ഥാന സൗകര്യ മേഖലയക്ക്ായി 100 ലക്ഷം കോടിയുടെ മൂലധനം നിക്ഷേപിക്കും.
  • ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 പിന്‍വലിക്കും
  • ഗംഗാ പുനഃരുജ്ജീവനം നടപ്പാക്കും
  • മുത്തലാഖ്, നിക്കാഹ് ഹലാല തുടങ്ങിയവ ഇല്ലാതാക്കും
  • അംഗണവാടി, ആഷ വര്‍ക്കര്‍മാരിലേക്ക് ആയുഷ്മാന്‍ ഭാരത് പദ്ധതി വ്യാപിപ്പിക്കും
  • 200 പുതിയ കേന്ദ്രീയ വിദ്യാലയ, നവോദയ വിദ്യാലയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സ്ഥാപിക്കും
  • 2024 ഓടു കൂടി രാജ്യത്തെ എംബിബിഎസ്, സ്‌പെഷലിസ്റ്റ് ഡോക്ടര്‍മാരുടെ എണ്ണം വര്‍ധിപ്പിക്കും
  • ലോകത്തെ മികച്ച 500 വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഇന്ത്യയില്‍നിന്നുള്ളവയുണ്ടാകും.
  • അഴിമതി മുക്ത ഭാരതമെന്ന ലക്ഷ്യത്തിനായി കൂടുതല്‍ പദ്ധതികള്‍
  • പൊതു സേവനങ്ങള്‍ അവകാശമാക്കും
  • തിരഞ്ഞെടുപ്പുകള്‍ ഒറ്റഘട്ടമാക്കുന്നത് പരിഗണിക്കും
  • ഭാരതീയ സംസ്‌കാരവും വിശ്വാസവും സംരക്ഷിക്കും
  • ആഗോള തലത്തില്‍ യോഗ പ്രോത്സാഹിപ്പിക്കും
  • കര്‍ഷകര്‍ക്ക് വര്‍ഷത്തില്‍ 6000 രൂപയും 60 വയസ്സിനു മുകളിലുള്ള ചെറുകിട, ഇടത്തരം കര്‍ഷകര്‍ക്കു പെന്‍ഷനും
  • അടുത്ത 5 വര്‍ഷത്തിനുള്ളില്‍ ഗ്രാമീണ വികസനത്തിന് 25 ലക്ഷം കോടി രൂപ
  • 5 കിലോമീറ്ററിനുള്ളില്‍ ബാങ്ക് ഇടപാടുകള്‍ നടത്താന്‍ സൗകര്യം
  • ദാരിദ്ര്യരേഖയ്ക്കുതാഴെയുള്ളവരുടെ എണ്ണം ഒറ്റ സംഖ്യയിലേക്കു കുറയ്ക്കും
  • ചെറുകിട കടയുടമകള്‍ക്ക് പെന്‍ഷന്‍
  • എല്ലാ ജില്ലകളിലും ഒരു മെഡിക്കല്‍ കോളജ് അല്ലെങ്കില്‍ പിജി മെഡിക്കല്‍ കോളജ്
  • 2022ഓടു കൂടി കുട്ടികള്‍ക്കും ഗര്‍ഭിണികള്‍ക്കും പ്രതിരോധ കുത്തിവയ്‌പ്പു നടത്തി
  • രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കും.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top