×

അമേരിക്കയില്‍ ചികിത്സയ്ക്ക് പോകാന്‍ സമ്മതിച്ച്‌ കെപിസിസി അധ്യക്ഷന്‍ = കെ സുധാകരന്‍

തിരുവനന്തപുരം: കേരളത്തില്‍ രാഷ്ട്രീയ ബോംബുകള്‍ പൊട്ടുകയും ആരോപണ പ്രത്യാരോപണങ്ങളില്‍ ഭരണ – പ്രതിപക്ഷങ്ങള്‍ ഏറ്റുമുട്ടുകയും ചെയ്യുന്നതിനിടെ കെപി സി സി പ്രസിഡന്റ് കെ സുധാകരന്‍ വിദഗ്ധ ചികിത്സയ്ക്ക് അമേരിക്കയിലേക്ക് പോകുന്നു.

ഈയാഴ്ച തന്നെ അദ്ദേഹം അമേരിക്കയ്ക്ക് യാത്ര തിരിക്കുമെന്നാണ് വിവരം. കോണ്‍ഗ്രസ് നേതാക്കളുടെ സ്നേഹപൂര്‍വ്വമായ നിര്‍ബന്ധത്തിന് വഴങ്ങിയാണ് സുധാകരന്‍ ചികിത്സയ്ക്ക് അമേരിക്കയിലേക്ക പോകുന്നത്. കോവിഡ് വന്നതിന് ശേഷമുണ്ടായ ആരോഗ്യ പ്രശ്നങ്ങള്‍ പലവിധത്തില്‍ സുധാകരനെ അലട്ടുന്നുണ്ട്. കുറച്ചുകാലമായി നിരന്തരം അദ്ദേഹം ചികിത്സകളിലായിരുന്നു.

ആരോഗ്യപ്രശ്‌നങ്ങളാല്‍ പണ്ടത്തെ പോലെ സംഘടനാ പ്രവര്‍ത്തനങ്ങളില്‍ സജീവമായി ഇടപെടാന്‍ കെ സുധാകരന് കഴിഞ്ഞിരുന്നില്ല. തൃക്കാക്കര ഉപതിരഞ്ഞെടുപ്പു സമയത്തും സുധാകരന് വേണ്ടതു പോലെ പ്രവര്‍ത്തിക്കാന്‍ സാധിച്ചിരുന്നില്ല. ഈ സമയം പാര്‍ട്ടിക്ക് വേണ്ടി എല്ലാ പ്രവര്‍ത്തനങ്ങളും ഏകോപിപ്പിച്ചത് പ്രതിപക്ഷ നേതാവ് വി ഡി സതീശനായിരുന്നു. എണ്ണയിട്ട യന്ത്രം പോലെ പ്രവര്‍ത്തിച്ചു വന്ന ഡിസിസി കളില്‍ പലതും നിര്‍ജ്ജീവമാണ്. ഡിസിസി കളെ ആക്ടീവാക്കിയതു സുധാകരനാണെങ്കിലും ആരോഗ്യപ്രശ്നങ്ങള്‍ കാരണം ഫലപ്രദമായി ഇപ്പോള്‍ ഇടപെടാന്‍ കഴിയുന്നില്ല. അതിനാലാണ് വിദഗ്ധ ചികിത്സ ഉറപ്പാക്കാന്‍ അമേരിക്കയിലേക്ക് പോകുന്നത്. സുധാകരനൊപ്പം മറ്റ് നേതാക്കള്‍ ആരെങ്കിലും അനുമഗമിക്കുന്നുണ്ടോ എന്ന കാര്യത്തില്‍ തീരുമാനം എടുത്തിട്ടില്ല.

സുധാകരന്‍ തിരിച്ച്‌ എത്തുന്നതു വരെ കെപിസിസി പ്രസിഡന്റിന്റെ ചുമതല ആര്‍ക്ക് നല്കണമെന്ന കാര്യത്തിലും തീരുമാനമായിട്ടില്ല. പകരം ചുമതല തല്‍ക്കാലം ആര്‍ക്കും നല്‍കാനും സാധ്യതയില്ലെന്നാണ് സൂചനകള്‍. അടുത്തകാലത്ത് കോണ്‍ഗ്രസിന് ഉണര്‍വ്വു പകര്‍ന്നത് കെ സുധാകരന്‍ – വി ഡി സതീശന്‍ കൂട്ടുകെട്ടായിരുന്നു. ഈ കൂട്ടുകെട്ട് പാര്‍ട്ടിയേയും പ്രതിപക്ഷത്തെയും കൂടുതല്‍ ഊര്‍ജ്ജസ്വലമാക്കിയിട്ടുണ്ട്. തൃക്കാക്കരയില്‍ നേടിയ വിജയം കോണ്‍ഗ്രസ് ക്യാമ്ബുകളില്‍ വലിയ ചലനങ്ങളാണ് ഉണ്ടാക്കിയിരിക്കുന്നത്.

ഈ സാഹചര്യത്തില്‍ ഇനിയും പാര്‍ട്ടിയെ കെ സുധാകരന്‍ തന്നെ നയിക്കണമെന്നാണ് ബഹുഭൂരിപക്ഷത്തിന്റെയും അഭിപ്രായം. എന്നാല്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ കാരണം പഴയതുപോലെ എല്ലായിടവും ഓടി എത്താന്‍ സുധാകരന് കഴിയുന്നില്ല. പുനഃസംഘടന നടക്കുമ്ബോഴും സുധാകരന്‍ കെപിസിസി അധ്യക്ഷ സ്ഥാനത്തു തുടരാനാണ് പുതിയ ഫോര്‍മുലയും. അതിനിടെയാണ് സുധാകരനെ ആരോഗ്യ പ്രശ്‌നങ്ങള്‍ അലട്ടിയതും. തുടര്‍ന്നാണ് സതീശന്‍ അടക്കമുള്ളവര്‍ വിദഗ്ധ ചികിത്സ എടുക്കണമെന്ന നിര്‍ദ്ദേശം കെപിസിസി അധ്യക്ഷനോട് പറഞ്ഞതും.

 

ആരോഗ്യ പ്രശ്നങ്ങള്‍ മൂലമുള്ള അസ്വസ്ഥതകള്‍ ഇരട്ടിച്ചപ്പോള്‍ പല ഒറ്റമൂലി വൈദ്യമാരെയും സുധാകരന്‍ കണ്ടിരുന്നു. ഇത് രോഗം വഷളാക്കാനെ വഴിവെച്ചുള്ളു. സുധാകരന്‍ മോന്‍സണ്‍ മാവുങ്കലിന്റെ അടുത്ത് ചികിത്സയ്ക്ക് പോയതും വിവാദമായിരുന്നു. എന്തായാലും മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബലകൃഷണനും പിന്നാലെയാണ് കെ സുധാകരനും അമേരിക്കയില്‍ ചികിത്സ തേടുന്നത്. മുഖ്യമന്ത്രി പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും രണ്ടര മാസം മുന്‍പാണ് അമേരിക്കയില്‍ ചികിത്സ തേടിയത്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top