ആന്‍ജിയോഗ്രാം പൂര്‍ത്തിയായി; ആശുപത്രിയില്‍ നിന്ന് അറസ്റ്റ് ചെയ്‌തേക്കും – വക്കീലിന്റെ അടുത്ത നിര്‍ദ്ദേശം കാത്ത് ശിവശങ്കര്‍
തിരുവനന്തപുരം: ചോദ്യം ചെയ്യാനും തുടര്‍ന്ന് അറസ്റ്റ് രേഖപ്പെടുത്താനുമായി കൊണ്ടുപോകുന്നതിനിടെ ദേഹാസ്വാസ്ഥ്യമുണ്ടായ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിന്റെ ആരോഗ്യനില തൃപ്തികരം. ആന്‍ജിയോഗ്രാം പരിശോധന പൂര്‍ത്തിയായി. ഹൃദയസംബന്ധമായ പ്രശ്‌നങ്ങളില്ല. എന്നാല്‍, 24 മണിക്കൂര്‍ കൂടി നിരീക്ഷണത്തില്‍ തുടരാന്‍ ഡോക്റ്റര്‍മാര്‍ നിര്‍ദേശിച്ചു. ഇതേത്തുടര്‍ന്ന് കസ്റ്റംസ് സംഘവും ആശുപത്രിയില്‍ എത്തിയിട്ടുണ്ട്. നിരീക്ഷണ സമയപരിധി കഴിഞ്ഞാല്‍ ശിവശങ്കറെ കസ്റ്റഡിയില്‍ എടുക്കുന്നതടക്കം കാര്യങ്ങളില്‍ ഉടന്‍ തീരുമാനമുണ്ടാകും.
ഇന്നലെ വൈകിട്ട് അഞ്ചരയോടെയാണ് കസ്റ്റംസ് സംഘം ശിവശങ്കറിന്റെ പൂജപ്പുരയിലെ വീട്ടിലെത്തിയത്. ചോദ്യം ചെയ്യലിനായി തിരുവനന്തപുരത്തെ ഓഫിസിലേക്ക് പോകണമെന്ന് ആവശ്യപ്പെട്ടു. കസ്റ്റഡിക്ക് സമാനരീതിയില്‍ സ്വന്തം വാഹനത്തിന് പകരം കസ്റ്റംസ് വാഹനത്തില്‍ കയറ്റി യാത്ര പുറപ്പെട്ടു. യാത്രാമധ്യേ ശാരീരിക അവശതകള്‍ തോന്നിയതോടെ കസ്റ്റംസിന്റെ വാഹനത്തില്‍ തന്നെ കരമനയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.
ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശേഷം, നാലു മണിക്കൂറോളം കസ്റ്റംസ് സംഘം ആശുപത്രിയില്‍ കാത്തുനിന്നു. തീവ്രപരിചരണ വിഭാഗത്തില്‍ തുടരേണ്ടതുണ്ടെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചതോടെയാണ് ഉദ്യോഗസ്ഥര്‍ മടങ്ങിയത്. എന്‍ഐഎ ഉദ്യോഗസ്ഥരും വിവരങ്ങള്‍ ശേഖരിച്ചു.
കസ്റ്റംസിന് പുറമെ എന്‍ഐഎയും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും പലതവണ ശിവശങ്കറിനെ ചോദ്യം ചെയ്തിട്ടുണ്ടങ്കിലും ആദ്യമായാണ് അന്വേഷണ ഏജന്‍സിയുടെ വാഹത്തില്‍ കൊണ്ടുപോകുന്നത്. അതുകൊണ്ടു തന്നെ ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു ലക്ഷ്യമെന്നാണ് വിലയിരുത്തുന്നത്. ശിവശങ്കറിന്റെ ഭാര്യ ജോലി ചെയ്യുന്ന ആശുപത്രിയില്‍ തന്നെയാണ് അദ്ദേഹത്തേയും ചികിത്സയ്ക്കായി പ്രവേശിപ്പിച്ചത്.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്