എ പ്ലസ് കുറഞ്ഞതിന് മകനെ മണ്‍വെട്ടി കൊണ്ട് അടിച്ച സംഭവത്തിന് പിന്നില്‍ അറിയാക്കഥകള്‍; കൈവിട്ടുപോയത് ഭര്‍ത്താവിനെ പാഠം പഠിപ്പിക്കാനുള്ള ഭാര്യയുടെ പരാതി
തിരുവനന്തപുരം : തിരുവനന്തപുരം കിളിമാനൂരില്‍ എസ്‌എസ്‌എല്‍സി പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് ലഭിക്കാത്തതിന് മകനെ അച്ഛന്‍ മണ്‍വെട്ടി കൊണ്ട് മര്‍ദിച്ച കേസില്‍ പുതിയ വഴിത്തിരിവ്. വീട്ടില്‍ അച്ഛനും അമ്മയും നിത്യവും വഴക്കായിരുന്നുവെന്നും, ഭര്‍ത്താവിനെ ഒരു പാഠം പഠിപ്പിക്കുക ലക്ഷ്യമിട്ടാണ് അമ്മ പരാതി നല്‍കിയതെന്നുമാണ് റിപ്പോര്‍ട്ട്. എന്നാല്‍ വിഷയം ഇത്രത്തോളം ഗൗരവമാകുമെന്ന് അമ്മ കരുതിയിരുന്നില്ലെന്നും പൊലീസ് ഉദ്യോഗസ്ഥന്‍ സൂചിപ്പിച്ചു.
എസ്‌എസ്‌എല്‍സിക്ക് മകന് മൂന്ന് വിഷയങ്ങളില്‍ എ പ്ലസ് ലഭിച്ചില്ല. ഇതില്‍ പ്രകോപിതനായാണ് പ്രതി സാബു മകനെ മണ്‍വെട്ടിയുടെ പിടി കൊണ്ട് അടിച്ചതെന്നായിരുന്നു പരാതി.കൈമുട്ടിന് പിറകിലായാണ് അടികൊണ്ടത്. സംഭവത്തില്‍ പ്രതിയായ സാബുവിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
സാബു മര്‍ദിക്കുന്നതിന്റെ ചിത്രം കുട്ടിയുടെ സുഹൃത്ത് മൊബൈലില്‍ പകര്‍ത്തുകയും സോഷ്യല്‍ മീഡിയയില്‍ അപ് ലോഡ് ചെയ്യുകയും ചെയ്തിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ട ബാലാവകാശ സംഘടനകള്‍ വിഷയം പൊലീസിന്റെ ശ്രദ്ധയില്‍പ്പെടുത്തുകയും ചെയ്തിരുന്നു. തുടര്‍ന്ന് പ്രതിക്കെതിരെ ജുവനൈല്‍ ജസ്റ്റിസ് ആക്‌ട് പ്രകാരം കേസെടുക്കാന്‍ പൊലീസ് തീരുമാനിച്ചു.
ഇതോടെ കിളിമാനൂര്‍ പൊലീസ് സ്റ്റേഷനില്‍ ഇന്നലെ വികാരനിര്‍ഭരമായ രംഗങ്ങളാണ് അരങ്ങേറിയത്. തിങ്കളാഴ്ച ഭര്‍ത്താവിനെതിരെ കടുത്ത നിലപാട് സ്വീകരിച്ചിരുന്ന ഭാര്യ ഇന്നലെ മയപ്പെട്ടു. ഭര്‍ത്താവിനെ റിമാന്‍ഡ് ചെയ്ത് ജയിലില്‍ അടക്കുമെന്ന് അറിഞ്ഞതോടെ ഭാര്യ, കേസ് തള്ളിക്കളയണമെന്ന് ആവശ്യപ്പെടുകയും മോഹാലസ്യപ്പെട്ട് കുഴഞ്ഞു വീഴുകയും ചെയ്തു.
അച്ഛനെ ജയിലില്‍ അടക്കുമെന്നറിഞ്ഞതോടെ സ്‌റ്റേഷനിലെത്തിയ മകനും കരച്ചിലായി. മകനെ ഒരു തവണ മാത്രമാണ് അടിച്ചതെന്നും എന്നാല്‍ മുറിവോ പരിക്കോ ഒന്നുമില്ലെന്നും പൊലീസുകാര്‍ പറഞ്ഞു. മകന്റെ പഠനകാര്യത്തില്‍ അതീവശ്രദ്ധാലുവായിരുന്നു സാബുവെന്നും, മകന് സമ്മാനമായി ഇയാള്‍ ബൈക്ക് വാങ്ങി നല്‍കിയിരുന്നതായും പൊലീസുകാര്‍ സൂചിപ്പിച്ചു.
പരീക്ഷയ്ക്ക് തൊട്ടുമുമ്ബ് മകന്‍ കാണിച്ച അലസതയാകാം മൂന്ന് വിഷയങ്ങള്‍ക്ക് എ പ്ലസ് നേടാന്‍ കഴിയാതെ പോയതെന്ന ചിന്തയാണ് സാബുവിനെ ദേഷ്യം പിടിപ്പിച്ചത്. വീട്ടിലുണ്ടാകുന്ന ചെറിയ വഴക്കാണ് പെട്ടെന്ന് അനിയന്ത്രിതമായി വളര്‍ന്ന് വലുതായതെന്ന് സ്റ്റേഷനിലെ പൊലീസുകാര്‍ തന്നെ പറയുന്നു.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്