×

5 കോടി എം പി ഫണ്ട്‌ കോട്ടയത്തുകാര്‍ക്ക്‌ നഷ്ടപ്പെടും; ഇടതുപക്ഷം മിണ്ടാത്തത്‌ എന്തുകൊണ്ട്‌ ? – കെ സുരേന്ദ്രന്‍

കൊച്ചി: ഒരു വര്‍ഷം എംപിയില്ലാതെ കോട്ടയത്തുകാര്‍ എന്തിന് കഴിയണമെന്ന് ബിജെപി നേതാവ് കെ സുരേന്ദ്രന്‍. എംപി പദവി കൊടുക്കാന്‍ കേരള കോണ്‍ഗ്രസില്‍ ആണായിപ്പിറന്നവരാരും ഇല്ലേയെന്നും സുരേന്ദ്രന്‍ ചോദിച്ചു. വിഎം സുധീരന്‍ മുതല്‍ കെ ജയന്ത് വരെയുള്ള കോണ്‍ഗ്രസ്സുകാര്‍ മുഴുവനും ഇതിനെതിരെ രംഗത്തുവന്നിട്ടും ഇടതുപക്ഷം മിണ്ടാത്തത് വര്‍ഗ്ഗീയപ്രീണനത്തെ എതിര്‍ക്കാനാവാത്തതുകൊണ്ടാണെന്നും സുരേന്ദ്രന്‍ ആരോപിച്ചു.

രാജ്യസഭാംഗങ്ങള്‍ തെരഞ്ഞെടുപ്പില്‍ മത്സരിച്ച്‌ ലോക്‌സഭാംഗമാവുന്നത് കേട്ടിട്ടുണ്ട്, എന്നാല്‍ ഈ നീക്കം അസാധാരണമാണെന്നും വോട്ടുചെയ്ത ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും സുരേന്ദ്രന്‍ പറഞ്ഞു. യുഡിഎഫിനോട് ഇക്കാര്യത്തില്‍ ഇടതുപക്ഷത്തിന് എതിര്‍പ്പുണ്ടെങ്കില്‍ സിപിഐഎം രാജ്യസഭാതെരഞ്ഞെടുപ്പില്‍ മൂന്നാമത്തെ സ്ഥാനാര്‍ത്ഥിയെ മത്സരിപ്പിക്കണമെന്നും ഇതിനെതിരെ ജനരോഷം ഉയര്‍ത്തിക്കൊണ്ടുവരാനുള്ള ബാധ്യത ഇടതുമുന്നണിക്കുമുണ്ടെന്നും സുരേന്ദ്രന്‍ ഫെയ്‌സ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കുന്നു.

കുറിപ്പിന്റെ പൂര്‍ണ്ണരൂപം-

കോണ്‍ഗ്രസ്സിലേയും യുഡിഎഫിലേയും തമ്മിലടി ഇപ്പോള്‍ അവരുടെ ആഭ്യന്തരകാര്യം മാത്രമല്ലാതായിരിക്കുന്നു. അഞ്ചുവര്‍ഷത്തേക്ക് ജനങ്ങള്‍ തെരഞ്ഞെടുത്ത ഒരു ലോക്‌സഭാംഗത്തെ ഒരു നീതീകരണവുമില്ലാതെ രാജ്യസഭയിലേക്കയക്കുന്നു. കോട്ടയത്തെ ജനങ്ങളുടെ എംപി ഇനിമുതല്‍ ആരാണ്? അവര്‍ക്കൊരു ലോക്‌സഭാംഗം വേണ്ടെന്നാണോ? ഇനി ഒരു ഉപതെരഞ്ഞെടുപ്പുണ്ടാവില്ല എന്നു കേള്‍ക്കുന്നു.

ഒരു വര്‍ഷം ഒരു എംപിയില്ലാതെ കോട്ടയത്തുകാര്‍ എന്തിനു കഴിയണം? അഞ്ചുകോടി എംപി ഫണ്ട് ജനങ്ങള്‍ക്ക് എന്തിനു നഷ്ടപ്പെടണം? കേരളാകോണ്‍ഗ്രസ്സില്‍ ഈ പദവി കൊടുക്കാന്‍ ആണായിപ്പിറന്നവരാരും ഇല്ലേ? കര്‍ഷകര്‍ക്ക് ഗുണം കിട്ടുമെന്ന് പറയുന്ന കേരളാ കോണ്‍ഗ്രസ്സുകാര്‍ അടുത്ത ഒരു വര്‍ഷം ലോക്‌സഭയില്‍ കൃഷിക്കാര്‍ക്കുവേണ്ടി ഒരു ചോദ്യം ചോദിക്കാനെങ്കിലും ഒരു എംപി വേണ്ടേ എന്നു ചോദിച്ചാല്‍ എന്തുത്തരമാണ് നിങ്ങള്‍ക്കുള്ളത്. ലോക്‌സഭയില്‍ ചോദിക്കേണ്ടത് രാജ്യസഭയില്‍ ചോദിക്കാമെന്ന് പറഞ്ഞാല്‍ അതെങ്ങനെ ശരിയാവും. എന്തിനീ വൃത്തികെട്ട നാടകങ്ങള്‍?

ഇതൊക്കെയായിട്ടും സിപിഐഎം ഒന്നും മിണ്ടുന്നില്ല. വിഎം സുധീരന്‍ മുതല്‍ കെ ജയന്ത് വരെയുള്ള കോണ്‍ഗ്രസ്സുകാര്‍ മുഴുവനും ഇതിനെതിരെ രംഗത്തുവന്നിട്ടും ഇടതുപക്ഷം മിണ്ടാത്തത് വര്‍ഗ്ഗീയപ്രീണനത്തെ എതിര്‍ക്കാനാവാത്തതുകൊണ്ടാണ്. യുഡിഎഫിനോട് ഇക്കാര്യത്തില്‍ ഇടതുപക്ഷത്തിന് എതിര്‍പ്പുണ്ടെങ്കില്‍ സിപിഐഎം രാജ്യസഭാതെരഞ്ഞെടുപ്പില്‍ മൂന്നാമത്തെ സ്ഥാനാര്‍ത്ഥിയെ മത്സരിപ്പിക്കണം. പത്തൊന്‍പത് എംഎല്‍എമാര്‍ ബാക്കിയുണ്ടല്ലോ. ജയിക്കാനായില്ലെങ്കിലും ഒരു എതിര്‍പ്പെങ്കിലും ഉയര്‍ത്താമല്ലോ. രാജ്യസഭാംഗങ്ങള്‍ തെരഞ്ഞെടുപ്പില്‍ മത്സരിച്ച്‌ ലോക്‌സഭാംഗമാവുന്നത് കേട്ടിട്ടുണ്ട്. എന്നാല്‍ ഈ നീക്കം അസാധാരണമാണ്. വോട്ടുചെയ്ത ജനങ്ങളോടുള്ള വെല്ലുവിളിയാണ്. ഇതിനെതിരെ ജനരോഷം ഉയര്‍ത്തിക്കൊണ്ടുവരാനുള്ള ബാധ്യത ഇടതുമുന്നണിക്കുമുണ്ട്, സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top