സിനിമയിലെ മോശം പ്രകടനം: തെന്നിന്ത്യന്‍ താരം തമന്നയ്ക്ക് നേരെ ചെരുപ്പേറ്

ഹൈദരാബാദ്: ജൂവലറി ഉദ്ഘാടനത്തിനായി ഹൈദരാബാദില്‍ എത്തിയ തെന്നിന്ത്യന്‍ സിനിമാ താരം തമന്നയ്ക്ക് നേരെ ചെരുപ്പേറ്. സംഭവവുമായി ബന്ധപ്പെട്ട് യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഞായറാഴ്ച ഉച്ചയ്ക്ക് ശേഷം ഹിമായത്ത് നഗറിലെ ഒരു ജൂവലറി കട ഉദ്ഘാടനം ചെയ്യാന്‍ താരം എത്തിയപ്പോഴായിരുന്നു ചെരുപ്പേറ്.
ജൂവലറി ഉദ്ഘാടനത്തിന് ശേഷം ആരാധകരെ അഭിവാദ്യം ചെയ്യവെയാണ് തമന്നയ്ക്ക് നേരെ യുവാവ് കാലിലെ ചെരുപ്പ് അഴിച്ച് എറിഞ്ഞത്. എന്നാല്‍ താരത്തിന് സമീപത്തുണ്ടായിരുന്ന സുരക്ഷ ജീവനക്കാരന്റെ ദേഹത്താണ് ചെരുപ്പ് കൊണ്ടത്. സംഭവത്തില്‍ മുഷീറാബാദ് സ്വദേശിയും ബി.ടെക് ബിരുദധാരിയുമായ കരീമുല്ലയാണ് പൊലീസിന്റെ പിടിയിലായത്. തമന്നയുടെ അടുത്തിടെ അഭിനയിച്ച സിനിമകളിലെ മോശം പ്രകടനമാണ് ഇത്തരത്തില്‍ പ്രതികരിക്കാന്‍ തന്നെ പ്രേരിപ്പിച്ചതെന്ന് യുവാവ് മൊഴി നല്‍കി.
സംഭവം നടന്ന് ഉടന്‍തന്നെ പൊലീസ് ഇയാളെ പിടികൂടിയിരുന്നു. ചെരുപ്പേറ് കൊണ്ട സുരക്ഷാ ജീവനക്കാരന്‍ ഫയാദിന്റെ പരാതിയില്‍ യുവാവിനെതിരെ പൊലീസ് കേസെടുത്തു. സംഭവത്തില്‍ ഐ.പി.സി 324ാം വകുപ്പ് പ്രകാരം ഇയാള്‍ക്കെതിരെ കേസെടുത്തതായി നാരായണ്‍ഗുഡ പൊലീസ് അറിയിച്ചു.
നേരത്തെ ഒരു ചിത്രത്തിന്റെ പ്രൊമോഷന് വേണ്ടി കൊച്ചിയില്‍ എത്തിയപ്പോള്‍ തമന്നയ്ക്ക് അശ്ലീല കമന്റുകള്‍ കേള്‍ക്കേണ്ടി വന്നിരുന്നു.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്