×

സര്‍ക്കാര്‍ ഭൂമി സ്വകാര്യ വ്യക്തിക്ക് പതിച്ചു കൊടുത്ത് സബ് കളക്ടര്‍; ഭൂമി കൊടുത്തത് ശബരിനാഥിന്റെ കുടുംബ സുഹൃത്തിന്

തിരുവനന്തപുരം: കയ്യേറ്റ ഭൂമി സ്വകാര്യ വ്യക്തിക്ക് പതിച്ചു കൊടുത്ത തിരുവനന്തപുരം സബ് കളക്ടര്‍ ദിവ്യ എസ് അയ്യരുടെ നടപടി വിവാദത്തിലേക്ക്. റവന്യൂ വകുപ്പ് ഏറ്റെടുത്തിരുന്ന വര്‍ക്കല വില്ലേജിലെ ഇലകമണ്‍ പഞ്ചായത്തിലെ പുറമ്ബോക്ക് ഭൂമിയാണ് സ്വകാര്യ വ്യക്തിക്ക് വിട്ടുകൊടുത്ത് സബ് കളക്ടര്‍ ഉത്തരവിറക്കിയത്.

ചട്ട ലംഘനം നടത്തിയാണ് കോടികള്‍ വിലമതിക്കുന്ന സര്‍ക്കാര്‍ ഭൂമി ഭര്‍ത്താവ് ശബരിനാഥ് എംഎല്‍എയുടെ കുടുംബ സുഹൃത്തിന് ദിവ്യ പതിച്ചു നല്‍കിയതെന്നാണ് ആരോപണം ഉയരുന്നത്. 2017 ജൂലൈ 19നായിരുന്നു സ്വകാര്യ വ്യക്തി അന്യായമായി കൈവശം വെച്ചിരുന്ന 27 സെന്റ് പുറമ്ബോക്ക് ഭൂമി
വര്‍ക്കല തഹസില്‍ദാറുടെ നേതത്വത്തില്‍ ഒഴിപ്പിച്ചത്.

സ്വകാര്യ വ്യക്തി കയ്യേറിയിരുന്ന ഈ ഭൂമി തിരിച്ചു പിടിക്കണമെന്ന് പഞ്ചായത്ത് ഭരണ സമിതിയും വിവിധ സന്നദ്ധ സംഘടനകളും സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. വീണ്ടെടുക്കുന്ന ഈ ഭൂമിയില്‍ പുതിയ പൊലീസ് സ്റ്റേഷന്‍ കെട്ടിടം നിര്‍മിക്കണം എന്ന നിര്‍ദേശം ഉയരുകയും ചെയ്തിരുന്നു.

ഒഴിപ്പിക്കന്‍ നടപടിക്കെതിരെ ഹൈക്കോടതിയില്‍ ഫയല്‍ ചെയ്ത കേസില്‍ സബ് കളക്ടര്‍ക്ക് ഉചിതമായ തീരുമാനം കൈക്കൊള്ളാമെന്ന നിര്‍ദേശമുണ്ട്. ഇതിന്റെ മറവിലാണ് ഭൂമി സ്വകാര്യ വ്യക്തിക്ക് തന്നെ വിട്ടുകൊടുക്കാനുള്ള തീരുമാനം സബ് കളക്ടര്‍ കൈക്കൊണ്ടതെന്നാണ് ആരോപണം. ഭൂമി ഏറ്റെടുത്ത റവന്യു ഉദ്യോഗസ്ഥരുടെ വാദം കേള്‍ക്കാതെയാണ് സബ് കളക്ടറുടെ നടപടി എന്ന് ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.

ഭൂമി സ്വകാര്യ വ്യക്തിക്ക് പതിച്ചു നല്‍കിയ സബ് കളക്ടറുടെ നടപടിക്കെതിരെ ഇളകമണ്‍ പഞ്ചായത്ത് കളക്ടര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. വിഷയം വി.ജോയ് എംഎല്‍എ റവന്യു മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തുകയും ചെയ്തു. എന്നാല്‍ നടപടി ക്രമങ്ങള്‍ പാലിച്ച്‌ മാത്രമാണ് ഭൂമി പതിച്ചു നല്‍കിയതെന്നാണ് ദിവ്യ എസ് അയ്യരുടെ നിലപാട്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top