സംഘപരിവാര്‍ ഭിന്നതയില്‍ പ്രതീക്ഷയര്‍പ്പിച്ച് കോണ്‍ഗ്രസ്സ്, പുതുമുഖങ്ങള്‍ക്ക് പരിഗണന
ന്യൂഡല്‍ഹി: വരുന്ന ലോക് സഭാ തിരഞ്ഞെടുപ്പില്‍ പഴയ മുഖങ്ങള്‍ മാറ്റി പരീക്ഷിക്കാന്‍ കോണ്‍ഗ്രസ്സും. ദീര്‍ഘകാലം മണ്ഡലങ്ങള്‍ കുത്തകയാക്കി വച്ചവരെയും നിരന്തരം പരാജയപ്പെടുന്നവരെയും മാറ്റി നിര്‍ത്തി മികവുള്ള സ്ഥാനാര്‍ത്ഥി പട്ടിക പുറത്തിറക്കണമെന്നതാണ് രാഹുല്‍ ഗാന്ധിയുടെ താല്‍പ്പര്യം. ഇക്കാര്യം സംസ്ഥാന ഘടകങ്ങളെ അറിയിച്ച് സമൂലമായ മാറ്റം കൊണ്ടുവരാന്‍ രാഹുല്‍ ഉദ്ദേശിക്കുന്നതായി ഹൈക്കമാന്റ് വൃത്തങ്ങള്‍ അറിയിച്ചു.
ലോക്സഭാ തിരഞ്ഞെടുപ്പിന് വളരെ മുന്‍പ് തന്നെ സ്ഥാനാര്‍ത്ഥി പട്ടിക പുറത്തിറക്കി പ്രവര്‍ത്തനം തുടങ്ങുന്ന തരത്തിലുള്ള ഇടപെടലാണ് രാഹുല്‍ ഉദ്ദേശിക്കുന്നതെന്നാണ് സൂചനകള്‍. നേതാക്കളെ സ്വാധീനിച്ച് സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഇടം പിടിക്കുന്ന ‘പരമ്ബരാഗത’ ശൈലി മാറ്റി വ്യത്യസ്ത മേഖലകളില്‍ കഴിവു തെളിയിച്ച പ്രമുഖരെയും യുവ-വനിതാ വിഭാഗങ്ങളെയും കൂടുതലായി പരിഗണിക്കാനാണ് ആലോചന.
അതേസമയം, കര്‍ണ്ണാടക നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം ദേശീയ തലത്തില്‍ കണ്‍വന്‍ഷന്‍ വിളിച്ചു ചേര്‍ക്കാനും ഹൈക്കമാന്റ് ആലോചിക്കുന്നുണ്ട്. പരമാവധി പ്രാദേശിക പാര്‍ട്ടികളുമായി സഹകരിച്ച് മുന്നാട്ട് പോകേണ്ടതിന്റെ ആവശ്യം ഇത്തവണ അനിവാര്യമായതിനാല്‍ ചര്‍ച്ചകള്‍ക്കായി മുതിര്‍ന്ന നേതാക്കളുടെ ഒരു സമിതിയെ തന്നെ നിയോഗിക്കും.
ഏറ്റവും അധികം എം.പിമാരെ തിരഞ്ഞെടുക്കുന്ന യു.പിയില്‍ വ്യത്യസ്ത ധ്രുവങ്ങളില്‍ നില്‍ക്കുന്ന സമാജ് വാദി പാര്‍ട്ടിയും ബി.എസ്.പിയും പരസ്പര ധാരണയില്‍ മത്സരിച്ചാല്‍ യു.പി തൂത്ത് വരാന്‍ കഴിയുമെന്നാണ് കോണ്‍ഗ്രസ്സ് നേതൃത്വത്തിന്റെ പ്രതീക്ഷ. ഇതിനായി രാഹുല്‍ ഗാന്ധി തന്നെ മുന്‍കൈ എടുക്കുമെന്നാണ് സൂചന.
ഗുജറാത്ത് ഭരണം പിടിക്കാന്‍ കഴിഞ്ഞില്ലങ്കിലും കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് വലിയ മുന്നേറ്റം ഉണ്ടാക്കാന്‍ കഴിഞ്ഞത് ലോക്സഭാ തിരഞ്ഞെടുപ്പിലും ഗുണം ചെയ്യുമെന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസ്സ്.
ബി.ജെ.പി ദീര്‍ഘകാലമായി ഭരിക്കുന്ന മധ്യപ്രദേശ്, രാജസ്ഥാന്‍ സംസ്ഥാനങ്ങളിലെ ജനവികാരം ഉപയോഗപ്പെടുത്തി രണ്ട് സംസ്ഥാനങ്ങളിലും മികച്ച പ്രകടനം കാഴ്ചവക്കാന്‍ പറ്റുമെന്ന പ്രതീക്ഷയും കോണ്‍ഗ്രസ്സിനുണ്ട്. നിയമസഭാ തിരഞ്ഞെടുപ്പില്‍ തന്നെ ഇവിടങ്ങളിലെ ഭരണം പിടിക്കാന്‍ കഴിയുമെന്നാണ് ഇരു പി.സി.സികളും ഹൈക്കമാന്റിന് നല്‍കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരിക്കുന്നത്.
മഹാരാഷ്ട്രയാണ് കോണ്‍ഗ്രസ്സ് പ്രതീക്ഷ പുലര്‍ത്തുന്ന മറ്റൊരു സംസ്ഥാനം. ശിവസേന-ബി.ജെ.പി ഭിന്നത ഇവിടെ കോണ്‍ഗ്രസ്സ് എന്‍.സി.പി സഖ്യത്തിന് ഗുണം ചെയ്യുമെന്നാണ് കണക്ക് കൂട്ടല്‍. അതുപോലെ, ബീഹാറില്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ അവസരവാദ നിലപാടിനതിരെ ലാലുവിന്റെ ആര്‍.ജെ.ഡിയുമായി ചേര്‍ന്ന് മത്സരിച്ചാല്‍ നേട്ടമുണ്ടാക്കാമെന്നാണ് പ്രതീക്ഷ.
കേരളത്തില്‍ നിന്നും കര്‍ണ്ണാടകയില്‍ നിന്നും കഴിഞ്ഞ തവണത്തെ പോലെ പരമാവധി സീറ്റുകള്‍ നേടിയെടുക്കാന്‍ കഴിയുമെന്ന ആത്മവിശ്വാസവും രാഹുല്‍ ഗാന്ധിക്കുണ്ട്. പഞ്ചാബില്‍ ലോക്സഭാ ഉപതിരഞ്ഞെടുപ്പില്‍ നേടിയ അട്ടിമറി വിജയത്തിന്റെ എഫക്‌ട് അവിടെ മാത്രമല്ല അയല്‍ സംസ്ഥാനമായ ഹരിയാനയിലേക്കും പടരുമെന്നാണ് നിഗമനം.
മോദി-തൊഗാഡിയ ഭിന്നത ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ബി.ജെ.പിക്ക് വലിയ വെല്ലുവിളിയാകുമെന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസ്സ് നേതൃത്വം. ഈ സംസ്ഥാനങ്ങള്‍ ഉള്‍പ്പെടെ മുഴുവന്‍ സംസ്ഥാനങ്ങളിലെയും തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കാന്‍ ഡല്‍ഹിയില്‍ വിദഗ്ധര്‍ അടങ്ങിയ ടീം രാഹുലിന്റെ നേതൃത്വത്തില്‍ പ്രത്യേക സംവിധാനവും ഇത്തവണ സജജമാക്കും.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്