വരാപ്പുഴ കസ്റ്റഡി മരണം : മൂന്ന് പൊലീസുകാര്‍ കസ്റ്റഡിയില്‍
കൊച്ചി : വരാപ്പുഴയില്‍ ശ്രീജിത്ത് പൊലീസ് കസ്റ്റഡിയില്‍ മര്‍ദനമേറ്റ് മരിച്ച സംഭവത്തില്‍ മൂന്ന് പൊലീസുകാരെ പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തു. റൂറല്‍ ടാസ്‌ക് ഫോഴ്‌സ് അംഗങ്ങളായ ജിതിന്‍, സുമേഷ്, സന്തോഷ് എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. ഇവരെ അന്വേഷണ സംഘം ചോദ്യം ചെയ്യുകയാണ്.
ഇന്നലെ വൈകീട്ടാണ് പ്രത്യേക അന്വേഷണസംഘം ഇവരെ കസ്റ്റഡിയിലെടുത്തത്. ഇവരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തിയേക്കുമെന്നാണ് സൂചന. ശ്രീജിത്തിനെ വീട്ടിലെത്തി കസ്റ്റഡിയിലെടുത്തത് ആര്‍ടിഎഫ് അംഗങ്ങളായ ഈ പൊലീസുകാരാണ്. ഇവര്‍ ശ്രീജിത്തിനെ വീട്ടില്‍ നിന്ന് ഇറക്കിയതുമുതല്‍ മര്‍ദിച്ചിരുന്നതായി ശ്രീജിത്തിന്റെ അമ്മയും സഹോദരനും അടക്കം ആരോപിച്ചിരുന്നു.
ശ്രീജിത്തിനെ വീടിന് സമീപത്തെ ജംഗ്ഷനിലേക്ക് വലിച്ചിഴച്ചും സംഘം മര്‍ദിച്ചിരുന്നു. ശ്രീജിത്തിന്റെ കുടുംബം ബഹളമുണ്ടാക്കിയതോടെയാണ് സംഘം ഇയാളെ പൊലീസ് സ്റ്റേഷനിലേക്ക് മാറ്റിയതെന്നും വീട്ടുകാര്‍ ആരോപിച്ചിരുന്നു. സംഭവത്തില്‍ ഈ മൂന്ന് പൊലീസുകാരെയും നേരത്തെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. ശ്രീജിത്തിന് സ്റ്റേഷനില്‍ എത്തുന്നതിന് മുമ്ബാണ് മര്‍ദനമേറ്റതെന്നാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെയും വിലയിരുത്തല്‍.
ശ്രീജിത്തിന്റെ ജനനേന്ദ്രിയത്തിന് കാര്യമായ ക്ഷതമേറ്റിരുന്നതായും, ചെറുകുടല്‍ മുറിഞ്ഞുപോകാവുന്ന അവസ്ഥയിലായിരുന്നെന്നും പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ക്രൈംബ്രാഞ്ച് ഐജി എസ് ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് കസ്റ്റഡി മരണം അന്വേഷിക്കുന്നത്.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്