വയനാട് മിച്ചഭൂമി- മുഖ്യമന്ത്രിയുടെ മറുപടി ഇങ്ങനെ.. വാര്‍ത്ത ബോധപൂര്‍വ്വം സൃഷ്ടിച്ചത്- റവന്യൂ മന്ത്രി
വയനാട് മിച്ചഭൂമി തട്ടിപ്പില്‍ മുഖ്യമന്ത്രി വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചു. പ്രതിപക്ഷം നല്‍കിയ അടിയന്തര പ്രമേയ നോട്ടീസിന് മറുപടി നല്‍കിയപ്പോഴാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ അന്വേഷണം പ്രഖ്യാപിച്ചത്. സര്‍ക്കാരിന് ഇക്കാര്യത്തില്‍ ഒന്നും മറയ്ക്കാനില്ല. അഴിമതി സര്‍ക്കാര്‍ വച്ചുപൊറുപ്പിക്കില്ല. സര്‍ക്കാര്‍ തലത്തിലോ മന്ത്രി തലത്തിലോ അഴിമതി നടന്നിട്ടില്ല. സര്‍ക്കാരില്‍ രണ്ടു തരം ഉദ്യോഗസ്ഥരുണ്ട്. അവരില്‍ ചിലര്‍ കൈക്കൂലിക്കാരാണ്. ഭൂരിപക്ഷവും നല്ലരീതിയില്‍ ജോലി ചെയ്യുന്നരാണെന്നും മുഖ്യമന്ത്രി സഭയില്‍ പറഞ്ഞു.
പ്രതിപക്ഷത്തുനിന്നും വി.ഡി സതീശനാണ് നിയമസഭയില്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. വിഷയം പരിഗണിക്കുന്നതിനെതിരെ സി.പി.ഐയിലെ സി.ദിവാകരന്‍ ക്രമപ്രശ്‌നം ഉന്നയിച്ചുവെങ്കിലും സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ അനുവദിച്ചില്ല. തുടര്‍ന്നാണ് അടിയന്തര പ്രമേയം ചര്‍ച്ചയ്‌ക്കെടുത്തത്.
എന്നാല്‍ ഏഷ്യാനെറ്റ് കൊണ്ടുവന്ന വാര്‍ത്തയ്ക്ക് പ്രത്യേക അജണ്ടയുണ്ടെന്ന് റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരന്‍ ആരോപിച്ചു. ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ബോധപൂര്‍വം ഉണ്ടാക്കിയ വാര്‍ത്തയാണിതെന്നും മന്ത്രി ആരോപിച്ചു.
ഭൂ മാഫിയക്കെതിരെ നടപടിയുണ്ടാകുമെന്നും കാശ് വാങ്ങിയെന്നു ദൃശ്യങ്ങളില്‍ കണ്ട ഡെപ്യുട്ടി കളക്ടറെ സസ്‌പെന്‍ഡ് ചെയ്തുവെന്നും സമഗ്ര അന്വേഷണം നടത്തുന്നുണ്ടെന്നും റവന്യൂമന്ത്രി സഭയെ അറിയിച്ചു. കുറ്റക്കാര്‍ ആരായാലും നടപടി ഉണ്ടാകും. സംഭവത്തെ രാഷ്ട്രീയമായി കാണരുതെന്നും റവന്യൂ മന്ത്രി പറഞ്ഞു.
തട്ടിപ്പുകാര്‍ക്ക് ചുവപ്പ് പരവതാനി വിരിക്കുന്ന ഏര്‍പാടാണ് എം എന്‍ സ്മാരകത്തില്‍ നടന്നതെന്നും വ്യാജ ആരോപണം എന്നു മന്ത്രി പറയാത്തതില്‍ സന്തോഷമുണ്ടെന്നും വി ഡി സതീശന്‍ പറഞ്ഞു. ആട്ടി ഇറക്കുന്നതിന് പകരം എല്ലാം ശരിയാക്കി കൊടുക്കാം എന്നാണ് സി പി ഐ ജില്ലാ സെക്രട്ടറി പറഞ്ഞത്. അതിനു ഭരിക്കുന്ന പാര്‍ട്ടിയുടെ ആളുകള്‍ കുട പിടിക്കുന്നുവെന്നും പ്രതിപക്ഷം ആരോപിച്ചു.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്