രാഹുല്‍ ഗാന്ധിയുടെ ഫെയ്‌സ്ബുക്ക് പേജില്‍ – കെ. സുധാകരനെയോ കെ. മുരളീധരനെയോ അടുത്ത കെപിസിസി പ്രസിഡന്റാക്കണം:
കേരളത്തില്‍ നേതൃമാറ്റ ആവശ്യം ശക്തമാക്കി അണികളും. കണ്ണൂരില്‍നിന്നുള്ള കോണ്‍ഗ്രസ് നേതാവ് കെ. സുധാകരനെയോ മുന്‍ കെപിസിസി അധ്യക്ഷന്‍ കൂടിയായ കെ. മുരളീധരനെയോ അടുത്ത അധ്യക്ഷനാക്കണമെന്ന് ആവശ്യപ്പെട്ട് രാഹുല്‍ ഗാന്ധിയുടെ ഫെയ്‌സ്ബുക്ക് പേജില്‍ കൂട്ടമായി അപേക്ഷ സമര്‍പ്പിക്കുകയാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. ഏറ്റവും അധികം ആളുകള്‍ ഉയര്‍ത്തുന്ന പേര് സുധാകരന്റെയും മുരളീധരന്റേയുമാണ്. വി.ഡി. സതീശന്‍, പി.ടി. തോമസ് ഉള്‍പ്പെടെയുള്ള നേതാക്കളുടെ പേരുകളും അപേക്ഷകളില്‍ ഉയര്‍ന്ന് കേള്‍ക്കുന്നുണ്ട്. വി.എം. സുധീരന്‍ കെപിസിസി അധ്യക്ഷസ്ഥാനം രാജിവെച്ചതിന് ശേഷമാണ് എം.എം. ഹസ്സന്‍ അധ്യക്ഷനായത്. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ അണികള്‍ക്ക് തന്നെ വലിയ അസംതൃപ്തി ഉണ്ടായിരുന്നു. കെ.എം. മാണിക്ക് രാജ്യസഭാ സീറ്റ് നല്‍കിയതിന് പിന്നാലെയാണ് ഹസനെതിരെയുള്ള പ്രതിഷേധങ്ങള്‍ പരസ്യമായി വന്നു തുടങ്ങിയത്. ഉമ്മന്‍ ചാണ്ടിയുടെയും രമേശ് ചെന്നിത്തലയുടെയും നിര്‍ദ്ദേശങ്ങള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കുന്ന പാവ മാത്രമാണ് ഹസ്സന്‍ എന്നാണ് പ്രവര്‍ത്തകര്‍ ഉന്നയിക്കുന്ന ആക്ഷേപം. അതേസമയം, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മുല്ലപ്പള്ളി രാമചന്ദ്രന്‍ കെപിസിസി അധ്യക്ഷനായേക്കുമെന്നാണ് സൂചന. ഇതിനെതിരെ ഇപ്പോള്‍ തന്നെ പ്രതിഷേധങ്ങള്‍ ശക്തമാണ്. മുല്ലപ്പള്ളിയെ അധ്യക്ഷനാക്കിയാല്‍ മുങ്ങിക്കൊണ്ടിരിക്കുന്ന കപ്പലില്‍ ഓട്ടയിടുന്നതിന് തുല്യമാണെന്നാണ് പ്രവര്‍ത്തകര്‍ അഭിപ്രായപ്പെടുന്നത്. നൂറു കണക്കിന് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് നേതൃമാറ്റം ആവശ്യപ്പെട്ട് ഫെയ്സ്ബുക്ക് പേജില്‍ പോസ്റ്റിടുന്നത്.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്