×

ബി.എസ്.പിയും എസ്.പിയും ഒന്നിച്ചാല്‍ മോദി-ഷാ-യോഗി മാജിക് ഏശില്ലെ; കാത്തിരിക്കുന്നത്‌ തോല്‍വിയോ

ഗൊരഖ്പുരും ഫൂല്‍പുരും വരുംദിനങ്ങളില്‍ ബി.ജെ.പിയുടെ ഉറക്കം കെടുത്തുമെന്നതില്‍ സംശയമില്ല. രാജസ്ഥാനിലെ തിരിച്ചടിക്ക് വസുന്ധര രാജെ സിന്ധ്യയുടെ തല്ലിപ്പൊളി ഭരണത്തെ കുറ്റം പറഞ്ഞ് രക്ഷപ്പെടാന്‍ ബി.ജെ.പിക്ക് പഴുതുണ്ടായിരുന്നു. പക്ഷെ, ഗൊരഖ്പൂരില്‍ ബി.ജെ.പിക്ക് അതിനാവില്ല. മോദിയുടെ പിന്‍ഗാമിയെന്നു വിശേഷിപ്പിക്കപ്പെടുന്ന യോഗി ആദിത്യനാഥ് എന്ന ബി.ജെ.പിയുടെ രാജകുമാരന്റെ സ്വന്തം മണ്ഡലമാണ് കൈവിട്ടു പോയിരിക്കുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ മൂന്നു ലക്ഷത്തിലേറെ വോട്ടുകളുടെ ഭൂരിപക്ഷത്തിന് യോഗി ജയിച്ച മണ്ഡലമാണിത്. ഈ സന്നിഗ്ദ്ധ ഘട്ടത്തില്‍ ഹിന്ദി ബെല്‍റ്റിലെ ഹൃദയഭൂമിയില്‍ രണ്ടു മണ്ഡലങ്ങള്‍ നഷ്ടപ്പെടുന്നുവെന്നതും ബിഹാറില്‍ ആര്‍.ജെ.ഡി. മണ്ഡലം നിലനിര്‍ത്തുന്നുവെന്നതും ഒരു ദുഃസ്വപ്നം പോലെയാവണം ബി.ജെ.പിക്കനുഭവപ്പെടുന്നത്.

2019-ല്‍ കേന്ദ്രഭരണം നിലനിര്‍ത്താനുള്ള ബി.ജെ.പിയുടെയും സംഘപരിവാറിന്റെയും ഗെയിംപ്ലാനില്‍ യു.പിയുടെ സ്ഥാനം നിര്‍ണ്ണായകമാണ്. കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പില്‍ യു.പിയിലെ 80 സീറ്റുകളില്‍ എഴുപത്തൊന്നും ബി.ജെ.പി നേടിയിരുന്നു. യുപിയിലെ ഗംഭീരപ്രകടനമാണ് പ്രഥമ മോദി സര്‍ക്കാരിന് അടിത്തറ തീര്‍ത്തത്. ഈ അടിത്തറ ഇളകുന്നതിന്റെ സൂചനകള്‍ ഗൊരഖ്പുരും ഫൂല്‍പുരും മുന്നോട്ടുവെയ്ക്കുമ്ബോള്‍ അതിനെ മറികടക്കാന്‍ ത്രിപുരയും നാഗലാന്റും മതിയാവില്ലെന്ന് മോദിക്കും അമിത്ഷായ്ക്കും ആരെങ്കിലും പറഞ്ഞു കൊടുക്കേണ്ടതായുണ്ടെന്ന് തോന്നുന്നില്ല.

വരുന്ന ലോക്സഭ തിരഞ്ഞെടുപ്പില്‍ കാര്യങ്ങള്‍ ബി.ജെ.പിക്ക് തീരെ എളുപ്പമല്ല എന്നു തന്നെയാണ് ഗൊരഖ്പുരും ഫൂല്‍പുരും അരാറിയയും വിളിച്ചുപറയുന്നത്. 2014-ല്‍ ഉത്തരേന്ത്യ ബി.ജെ.പി. മിക്കവാറും തൂത്തുവാരുകയായിരുന്നു. ഗുജറാത്തില്‍ 26 ലോക്സഭ സീറ്റില്‍ ഇരുപത്താറും രാജസ്ഥാനില്‍ ഇരുപത്തഞ്ചില്‍ ഇരുപത്തഞ്ചും മദ്ധ്യപ്രദേശില്‍ ഇരുപത്തൊമ്ബതില്‍ ഇരുപത്തേഴും ജാര്‍ഖണ്ഡില്‍ പതിനാലില്‍ പന്ത്രണ്ടും ഹിമാചലില്‍ നാലില്‍ നാലും ഉത്തരാഖണ്ഡില്‍ അഞ്ചില്‍ അഞ്ചും ഹരിയാനയില്‍ പത്തില്‍ ഏഴും ഡെല്‍ഹിയില്‍ ഏഴില്‍ ഏഴും ബി.ജെ.പി. കൊയ്തെടുത്തു. ഈ പ്രതലമാണ് ഇപ്പോള്‍ ഇളകിയാടുന്നത്. 31% വോട്ടാണ് കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് കിട്ടിയത്. ഈ സംസ്ഥാനങ്ങളിലെല്ലാം തന്നെ ബി.ജെ.പി. 2019-ല്‍ പിന്നാക്കം പോവാനുള്ള സാദ്ധ്യതയാണേറെയുള്ളത്.

യു.പിയില്‍ ബി.എസ്.പിയും എസ്.പിയും ഒന്നിച്ചാല്‍ മോദി-ഷാ-യോഗി മാജിക് ഏശില്ലെന്ന വ്യക്തമായ സൂചനയാണ് ഗൊരക്പുരും ഫൂല്‍പുരും തരുന്നത്. ബിഹാറില്‍ നിതീഷിനെ കൂട്ടുപിടിച്ചിട്ടും ആര്‍.ജെ.ഡിയുടെ കോട്ടകള്‍ ഇളക്കാനാവുന്നില്ലെന്നതും ബി.ജെ.പിയെ വിറളിപിടിപ്പിക്കും.

വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലും ദക്ഷിണേന്ത്യയിലും കൂടുതല്‍ സീറ്റുകള്‍ പിടിക്കുകയാണ് ഈ പ്രതിസന്ധിയില്‍നിന്നു കരകയാറാനുള്ള ഒരു വഴിയായി ബി.ജെ.പി. കാണുന്നത്. ത്രിപുര ഉള്‍പ്പെടെയുള്ള വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ അടുത്തിടെയുണ്ടായ തിരഞ്ഞെടുപ്പ് വിജയങ്ങള്‍ ബി.ജെ.പിയുടെ ആസൂത്രണ മികവ് തെളിയിക്കുകയും ചെയ്തു.

പക്ഷെ, ദക്ഷിണേന്ത്യ ബി.ജെ.പിക്ക് എളുപ്പമാവില്ല. തെലങ്കാനയില്‍ ചന്ദ്രശേഖര്‍ റാവുവിന്റെ കാരുണ്യത്തിലാണ് ബിജെപി. ആന്ധ്രയില്‍ ചന്ദ്രബാബുനായിഡു എന്‍.ഡി.എയില്‍നിന്ന് എപ്പോഴാണ് ഇറങ്ങിപ്പോവുന്നതെന്നു മാത്രമേ അറിയാനുള്ളൂ. കര്‍ണ്ണാടകയില്‍ സിദ്ധരാമയ്യയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ്സിനെ മറികടക്കുക ബി.ജെ.പിക്ക് കടുപ്പമാവും. തമിഴ്നാട്ടില്‍ എ.ഐ.എ.ഡി.എം.കെയെയും രജനികാന്തിനെയും മുന്‍നിര്‍ത്തി ഒരു കളികളിക്കാമെന്നാണ് ബി.ജെ.പി. കണക്കുകൂട്ടുന്നത്. ഈ കളി പക്ഷെ, ക്ലച്ചു പിടിക്കുന്ന കാര്യം സംശയമാണ്. കേരളത്തില്‍നിന്ന് മൂന്നു സീറ്റ് പിടിക്കുമെന്ന ബി.ജെ.പി. സംസ്ഥാന നേതൃത്വത്തിന്റെ അവകാശവാദം അമിത്ഷാ ഗൗരവപൂര്‍വ്വം കാണാനുള്ള സാദ്ധ്യത കുറവാണ്.

കൈയിലിരിക്കുന്നത് നഷ്ടപ്പെടുകയും ഉത്തരത്തിലുള്ളത് മരീചികയായി തുടരുകയും ചെയ്യുന്ന ദുരന്തമാണ് ബി.ജെ.പിയെ കാത്തിരിക്കുന്നതെന്ന വിലയിരുത്തലിന് കരുത്തു പകരുന്നതാണ് ബുധനാഴ്ചയിലെ ഉപതിരഞ്ഞെടുപ്പ് ഫലങ്ങള്‍. മൂന്നില്‍ രണ്ടു ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തുന്ന 2019-ലാണ് ബി.ജെ.പിയുടെയും സംഘപരിവാറിന്റെയും സ്വപ്നത്തിലുള്ള ‘കിണാശ്ശേരി’. എത്രയോ കാലമായി തങ്ങള്‍ വിഭാവനം ചെയ്യുന്ന കാര്യങ്ങള്‍ നടപ്പാക്കുന്നതിന് മൂന്നില്‍ രണ്ടു ഭൂരിപക്ഷം ബി.ജെ.പിക്ക് കൂടിയേ തീരൂ. ആര്‍.എസ്.എസ്സിന് നൂറ് വയസ്സ് തികയുന്ന 2025-ല്‍ ഇന്ത്യയുടെ ഭാഗധേയം നിര്‍ണ്ണയിക്കുന്ന ഏകശക്തിയായി അധികാരത്തിലുണ്ടാവുയെന്നത് ബി.ജെ.പിക്ക് ഏറെ പ്രിയപ്പെട്ട അജണ്ടയാണ്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top