×

ബാര്‍കോഴ: സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രിം കോടതി തള്ളി

ദില്ലി: ബാര്‍കോഴ കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി സുപ്രിം കോടതി തള്ളി. നാഷണലിസ്റ്റ് കേരളാ കോണ്‍ഗ്രസ് നേതാവ് നോബിള്‍ മാത്യു നല്‍കിയ ഹര്‍ജിയാണ് കോടതി തള്ളിയത്. കേസിന്റെ ഈ ഘട്ടത്തില്‍ ഇടപെടാനാകില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി കോടതി തള്ളിയത്. നിലവില്‍ ബാര്‍ കോഴ കേസ് അന്വേഷിക്കുന്നത് സംസ്ഥാന വിജിലിന്‍സാണ്. മാണിയെ പ്രോസിക്യൂട്ട് ചെയ്യാന്‍ വിജിലന്‍സിന് താത്പര്യം ഇല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നോബിള്‍ മാത്യു സിബിഐ അന്വേഷണം ആവശ്യപ്പെട്ടത്.

വിജിലന്‍സ് അന്വേഷണം പുരോഗമിക്കുന്ന സാഹചര്യത്തില്‍ കേസില്‍ ഇടപെടാനാകില്ലെന്നും റിപ്പോര്‍ട്ട് സമര്‍പ്പിച്ച ശേഷം പരാതിയുണ്ടെങ്കില്‍ ഉചിതമായ കോടതിയെ സമീപിക്കാമെന്നും സുപ്രിം കോടതി ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി. ജസ്റ്റിസുമാരായ രഞ്ജന്‍ ഗൊഗോയ്, ആര്‍ ഭാനുമതി എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി തള്ളിയത്.

അതേസമയം, ഹര്‍ജി തള്ളിയ കോടതി വിധിയില്‍ സന്തോഷമുണ്ടെന്ന് കെഎം മാണി പ്രതികരിച്ചു. വിധി ആശ്വാസകരമാണെന്നും മാണി പറഞ്ഞു.

കഴിഞ്ഞ ലോക്സഭാ തെരെഞ്ഞെടുപ്പില്‍ കോട്ടയം മണ്ഡലത്തില്‍ നിന്ന് എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി മത്സരിച്ച വ്യക്തിയാണ് നോബിള്‍ മാത്യു. നേരത്തെ ഇതേ ആവശ്യം ഉന്നയിച്ച്‌ നോബിള്‍ നല്‍കിയിരുന്ന ഹര്‍ജി ഹൈക്കോടതി തള്ളിയിരുന്നു. ബാര്‍ കോഴ കേസില്‍ തുടരന്വേഷണം നടക്കുന്നതിനാല്‍ ഈ ഘട്ടത്തില്‍ സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് വ്യക്തമാക്കിയാണ് നോബിള്‍ മാത്യുവിന്റെ ഹര്‍ജി ഹൈക്കോടതി തള്ളിയത്. ഇതേതുടര്‍ന്നാണ് നോബിള്‍ മാത്യു സുപ്രിംകോടതിയെ സമീപിച്ചത്.

കെഎം മാണി കേരള രാഷ്ട്രീയത്തിലെ പ്രധാനപ്പെട്ട നേതാവും, നാല് തവണ സംസ്ഥാനത്ത് മന്ത്രിയായിരുന്ന വ്യക്തിയുമാണ്. മാണിക്ക് എതിരെ സംസ്ഥാന ഏജന്‍സികള്‍ നടത്തുന്ന അന്വേഷണം നിഷ്പക്ഷമായിരിക്കില്ല. പൊതു ജനങ്ങള്‍ക്കിടയില്‍ അത് ഒരു വിശ്വാസ്യതയും ഉണ്ടാക്കില്ലെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ബാര്‍ കോഴ കേസില്‍ നടക്കുന്ന അന്വേഷണം അവസാനിപ്പിക്കാന്‍ ഒന്നില്‍ അധികം തവണ വിജിലന്‍സ് നീക്കം നടത്തിയതാണ്. എന്നാല്‍ കോടതികളുടെ ഫലപ്രദമായ ഇടപെടലുകള്‍ കാരണമാണ് കേസ് അന്വേഷണം അവസാനിപ്പിക്കാന്‍ വിജിലന്‍സിന് കഴിയാത്തതെന്നും ഹര്‍ജിയില്‍ വ്യക്തമാക്കിയിരുന്നു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top