ബല്‍റാമിനെ പിന്തുണച്ച സിവിക് ചന്ദ്രന്റെ ഫേസ്ബുക്ക് അക്കൗണ്ട് പൂട്ടിച്ചു
കോഴിക്കോട്: എ.കെ.ജിയെ അധിക്ഷേപിച്ച് രംഗത്തെത്തിയ കോണ്‍ഗ്രസ് നേതാവ് വി.ടി ബല്‍റാമിനെ പിന്തുണച്ച് രംഗത്തെത്തിയ സിവിക് ചന്ദ്രന്റെ ഫേസ്ബുക്ക് അക്കൗണ്ട് പൂട്ടിച്ചു. ബല്‍റാമിന്റെ കമന്റിനെച്ചൊല്ലി സോഷ്യല്‍മീഡിയയില്‍ ചര്‍ച്ച നടക്കുമ്പോഴായിരുന്നു സിവിക് തന്റെ അഭിപ്രായം ഫേസ്ബുക്കില്‍ കുറിച്ചത്.
പോസ്‌ററിട്ടത് മുതല്‍ തെറിവിളികളും ഭീഷണികോളുകളും ഉണ്ടായിരുന്നെന്നും ഇന്നു രാവിലെയാണ് അക്കൗണ്ട് ബ്ലോക്ക് ചെയ്യപ്പെട്ടതായി മെസേജ് വരുന്നതെന്നും സിവിക് ചന്ദ്രന്‍ പറഞ്ഞു. ‘ഇന്നു രാവിലെ ഫേസ്ബുക്ക് തുറന്നയുടനെയാണ് ബ്ലോക്ക് ചെയ്യപ്പെട്ടതായുള്ള അറിയിപ്പ് ലഭിക്കുന്നത്. ജനുവരി 14 വരെയാണ് ബ്ലോക്ക് ചെയ്തിരിക്കുന്നത്. വി.ടി വിഷയത്തില്‍ ഇടപെട്ടത് തന്നെയാണ് ഇതിനു കാരണമെന്നാണ് കരുതുന്നത്.’ അദ്ദേഹം പറഞ്ഞു.
കഴിഞ്ഞദിവസം പോസ്റ്റിട്ടപ്പോള്‍ മുതല്‍ തന്നെ കമന്റ് ബോക്‌സിലും ഇന്‍ബോക്‌സിലും നിരവധിപ്പേര്‍ തെറിവിളികളുമായെത്തിയിരുന്നെന്നും അദ്ദേഹം പറഞ്ഞു. ‘ബല്‍റാം വിഷയത്തില്‍ പോസ്റ്റ് ഇട്ടതിനു പിന്നാലെ നിരവധി പേര്‍ കമന്റ് ബോക്‌സിലും ഇന്‍ബോക്‌സിലും തെറിവിളിക്കുകയും ഭീഷണി സന്ദേശങ്ങള്‍ അയക്കുകയും ചെയ്തിരുന്നു. നിരവധി കോളുകളും ഇത്തരത്തില്‍ വന്നിരുന്നു. ഗള്‍ഫില്‍ നിന്നൊക്കെയായിരുന്നു ഫോണ്‍കോളുകള്‍ വന്നത്’ സിവിക് ഡൂള്‍ന്യൂസിനോട് പറഞ്ഞു.
ബല്‍റാമിന്റെ എ.കെ.ജി വിരുദ്ധ പരാമര്‍ശത്തിനെതിരെ കോണ്‍ഗ്രസ് നേതാക്കളില്‍ നിന്നും വിമര്‍ശനമുയരുമ്പോഴായിരുന്നു സിവിക് ബല്‍റാമിനെ പിന്തുണച്ച രംഗത്തെത്തിയത്. സി.പി.ഐ.എമ്മുകാര്‍ക്ക് ആരെക്കുറിച്ചും എന്തും പറയാം എന്ന കണ്ണൂര്‍ രാഷ്ട്രീയത്തില്‍ സഹികെട്ടാവാം ബല്‍റാം എ.കെ.ജിയെ കുറിച്ച് പരാമര്‍ശം നടത്തിയതെന്ന് സിവിക് ചന്ദ്രന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞിരുന്നു.
‘ഉമ്മന്‍ ചാണ്ടി മുതല്‍ ഗാന്ധി വരെയുള്ളവരെ കുറിച്ച് എന്ത് പുലയാട്ടും പറയാം, ഏത് ലൈംഗികാപവാദവും പ്രചരിപ്പിക്കാം. തിരിച്ച് കമാന്നൊരക്ഷരം മിണ്ടിപ്പോകരുത് -ഇത് സാംസ്‌കാരിക രംഗത്തെ കണ്ണൂര്‍ രാഷ്ട്രീയം. കൈ പിടിച്ച് കുലുക്കുമ്പോഴും നോട്ടം കുതികാലില്‍. ആത്മാഭിമാനമുള്ള ഏത് കോണ്‍ഗ്രസുകാരനേയും പോലെ സഹികെട്ടാവണം വി ടി ബലറാം എ.കെ.ജിയെ കുറിച്ച് പരാമര്‍ശിച്ചു പോയത്.’ സിവിക് ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്