പ്രതിപക്ഷ ബഹളത്തെ ചൊല്ലി മുത്തലാഖ് ബില്‍ ഇന്നും പാസാക്കാന്‍ സാധിച്ചില്ല
ന്യൂഡല്‍ഹി: മുത്തലാഖ് വിഷയത്തില്‍ പ്രക്ഷുബ്ധമായ രാജ്യസഭ ഇന്നത്തേക്കു പിരിഞ്ഞു. മുത്തലാഖ് ബില്‍ പരിഗണിക്കുന്നതിനിടെ ബില്‍ സെലക്‌ട് കമ്മീറ്റിക്ക് വിടണമെന്ന് ആവശ്യപ്പെട്ടു പ്രതിപക്ഷം സഭയില്‍ ബഹളമുണ്ടാക്കി. എന്നാല്‍ പ്രതിപക്ഷത്തിന്റെ ആവശ്യത്തെ ഭരണപക്ഷം ശക്തിയായി എതിര്‍ത്തു. ഇതോടെ ഇരുവിഭാഗവും തമ്മില്‍ സഭയില്‍ വാഗ്വാദവുമുണ്ടായി. ഒടുവില്‍ സഭ ഇന്നത്തേക്ക് പിരിയുന്നതായി പി.ജെ കുര്യന്‍ അറിയിക്കുകയായിരുന്നു
ബില്‍ സെലക്‌ട് കമ്മിറ്റിക്ക് വിടണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസും തൃണമൂല്‍ കോണ്‍ഗ്രസും പ്രമേയം അവതരിപ്പിച്ചതാണ് സഭയില്‍ ബഹളത്തിനിടയാക്കിയത്. കോണ്‍ഗ്രസ് നേതാവ് ആനന്ദ് ശര്‍മയാണ് ബില്‍ സെലക്‌ട് കമ്മിറ്റിക്ക് വിടണമെന്ന ആവശ്യം ഉന്നയിച്ചത്. അതേസമയം ബില്‍ വ്യാഴാഴ്ച രാജ്യസഭ വീണ്ടും പരിഗണിക്കും.
പ്രതിപക്ഷ ബഹളത്തിനിടയില്‍ രാജ്യസഭയില്‍ മുത്തലാഖ് നിരോധനബില്‍ അവതരിപ്പിച്ചു. മുത്തലാഖ് ബില്‍ സെലക്‌ട് കമ്മിറ്റിക്ക് വിടുന്നതിനെ ചൊല്ലി ഭരണ-പ്രതിപക്ഷ അംഗങ്ങള്‍ തമ്മില്‍ നടത്തിയ ബഹളത്തെ തുടര്‍ന്ന് സഭ ഇന്നത്തേക്ക് പിരിഞ്ഞു. ലോക്സഭയില്‍ മുത്തലാഖ് ബില്ലിനെ എതിര്‍ക്കാതിരുന്ന കോണ്‍ഗ്രസ് രാജ്യസഭയില്‍ എത്തിയപ്പോള്‍ മലക്കം മറിഞ്ഞുവെന്ന് കേന്ദ്രമന്ത്രിമാരായ അരുണ്‍ ജെയ്റ്റ്ലിയും രവിശങ്കര്‍ പ്രസാദും ആരോപിച്ചു. ബില്‍ സെലക്‌ട് കമ്മിറ്റിക്ക് വിടണമോ എന്ന വിഷയത്തില്‍ രാജ്യസഭ നാളെ തീരുമാനം എടുത്തേക്കും.
മഹാരാഷ്ട്രയിലെ മറാത്താ-ദലിത് കലാപം സംബന്ധിച്ച് ചര്‍ച്ച ആവശ്യപ്പെട്ട് ബിഎസ്പി അംഗങ്ങള്‍ ബഹളം വെയ്ക്കുന്നതിനിടയിലാണ് മുത്തലാഖ് ബില്‍ അവതരിപ്പിക്കാന്‍ അനുവദിക്കണമെന്ന് കേന്ദ്ര നിയമമന്ത്രി രവിശങ്കര്‍ പ്രസാദ് രാജ്യസഭയില്‍ ആവശ്യപ്പെട്ടത്. രാജ്യസഭാ ഡെപ്യൂട്ടി ചെയര്‍മാന്‍ പിജെ കുര്യന്‍ ബില്‍ അവതരിപ്പിക്കാന്‍ അനുമതി നല്‍കി. മുത്തലാഖ് നിരോധനനിയമം ലോക്സഭ പാസാക്കിയതിന് ശേഷവും മുത്തലാഖ് ചൊല്ലി വിവാഹ ബന്ധം ഒഴിഞ്ഞ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതായി രവിശങ്കര്‍ പ്രസാദ് ചൂണ്ടിക്കാട്ടി. ലോക്സഭയില്‍ മുത്തലാഖ് ബില്ലിനെ കോണ്‍ഗ്രസ് എതിര്‍ത്തില്ല. എന്നാല്‍ രാജ്യസഭയില്‍ എതിര്‍ക്കുകയാണ്. ഇത് രാഷ്ട്രീയലക്ഷ്യം വെച്ചുകൊണ്ടാണെന്നും രവിശങ്കര്‍ പ്രസാദ് ആരോപിച്ചു.
എന്നാല്‍ ബില്‍ രാജ്യസഭയുടെ സെലക്‌ട് കമ്മറ്റിക്ക് വിടണമെന്ന് ചൂണ്ടിക്കാട്ടി കോണ്‍ഗ്രസിലെ ആനന്ദ് ശര്‍മയും തൃണമൂല്‍ കോണ്‍ഗ്രസിലെ സുകേന്ദു ശേഖര്‍ റോയും പ്രമേയം അവതരിപ്പിച്ചു. സെലക്‌ട് കമ്മറ്റിയില്‍ ഉള്‍പ്പെടുത്തേണ്ട അംഗങ്ങളുടെ പട്ടികയും ആനന്ദ് ശര്‍മ പ്രമേയത്തില്‍ വ്യക്തമാക്കി. എന്നാല്‍ രണ്ട് പ്രമേയങ്ങളും നിലനില്‍ക്കില്ലെന്ന് സഭാ നേതാവ് അരുണ്‍ ജെയ്റ്റ്ലി ചൂണ്ടിക്കാട്ടി. മുത്തലാഖ് ആറുമാസത്തേക്കാണ് സുപ്രിം കോടതി നിരോധിച്ചതെന്നും അതിനാല്‍ നിയമം എത്രയും വേഗം പാസാക്കണമെന്നും ജെയ്റ്റ്ലി വാദിച്ചു.
ഇതേത്തുടര്‍ന്ന് പ്രമേയം വോട്ടിനിടണമെന്ന ആവശ്യം പ്രതിപക്ഷം ഉന്നയിച്ചു. എന്നാല്‍ പ്രമേയം വോട്ടിനിടാന്‍ ആകില്ലെന്ന നിലപാടില്‍ ട്രെഷറി ബെഞ്ചും ഉറച്ച് നിന്നു. കേന്ദ്രമന്ത്രിമാരായ പീയുഷ് ഗോയല്‍, സ്മൃതി ഇറാനി, നിര്‍മല സീതാരാമന്‍ എന്നിവര്‍ പോലും പ്രമേയം വോട്ടിനിടുന്നതിന് എതിരെ സഭയില്‍ എഴുന്നേറ്റ് നിന്ന് ബഹളം വച്ചു. ബഹളം നിയന്ത്രണാതീതം ആയതോടെ ഡെപ്യുട്ടി ചെയര്‍മാന്‍ രാജ്യസഭ ഇന്നത്തേക്ക് പിരിയുന്നതായി അറിയിച്ചു.
നാളെ വീണ്ടും മുത്തലാഖ് ബില്‍ രാജ്യസഭയുടെ പരിഗണനയ്ക്ക് വരും. ബില്‍ സെലക്‌ട് കമ്മിറ്റിക്ക് വിടണമോ എന്ന വിഷയത്തില്‍ രാജ്യസഭ നാളെ തീരുമാനം എടുത്തേക്കും എന്നാണ് സൂചന.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്