പൊലീസ് സേവനങ്ങള്‍ക്ക് ഇനി സ്റ്റേഷനില്‍ വരേണ്ട; ‘തുണ’ സിറ്റിസണ്‍ പോര്‍ട്ടല്‍
തിരുവനന്തപുരം: പൊതുജനങ്ങള്‍ക്ക് പൊലീസ് സ്റ്റേഷനുകളിലും മറ്റ് പൊലീസ് ഓഫീസുകളിലും നേരിട്ടെത്തുന്നതിനു പകരമായി വിവിധ സേവനങ്ങള്‍ ഓണ്‍ലൈനില്‍ ലഭ്യമാക്കുന്ന ‘തുണ’ സിറ്റിസണ്‍ പോര്‍ട്ടല്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. തുണ സിറ്റിസണ്‍ പോര്‍ട്ടലിലൂടെ ഏത് സ്‌റ്റേഷനിലേക്കും ഓണ്‍ലൈനായി പരാതി സമര്‍പ്പിക്കാം. www.thuna.keralapolice.gov.in ല്‍ രജിസ്റ്റര്‍ ചെയ്ത് ലോഗിന്‍ ചെയ്യണം. ഓണ്‍ലൈന്‍ പരാതിയുടെ തല്‍സ്ഥിതി അറിയാനും ഇതിലൂടെ സാധിക്കും.
പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളുടെ എഫ്‌ഐആര്‍ പകര്‍പ്പ് ഓണ്‍ലൈനില്‍ ലഭിക്കും. പൊലീസ് വെരിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റിനും ഓണ്‍ലൈനായി അപേക്ഷിക്കാം. കാണാതായ വ്യക്തികളുടെ പേരു വിവരം ലഭിക്കാനും കാണാതായവരെക്കുറിച്ചുള്ള വിവരങ്ങള്‍ ഓണ്‍ലൈനായി നല്‍കാനും തുണയില്‍ സംവിധാനമുണ്ട്.
സംശയകരമായി സാഹചര്യത്തില്‍ കാണപ്പെടുന്ന വസ്തുക്കള്‍, വ്യക്തികള്‍, സംഭവങ്ങള്‍, എന്നിവയെക്കുറിച്ച് പൊലീസിന് രഹസ്യവിവരങ്ങള്‍ നല്‍കാനും പോര്‍ട്ടല്‍ പ്രയോജനപ്പെടും. പ്രധാനപ്പെട്ട കോടതി ഉത്തരവുകള്‍, വിധികള്‍, പൊലീസ് മാന്വല്‍, സ്റ്റാന്റിങ് ഓര്‍ഡറുകള്‍, ക്രൈം ഇന്‍ ഇന്ത്യ എന്നിവയുടെ ഓണ്‍ലൈന്‍ ലൈബ്രറി എന്നിവയും സൈറ്റില്‍ ലഭിക്കും.
സമ്മേളനങ്ങള്‍, കലാപ്രകടനങ്ങള്‍, സമരങ്ങള്‍, ജാഥകള്‍, പ്രചരണ പരിപാടികള്‍ എന്നിവയ്ക്ക് പൊലീസിന്റെ അനുവാദത്തിനായി ഓണ്‍ലൈനായി അപേക്ഷിക്കാം. ഉച്ചഭാഷിണി പ്രവര്‍ത്തിപ്പിക്കാനുള്ള അപേക്ഷ ഓണ്‍ലൈനില്‍ സമര്‍പ്പിക്കാം. പൊലീസിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള അഭിപ്രായങ്ങളും നിര്‍ദേശങ്ങളും സമര്‍പ്പിക്കാം. എസ്.എം.എസ്, ഇ-മെയില്‍ എന്നിവ വഴി പൊതുജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശവും നല്‍കാന്‍ കഴിയും.
പോര്‍ട്ടല്‍ വഴി ലഭിക്കുന്ന പരാതികളും സേവനങ്ങള്‍ക്കുള്ള അപേക്ഷകളും സമയബന്ധിതമായി തീര്‍പ്പാക്കുക വഴി ഇതിന്റെ ഫലപ്രാപ്തി വര്‍ധിപ്പിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേരള പൊലീസിനെ സാങ്കേതികവിദ്യയില്‍ മുന്നിലെത്തിക്കുന്നതിനുള്ള പദ്ധതികളുടെ ഭാഗമാണ് ഈ സംവിധാനമെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്