×

പൊതുപണിമുടക്ക് ഇന്ന് അര്‍ധരാത്രി തുടങ്ങും; തൊഴിലാളികള്‍ക്ക് ഇത് ‘ജീവിതസമരം’

സ്ഥിരംതൊഴില്‍ ഇല്ലാതാക്കിയ കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിനെതിരെ കേരളത്തിലെ ട്രേഡ് യൂണിയന്‍ സംഘടനകള്‍ ആഹ്വാനം ചെയ്ത പണിമുടക്ക് ഇന്ന് അര്‍ധരാത്രി മുതല്‍ തുടങ്ങും. സ്ഥിരം തൊഴില്‍ എന്ന വ്യവസ്ഥ ഒഴിവാക്കി നിശ്ചിതകാല തൊഴില്‍ എന്ന രീതി നടപ്പാക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനം പിന്‍വലിക്കണമെന്നാവശ്യപ്പെട്ടാണ് കേരളത്തിലെ തൊഴിലാളികള്‍ ഏപ്രില്‍ 2 ന് പണിമുടക്കി പ്രതിഷേധിക്കുന്നത്.

ബിജെപി സര്‍ക്കാരിന്റെ കാടന്‍ തീരുമാനത്തിനെതിരെ ശക്തമായ പ്രതിഷേധം തൊഴിലാളികള്‍ ഒറ്റക്കെട്ടായി രേഖപ്പെടുത്തും. ഞായറാഴ്ച രാത്രി 12 മുതല്‍ തിങ്കളാഴ്ച രാത്രി 12 വരെയാണ് പണിമുടക്ക്. തൊഴിലെടുക്കുന്ന എല്ലാവരും പ്രക്ഷോഭത്തിന്റെ ഭാഗമാകും.

ബാങ്ക്, ഇന്‍ഷുറന്‍സ്, ബിഎസ്എന്‍എല്‍, കേന്ദ്രസംസ്ഥാന സര്‍ക്കാര്‍ സര്‍വീസ് ഉള്‍പ്പെടെ എല്ലാ ജീവനക്കാരും അധ്യാപകരും പണിമുടക്കും. ഓട്ടോടാക്‌സിട്രാന്‍സ്‌പോര്‍ട്ട് മേഖലകളും പണിമുടക്കില്‍ അണിചേരും. കടകമ്പോളങ്ങള്‍ അടച്ച് വ്യാപാരികളും സമരത്തിന്റെ ഭാഗമാകും. പ്ലാന്റേഷന്‍ മേഖല, വ്യവസായ മേഖല, ഐടി മേഖലയിലെ തൊഴിലാളികളും പണിമുടക്കില്‍ പങ്കാളികളാകും. പാല്‍, പത്രം, ആശുപത്രി, വിവാഹം, വിമാനത്താവളം എന്നിവയെ പണിമുടക്കില്‍നിന്ന് ഒഴിവാക്കി.

സിഐടിയു, ഐഎന്‍ടിയുസി, എഐടിയുസി, എസ്ടിയു, എച്ച്എംഎസ്, യുടിയുസി, എച്ച്എംകെപി, കെടിയുസി, കെടിയുസി എം, കെടിയുസി ജെ, ഐഎന്‍എല്‍സി, സേവ, ടിയുസിഐ, എഐസിടിയു, എന്‍എല്‍ഒ, ഐടിയുസി സംഘടനകള്‍ ഒരുമിച്ചാണ് പണിമുടക്കിന് ആഹ്വാനം നല്‍കിയത്. ബിഎംഎസ് നേതാക്കളും പണിമുടക്കിനോട് അനുഭാവം പ്രകടിപ്പിച്ചിട്ടുണ്ട്. എന്നാല്‍ പണിമുടക്കാനില്ലെന്ന് ബിഎംഎസ് സംസ്ഥാന നേതൃത്വം വ്യക്തമാക്കി. ഉന്നയിച്ചിരിക്കുന്ന കാര്യങ്ങളില്‍ മറ്റ് സംഘടനകളോട് അനുകൂലമായ നിലപാട് തന്നെയാണ് ബിഎംഎസിനും. തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ പഠിക്കാതെ തൊഴിലാളി സംഘടനകളോട് ആലോചിക്കാതെ മോദി സര്‍ക്കാര്‍ കൈക്കൊണ്ട തീരുമാനം അങ്ങേയറ്റം തൊഴിലാളി വിരുദ്ധവും എത്രയും വേഗം പിന്‍വലിക്കേണ്ടതുമാണെന്നും ബിഎംഎസ് വ്യക്തമാക്കി. ഇതു സംബന്ധിച്ച് കേന്ദ്ര ഗവണ്‍മെന്റിനും തൊഴില്‍ മന്ത്രാലയത്തിനും കത്ത് നല്‍കിയതായും ബിഎംഎസ് സംസ്ഥാന അധ്യക്ഷന്‍ വി രാധാകൃഷ്ണന്‍ സൗത്ത് ലൈവിനോട് പറഞ്ഞു.

പണിമുടക്കുന്ന തൊഴിലാളികള്‍ തിങ്കളാഴ്ച രാവിലെ ജില്ലാകേന്ദ്രങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ ഓഫീസുകളിലേക്ക് മാര്‍ച്ച് സംഘടിപ്പിക്കും. തിരുവനന്തപുരത്ത് രാജ്ഭവനിലേക്കാണ് മാര്‍ച്ച്. ഞായറാഴ്ച വൈകിട്ട് സംസ്ഥാനത്താകെ പ്രദേശികാടിസ്ഥാനത്തില്‍ പന്തംകൊളുത്തി പ്രകടനം നടത്തും. ദേശീയ അടിസ്ഥാനത്തില്‍ രാജ്യമൊട്ടാകെ പ്രതിഷേധം നടത്താനും ട്രേഡ് യൂണിയന്‍ സംഘടനകള്‍ തീരുമാനിച്ചിട്ടുണ്ട്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top