പുതിയ വിവാദത്തിലേക്ക് അംബേദ്‌കറുടെ പേര് മാറ്റി യോഗി സര്‍ക്കാര്‍
ലക്‌നൗ: ഭരണഘടനാ ശില്‍പ്പി ഡോ.ബി ആര്‍ അംബേദ്കറുടെ പേരില്‍ മാറ്റം വരുത്തി യുപി സര്‍ക്കാര്‍. ഡോ.ഭീംറാവു അംബേദ്കര്‍ എന്ന പേര് ഭീംറാവു റാംജി അംബേദ്കര്‍ എന്നാണ് മാറ്റിയത്. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആണ് ഇതുസംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയത്. പഴയതും പുതിയതുമായ എല്ലാ സര്‍ക്കാര്‍ രേഖകളിലും ഇതേ രീതി പിന്തുടരണമെന്നും സര്‍ക്കാര്‍ ഉത്തരവില്‍ ആവശ്യപ്പെട്ടു.
ഭരണഘടനയില്‍ അദ്ദേഹം ഒപ്പ് വച്ചിരിക്കുന്നത് ഭീംറാവു റാംജി അംബേദ്കര്‍ എന്നാണെന്ന് ചൂണ്ടിക്കാട്ടിയാണ് സര്‍ക്കാര്‍ നീക്കം. യുപി ഗവര്‍ണര്‍ റാം നായിക്കിന്റെ പരിശ്രമത്തിന്റെ ഫലമായാണ് പേര് മാറ്റമെന്നാണ് സൂചന. അംബേദ്കറുടെ പേരില്‍ മാറ്റം വരുത്തണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും മുഖ്യമന്ത്രി യോഗി ആദിത്യനാഥിനും കത്തയച്ചിരുന്നു. റാംജി എന്നത് അംബേദ്കറുടെ അച്ഛന്റെ പേരാണ്. മഹാരാഷ്ട്രയിലെ രീതിയനുസരിച്ച് അച്ഛന്റെ പേര് കൂടി ചേര്‍ത്താണ് ആണ്‍ മക്കള്‍ക്ക് പേരിടുക. ഹിന്ദി ഭാഷയില്‍ അംബേദ്കറുടെ പേര് എഴുതുന്ന രീതി മാറ്റണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചിരുന്നു.
അതേസമയം, തങ്ങള്‍ ദലിത് വിരുദ്ധരല്ലെന്ന് ജനങ്ങളെ കാണിക്കാന്‍ യോഗി ആദിത്യനാഥ് സര്‍ക്കാര്‍ നടത്തുന്ന നാടകമാണിതെന്ന് സമാജ്‌വാദി പാര്‍ട്ടി ആരോപിച്ചു. ബിഎസ്പി-എസ്പി സഖ്യത്തിന്റെ രൂപീകരണത്തില്‍ ബിജെപി സര്‍ക്കാര്‍ പരിഭ്രാന്തരാണ്. തോല്‍വി മനസിലാകുമ്പോള്‍ ഇത്തരത്തിലുള്ള പുതിയ വിവാദങ്ങളും കൊണ്ടുവരുന്നത് ബിജെപിയുടെ ശീലമാണെന്നും സമാജ്‌വാദി നേതാവ് സുനില്‍ സാജന്‍ ആരോപിച്ചു.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്