×

തന്റെ സാന്നിധ്യം അനാവശ്യ ചര്‍ച്ചകളും തടയും. പിണറായി വിജയനും ഇപ്പോഴത്തെ സിപിഎമ്മും- വിജയരാഘവന്റെ ലേഖനം വൈറലാകുന്നു

വിജയരാഘവന്‍ ചേലിയ

കേരളത്തിലെ സി പി എമ്മില്‍ ഇപ്പോള്‍ ഒരൊറ്റ അധികാര കേന്ദ്രമേയുള്ളൂ. അത് തീര്‍ച്ചയായും പിണറായി വിജയനാണ്. കരുത്തര്‍ക്കു പിന്നില്‍ അണിനിരക്കുക എന്നത് എളുപ്പവും സ്വാഭാവികയുമായതിനാല്‍ പാര്‍ട്ടി ഒന്നാകെ വി എസ്സിനെ കൈവിട്ടിരിക്കുന്നു. ഇടയ്ക്കും തലയ്ക്കും ഞാനിപ്പോഴുമുണ്ടേ എന്ന് ഓര്‍മ്മിപ്പിക്കാന്‍ ദുര്‍ബലമായ ശ്രമങ്ങള്‍ നടത്തുന്നുണ്ടെങ്കിലും കേരള രാഷ്ട്രീയത്തില്‍ ഇനി വി എസ്സിനു പ്രസക്തിയൊന്നുമില്ല. അതിനു കാരണം വാര്‍ദ്ധക്യം മാത്രമല്ല. പാലം കടന്നാല്‍ കൂരായണ എന്ന പക്ഷക്കാരനായതു കൊണ്ടു കൂടെയാണ്. ത്യാഗം സഹിച്ചും കൂടെ നിന്നവരെ ആവശ്യം കഴിഞ്ഞപ്പോള്‍ കറിവേപ്പില പോലെ ഉപേക്ഷിക്കുകയും നില കിട്ടാതെ ഉഴന്നപ്പോള്‍ സംരക്ഷിക്കാന്‍ ശ്രമിക്കാതിരിക്കയും ചെയ്ത വി എസ്സിനെ ആരു വിശ്വസിക്കും? പിണറായി ആളു വേറെയാണ്. ആശ്രിത വത്സലന്‍. സ്വന്തക്കാരെ സംരക്ഷിക്കാന്‍ ഏതറ്റം വരെയും പോകും, തനിക്കുമേലെ പോകാന്‍ ശ്രമിച്ചാല്‍ തല അരിയുകയും ചെയ്യുമെങ്കിലും. കുലംകുത്തികളോട് ഒരിക്കലും പൊറുക്കുകയുമില്ല. ആരെന്തു വിചാരിച്ചാലും ശരി, പാലം കുലുങ്ങിയാല്‍ പോലും കുലുങ്ങാത്ത കേളന്‍ തന്നെ.

ഒരുപക്ഷേ ഇ എം എസിനു ശേഷം ഭരണത്തിന്റേയും പാര്‍ട്ടിയുടേയും നേതൃത്വം ഒരാളിലേക്കു കേന്ദ്രീകരിക്കപ്പെടുന്നു എന്ന സവിശേഷത കൂടി ഇതില്‍ കാണാം. ഭരണവും സമരവും ഒരുമിച്ചു കൊണ്ടു പോകുന്നതിനെ കുറിച്ചും ബൂര്‍ഷ്വാ പാര്‍ലമെന്ററി വ്യവസ്ഥക്കകത്ത് ഒരു കമ്യൂണിസ്റ്റ് പാര്‍ട്ടി സര്‍ക്കാറിനുണ്ടാകുന്ന പരിമിതികളെ കുറിച്ചുമൊക്കെ വ്യാഖ്യാനിച്ച് ആളുകളെ വിശ്വസിപ്പിക്കാനുള്ള മിടുക്ക് ഇ എം എസിനുണ്ടായിരുന്നു. പിണറായിയുടെ ശൈലി മറ്റൊന്നാണ്. വെട്ടൊന്ന് തുണ്ടം രണ്ടെന്ന വടക്കന്‍ ശൈലി. സര്‍ക്കാറിനെ കുറിച്ച് വലിയ സ്വപ്‌നങ്ങളൊന്നും പറഞ്ഞു പരത്തണ്ടായെന്ന് ഈയിടെ തുറന്നു പ്രഖ്യാപിക്കാന്‍ അദ്ദേഹം ധൈര്യം കാണിച്ചു.

സഖാവേ, എല്ലാം ശരിയാക്കുമെന്ന് പറഞ്ഞില്ലായിരുന്നോ എന്ന് ഓര്‍മ്മിപ്പിക്കാന്‍ പാര്‍ട്ടിയില്‍ ഒരുവന്റേയും നാവു പൊങ്ങിയില്ല. സ്റ്റാലിനുശേഷം അയാള്‍ ചെയ്ത നിഷ്ഠൂരതകള്‍ എണ്ണിയെണ്ണി പറഞ്ഞ ക്രൂഷ്‌ച്ചേവിനോട് എന്നിട്ടെന്തേ അന്ന് നിങ്ങള്‍ ഒന്നും മിണ്ടിയില്ലെന്ന് ആരോ വിളിച്ചു ചോദിച്ച ഒരു സംഭവം കേട്ടിട്ടുണ്ട്. ഒരു നിമിഷത്തെ നിശ്ശബ്ദതക്കു ശേഷം ആരാണ് ചോദ്യകര്‍ത്താവെന്ന് ക്രൂഷ്‌ചേവ് ചോദിച്ചത്രേ. ഒരൊറ്റക്കുട്ടി പോലും അനങ്ങാത്തതിനെ ചൂണ്ടിക്കാട്ടി ക്രൂഷ്‌ച്ചേവ് പറഞ്ഞു, ‘ഞാന്‍ എന്തുകൊണ്ട് മിണ്ടിയില്ലെന്ന് മനസ്സിലായല്ലോ?’ പിണറായിയെ സ്റ്റാലിനോട് ഉപമിക്കുകയല്ല. ലെനിന്റെ കേന്ദ്രീകൃത ജനാധിപത്യമെന്നതിന്റെ പോയത്തരം സൂചിപ്പിക്കുക മാത്രമാണ്. അതാണല്ലോ കമ്യൂണിസ്റ്റുകാരുടെ ജനാധിപത്യ സങ്കല്‍പം. ഇതിനെ മറികടന്നത് ഗ്രൂപ്പിസത്തിലൂടെയായിരുന്നു. ഇപ്പോള്‍ അതും നാമാവശേഷമായിരിക്കുന്നു.

സ്വാതന്ത്ര്യമാണ് ജനാധിപത്യത്തിന്റെ ജീവനാഡി. ചോദിക്കാനും പറയാനുമുള്ള അവകാശമാണത്. രഹസ്യങ്ങള്‍ക്ക് അവിടെ സ്ഥാനമില്ല. മന്ത്രിസഭാ യോഗശേഷമുള്ള പതിവ് വാര്‍ത്താസമ്മേളനം ഉപേക്ഷിച്ചതും മാധ്യമ പ്രവര്‍ത്തകരോട് കടക്കൂ പുറത്തെന്ന് ആജ്ഞാപിച്ചതും ‘ഇതൊന്നും ജനങ്ങളറിയേണ്ട ഒരു കാര്യവുമില്ല, വേണ്ടതെല്ലാം അവര്‍ക്കു വേണ്ടി ഞങ്ങള്‍ ചെയ്തു കൊള്ളും’ എന്ന ഉത്തമ ബോധ്യത്തിന്റെ അടിസ്ഥാനത്തിലാകണം. എന്നാല്‍ ഇതു ജനാധിപത്യം അല്ലെന്നും ജനാധിപത്യം സദ്ഭരണത്തേക്കാള്‍ സ്വയംഭരണമെന്ന ആശയത്തിനു മുകളിലാണ് കെട്ടിപ്പടുക്കപ്പെട്ടതെന്നും ആരാണ് പിണറായിയോടു പറയുക?

പിണറായി ഒരു ബിംബമായി മാറിക്കൊണ്ടിരിക്കുന്നു. വിമര്‍ശകരോടും ചോദ്യം ചെയ്യുന്നവരോടും തലയൊന്ന് ആട്ടി അര്‍ദ്ധ മന്ദഹാസത്തോടെ ‘ഉം നമുക്ക് കാണാം, അല്ല കാണണം’ എന്ന് ഊന്നിപ്പറയുന്ന പിണറായിയുടെ ശൈലിയില്‍ എന്തൊരു ആവേശമാണ് അനുയായികള്‍ക്ക്! അവര്‍ പറയുന്നത്, ഇതാണ് ശരിക്കും ഒരു കമ്യൂണിസ്റ്റ് എന്നാണ്. ശരിക്കും ഒരു പച്ച മനുഷ്യനെന്നാണ്. പുറത്തുനിന്നു നോക്കുന്നവര്‍ക്ക് അതൊരു മാടമ്പിത്തരമായി തോന്നുകയും ചെയ്യും. അതായത് പിണറായിയില്‍ വിമര്‍ശകര്‍ ആരോപിക്കുന്ന കോട്ടങ്ങളാണ് അദ്ദേഹത്തിന്റെ മികവുകളായി പാര്‍ട്ടി വിശ്വാസികള്‍ കാണുന്നത്. എല്ലാം ഞാനറിഞ്ഞ് എന്നിലൂടെ മാത്രം എന്ന ശാഠ്യം ഒരു പാര്‍ലിമെന്ററി നേതാവിനു ഭൂഷണമല്ല. കാതലിനോടടുക്കുമ്പോള്‍ മോദി ഭക്തരും പിണറായി ഭക്തരും ഒരു പോലെയാണ്. രണ്ടു കൂട്ടരും പാടുന്നത് അവരുടെ വീരനായകന്റെ ഗാഥകളാണ്. പറഞ്ഞാല്‍ പറഞ്ഞത് ചെയ്യുന്ന ഈ ധീരര്‍ക്ക് അവരുടെ വികസന രഥചക്രങ്ങള്‍ക്കിടയില്‍ ചതഞ്ഞരഞ്ഞു പോകുന്നവരുടെ നേര്‍ത്ത നിലവിളികള്‍ കേള്‍ക്കാനുള്ള ഇന്ദ്രിയങ്ങളില്ല. പുതുവൈപ്പിനിലും എരഞ്ഞിമാവിലും കാണുന്നതും വിഴിഞ്ഞത്തും കാസര്‍ഗോടും കണ്ടതും അതാണ്.

ന്യായവിലയുടെ അമ്പതു ശതമാനം അടച്ചാല്‍ റഗുലറൈസ് ചെയ്യാമത്രെ! 25 ശതമാനമടച്ചാല്‍ മതിയെന്ന യുഡിഎഫിന്റെ തീരുമാനത്തെ നഖശിഖാന്തം എതിര്‍ത്തവരാണ്. ഇന്നത് 50 ശതമാനത്തിന് തീര്‍പ്പാക്കുന്നു. മാഫിയക്ക് 25 ശതമാനവും 50 ശതമാനവും തമ്മിലുള്ള വ്യത്യാസമൊന്നും വിഷയമല്ല. വിഷയം നെല്‍വയല്‍ സംരക്ഷിക്കുന്നതിനപ്പുറം സാമ്പത്തികമായി മാറ്റിയിരിക്കുന്നു.

അടുത്തുതന്നെ ജോയ്‌സ് ജോര്‍ജിനേയും തോമസ് ചാണ്ടിയേയും അന്‍വറിനേയും സംരക്ഷിക്കാനും പുതിയ നിയമം വരും. ഈ മനുഷ്യര്‍ക്കുവേണ്ടി സ്റ്റേറ്റിന്റെ നിയമ വ്യവസ്ഥയെ ആകെ അവഗണിക്കാന്‍ പിണറായിയെ പ്രേരിപ്പിച്ചതെന്താണ്? അവരോടുള്ള മൃദു സമീപനം പ്രതിഛായയെ ബാധിക്കുമെന്ന പേടി പോലും മുഖ്യമന്ത്രിക്ക് ഉണ്ടായില്ല. ഇതില്‍നിന്നും എന്താണ് മനസ്സിലാക്കേണ്ടത്? ഇസങ്ങള്‍ക്കപ്പുറം പ്രത്യക്ഷമല്ലാത്ത എന്തോ ചിലത് പ്രവര്‍ത്തിക്കുന്നു എന്നതല്ലേ?

സംവരണ കാര്യത്തിലും സാമ്പത്തിക മാനദണ്ഡങ്ങളാണ് പാര്‍ട്ടിയേയും സര്‍ക്കാറിനേയും നയിക്കുന്നത്. ദാരിദ്ര്യ നിര്‍മാജനത്തിന് വേണ്ടത് സാമ്പത്തിക പാക്കേജാണ്. ജാതി നിര്‍മാജനത്തിനു സാമൂഹ്യ അധികാര പാക്കേജും. സാമ്പത്തിക പാക്കേജിന് എല്ലാ സമുദായങ്ങളിലേയും ദരിദ്രര്‍ അര്‍ഹരാണ്. സാമൂഹ്യ പിന്നോക്കാവസ്ഥ പരിഹരിക്കാന്‍ ആദ്യം പിന്നോക്കക്കാരെ കണ്ടെത്തണം. അധികാരത്തിന്റെ എല്ലാ തലങ്ങളിലും അവരെ പ്രത്യേക പരിഗണന നല്‍കി എത്തിക്കണം. വര്‍ഗവും ജാതിയും തമ്മിലുള്ള വ്യത്യാസത്തെ ഇനിയും മനസ്സിലാക്കാന്‍ നമ്മുടെ സഖാക്കള്‍ക്ക് സാധിക്കുന്നില്ല. ഇതിനു മുഖ്യമായ കാരണം മാര്‍ക്‌സിയന്‍ തത്വചിന്തയാണെങ്കില്‍ മറ്റൊരു കാരണം പാര്‍ട്ടിയുടെ നേതൃത്വത്തിലെ മധ്യവര്‍ഗ ആധിക്യമാണ്. ബ്രാഞ്ച് തലം മുതല്‍ പോളിറ്റ് ബ്യൂറോ വരെ സവര്‍ണ-മധ്യവര്‍ഗ വിഭാഗത്തിലുള്ളവരാല്‍ നിറഞ്ഞിരിക്കുന്ന ഒരു പാര്‍ട്ടില്‍ നിന്ന് മറ്റൊന്നും പ്രതീക്ഷിക്കാനാവില്ല. സംവരണത്തിന്റെ വിഷയത്തില്‍ മാത്രമല്ല വികസന കാഴ്ചപ്പാടിലും ഈ മധ്യവര്‍ഗത്തിന്റെ ഉപഭോഗാസക്തിയുടെ സ്വാധീനമുണ്ട്. മെട്രോയും അതിവേഗ പാതയും ആണവ-ജല-താപ വൈദ്യുത പദ്ധതികളും വാതക പൈപ്പും വിഴിഞ്ഞം തുറമുഖവുമൊക്കെ അനിവാര്യമാകുന്നത് ഈ മധ്യവര്‍ഗത്തിനാണ്. ഇതു തന്നെയാണ് കോണ്‍ഗ്രസ്സിലും ബിജെപിയിലും സംഭവിക്കുന്നതും. വികസനത്തില്‍ രാഷ്ട്രീയമില്ലെന്ന് അവര്‍ മൂന്നു പേരും കൂടെ കോറസ്സു പോലെ പാടുന്നു. പിന്നെ ഇവര്‍ തമ്മില്‍ എന്താണ് വ്യത്യാസം?

ഈ ചോദ്യം ഉയരുന്നതിനിടെയാണ് പാര്‍ട്ടി സമ്മേളനങ്ങള്‍ നടക്കുന്നത്. പാര്‍ട്ടിയുടെ സ്വത്വം എന്തെന്ന്, പ്രസക്തിയെന്തെന്ന് അണികളെ, അനുഭാവികളെ ബോധ്യപ്പെടുത്തുകയെന്ന ദൗത്യമാണ് നേതൃത്വത്തിനു മുന്നിലുള്ളത്. മുഖ്യ ശത്രു കോണ്‍ഗ്രസ്സോ ബിജെപിയോ? സംശയമില്ല, അഖിലേന്ത്യാ തലത്തില്‍ ഇപ്പോള്‍ ബിജെപി തന്നെ. എങ്കില്‍ എന്താണ് പാര്‍ട്ടിക്കു മുന്നിലുള്ള മാര്‍ഗ്ഗം? ബി ജെ പി യെ തോല്‍പ്പിക്കുക. ആകെ തെരഞ്ഞെടുക്കപ്പെടുന്ന ലോക സഭാംഗങ്ങള്‍ 543. സിപിഎം ന് എന്തെങ്കിലും സാധ്യതയുള്ള സ്റ്റേറ്റുകള്‍ കേരളവും ത്രിപുരയും. രണ്ടിലും കൂടെ സീറ്റുകള്‍- 22 ഈ സ്റ്റേറ്റുകളിലെ മുഖ്യ പ്രതിപക്ഷം? കോണ്‍ഗ്രസ്സ്. അപ്പോള്‍ പിന്നെ ഭരണപക്ഷം ജയിച്ചാലും പ്രതിപക്ഷം ജയിച്ചാലും ബിജെപി ക്കെതിരെ അല്ലേ വോട്ടു ചെയ്യുക? അതെ, പക്ഷേ കോണ്‍ഗ്രസ്സ് ജയിച്ചാല്‍ ബിജെപി ക്കു വളരാനുള്ള രാഷ്ട്രീയ സാഹചര്യമുണ്ടാകും. പിന്നെ ബംഗാളില്‍ സംഭവിക്കുന്നത്? തൃണമൂല്‍ അധികാരത്തിലിരിക്കുന്നതു കൊണ്ടാണ് ബി ജെ പി വളരുന്നത്. അപ്പോള്‍ തൃണമൂലിനെ ഇറക്കാന്‍ എന്താണു ചെയ്യുക? യെച്ചൂരിക്ക് സംശയമില്ല. കോണ്‍ഗ്രസ്സുമായി സഹകരിക്കേണ്ടി വരും. രാജ്യ താത്പര്യത്തിന് അത് അനിവാര്യമാണ്.

പ്രകാശ് കാരാട്ടിനു സംശയമുണ്ട്. അത്തരമൊരു കൂട്ടുകെട്ട് കേരളത്തിലും ത്രിപുരയിലും പാര്‍ട്ടിയുടെ നിലനില്‍പിനു തന്നെ തടസ്സമാവും. പാര്‍ട്ടിയുടെ പ്രസക്തി ഇല്ലാതാക്കും. ഈയൊരു ധര്‍മ്മ സങ്കടത്തിലാണ് പാര്‍ട്ടി. അവശേഷിക്കുന്ന കേരളത്തിന്റേയും ത്രിപുരയുടേയും സാഹചര്യം മറന്ന് ഒരു രാഷ്ട്രീയ നിലപാട് സ്വീകരിക്കുന്നത് പാര്‍ട്ടിയെ സംബന്ധിച്ച് ആത്മഹത്യാപരമാണ്.
പാര്‍ട്ടി അണികള്‍ ആവേശത്തിലാണ്. നാടൊട്ടുക്ക് ചെങ്കൊടികള്‍ പാറിപ്പറക്കുന്നു. ഓരോ തെരുവിലും മനോഹരമായ സംഘാടക സമിതി ഓഫീസ് നിര്‍മ്മിച്ച് സഖാക്കള്‍ അവരുടെ സര്‍ഗാത്മകതയില്‍ ആത്മ സായൂജ്യം കൊള്ളുന്നു. വിനീത വിധേയരായ പാര്‍ട്ടി ബുദ്ധിജീവികള്‍ പുതിയ സംശയങ്ങള്‍ക്കിട നല്‍കാതെ ഓതിപ്പഠിച്ച മന്ത്രങ്ങള്‍ ശാശ്വത സത്യങ്ങള്‍ തന്നെയാണെന്ന് സെമിനാറുകള്‍ സംഘടിപ്പിച്ച് ബോധ്യപ്പെടുത്തുന്നു. പാര്‍ട്ടിക്കു വിധേയരല്ലാത്ത ഒരാളേയും സെമിനാറുകളിലേക്ക് വിളിച്ചതേയില്ല.

ചെങ്കടലായി ആര്‍ത്തിരമ്പിയ പൊതു സമ്മേളനങ്ങള്‍ ഓരോ പ്രവര്‍ത്തകന്റേയും രക്തധമനികളെ ചൂടു പിടിപ്പിച്ചതെത്ര എന്നറിയാന്‍ സോഷ്യല്‍ മീഡിയ നോക്കിയാല്‍ മതി. പോരാത്തതിന് കഥകളിലും കാര്‍ട്ടൂണിലും ഇപ്പോഴും ഉമ്മന്‍ചാണ്ടിയും സരിതയും ഇക്കിളി പകരുന്നു. പ്രസരിപ്പുള്ള കുഞ്ഞുങ്ങളെ കഥ പറഞ്ഞും പാട്ടു പാടിയും ഉറക്കാനൊത്തില്ലെങ്കില്‍ കുപ്പിപ്പാലില്‍ പുകയില ചേര്‍ത്തും മയക്കുകയാണ് പാര്‍ട്ടി. ഡി വൈ എഫ് ഐയും എസ് എഫ് ഐ യും മുമ്പേ തന്നെ അന്നന്ന് വാഴുവോരുടെ ഫാന്‍സ് അസോസിയേഷനുകളായി മാറിക്കഴിഞ്ഞു. നടക്കുന്നതും പ്രസംഗിക്കുന്നതും പോലും മറ്റുള്ളവരെ അനുകരിച്ച് സ്വയമില്ലാതായിത്തീര്‍ന്നിരിക്കുന്നു. പുരോഗമന കലാസാഹിത്യ സംഘത്തിന്റേയും ശാസ്ത്രസാഹിത്യ പരിഷത്തിന്റേയും കടിഞ്ഞാണ്‍ എ.കെ.ജി സെന്ററിലാണ്. ന്റുപ്പൂപ്പാക്കൊരാനണ്ടാര്‍ന്നു എന്ന് അവര്‍ പറഞ്ഞാശ്വസിക്കുന്നു.
ഇപ്പോഴും മലയാളത്തിന്റെ സാംസ്‌കാരിക രംഗത്ത് മറ്റേതു രാഷ്ട്രീയ പാര്‍ട്ടിയേക്കാളും സ്വാധീനം സി.പി.എമ്മിനുണ്ട്. അത് അവര്‍ അധ്വാനിച്ചു നേടിയതുമാണ്. പക്ഷേ, ഇന്ന് അവരില്‍ ചിലര്‍ സംശയാലുക്കളാണ്. അനുഭാവികള്‍ക്കിടയിലും പാര്‍ട്ടിയുടെ രാഷ്ട്രീയ പ്രസക്തിയെകുറിച്ച്, ഭാവിയെക്കുറിച്ച് ആശങ്കകളുണ്ട്. വിമത ശബ്ദങ്ങളെ മറികടന്ന് പാര്‍ട്ടിയെ മുഴുവനായും കയ്യിലൊതുക്കിയെങ്കിലും കേന്ദ്ര നേതൃത്വത്തെ സമ്മര്‍ദ്ദത്തിലാക്കി കോണ്‍ഗ്രസ്സിനോട് സഹകരിക്കുന്നതില്‍ നിന്നും വിലക്കിയതിന്റെ ‘ദേശീയ’രാഷ്ട്രീയം അണികളെ ബോധ്യപ്പെടുത്താന്‍ പാടുപെടുകയാണ് കേരള നേതാക്കള്‍.

പാര്‍ട്ടിയുടെ ജില്ലാ സമ്മേളനങ്ങളില്‍ മുഴുവന്‍ സമയ സാന്നിദ്ധ്യമാണ് മുഖ്യമന്ത്രി. മുമ്പൊരിക്കലും പാര്‍ട്ടി മുഖ്യമന്ത്രിമാര്‍ ജില്ലാ സമ്മേളനങ്ങളില്‍ മുഴുവന്‍ സമയ സാന്നിദ്ധ്യമായിട്ടില്ല. ഗ്ലാമര്‍ പ്രോഗ്രാമായ സ്‌കൂള്‍ കലോത്സവ ഉദ്ഘാടനത്തിനു പോലും അദ്ദേഹം പോയില്ല. പതിവ് അങ്ങനെ ആയിരുന്നില്ല. ഓഖിയെ തുടര്‍ന്ന് കടപ്പുറത്തെത്താത്തതില്‍ പഴി കേട്ട ആളാണ്. കടപ്പുറത്ത് വന്ന് ആളാവുന്നതിനേക്കാള്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളെ ഓഫീസിലിരുന്ന് കാര്യക്ഷമമാക്കുകയായിരുന്നു എന്നാണ് വിശദീകരിച്ചത്. അങ്ങനത്തെ ഒരാള്‍ ഭരണം പോലും മറന്ന് വിമാനത്തില്‍ പറന്നെത്തി പാര്‍ട്ടി സമ്മേളനത്തില്‍ ആദ്യവസാനം അടയിരിക്കുന്നത് എന്തുകൊണ്ടാകണം? തന്റെ സാന്നിദ്ധ്യം ‘അനാവശ്യ’ ചോദ്യങ്ങള്‍ ചര്‍ച്ചകള്‍ തടയുമെന്ന് അദ്ദേഹത്തിന് ഉറപ്പുണ്ട്.

പാര്‍ട്ടി അത്തരം ചോദ്യങ്ങളെ ഭയക്കുന്നു. താനില്ലെങ്കിലും ഏഷ്യയിലെ ഏറ്റവും വലിയ മാമാങ്കം നടക്കും, പക്ഷേ പാര്‍ട്ടിയുടെ കാര്യം അങ്ങനെയല്ല. ജീവനേക്കാള്‍ പാര്‍ട്ടിയാണ് അദ്ദേഹത്തിനു വലുതെന്ന് തെളിയിച്ചിരിക്കയാണെന്ന് ആരാധകര്‍ വിശദീകരിക്കുന്നു. അവരുടെ അനുഭവത്തില്‍ ഏതു പ്രളയത്തിലും പാര്‍ട്ടിയെ ഇളകാതെ നിര്‍ത്താന്‍ പിണറായിക്കേ കഴിയൂ. നടുക്കടലില്‍ പെട്ടിരിക്കുന്ന ലോക കമ്മ്യൂണിസത്തിന്റെ കപ്പലിനെ കാറ്റിലും കോളിലും നിന്ന് രക്ഷിക്കാന്‍ മറ്റാര്? ടി പി വധത്തെ തുടര്‍ന്നുണ്ടായ കൊടുങ്കാറ്റില്‍ പിടിച്ചു നിര്‍ത്തിയില്ലേ? ആ രക്തസാക്ഷിത്വത്തില്‍ നിന്നും ഉയര്‍ന്നുവന്ന ഒരു രാഷ്ട്രീയ പാര്‍ട്ടിയെ വേരു പിടിക്കാതാക്കിയില്ലേ? അതൊക്കെയും പിണറായിയുടെ കാര്‍ക്കശ്യത്തിലും കരുത്തിലുമാണ്!

വിമത ശബ്ദങ്ങളെപ്പോലെ പ്രതിപക്ഷത്തേയും ദുര്‍ബലപ്പെടുത്താന്‍ സിപിഎമ്മിനു കഴിയുന്നുണ്ട്. പ്രതിപക്ഷത്തെ രാഷ്ട്രീയ പാര്‍ട്ടികളോടുള്ള വിനിമയങ്ങളില്‍ പഴയ ശൈലി പാര്‍ട്ടി മാറ്റി. ഔദ്യോഗിക നേതൃത്വത്തോട് ഇടപെടുന്നതിനു പകരം ആ പാര്‍ട്ടികളില്‍ സ്വാധീനമുള്ള അധികാര മോഹമുള്ള അഴകിയ രാവണന്മാരെ പ്രീണിപ്പിക്കുകയാണ് പുതിയ നയം. കെ.എം.മാണിയോടും വീരേന്ദ്രകുമാറിനോടും പഴയതൊക്കെ മറന്നുള്ള ഇടപാടുകള്‍ അങ്ങനെയുണ്ടാകുന്നതാണ്. ഇവര്‍ക്കെതിരെ പാര്‍ട്ടി അണികള്‍ വിളിക്കാത്ത പുലയാട്ടില്ല. പക്ഷേ ഇരുളും മെല്ലെ വെളിച്ചമായ് വരുമെന്നപോലെ പതുക്കെപ്പതുക്കെ സ്വീകാര്യമാക്കിക്കൊണ്ടു വരികയാണ്. ഒരേ സമയം യുഡിഎഫിനെ ദുര്‍ബലപ്പെടുത്താനും എല്‍ ഡി എഫിലെ തന്നെ സി പി ഐയുടെ നെഗളിപ്പ് അവസാനിപ്പിക്കാനും മാതൃഭൂമിയുടെ ചൊറിച്ചില്‍ അവസാനിപ്പിക്കാനും, അതെ, ഒറ്റ വെടിക്ക് രണ്ടിലേറെ പക്ഷികള്‍. ഇപ്പോള്‍ തന്നെ കേരളത്തില്‍ ഒരു പ്രതിപക്ഷമില്ല. മാനിക്കപ്പെടേണ്ടതൊന്നും അവശേഷിച്ചിട്ടില്ലാത്തതിനാല്‍ പ്രതിപക്ഷ ബഹുമാനത്തിന്റെ പ്രശ്‌നം ഉദിക്കുന്നുമില്ല. സംസ്ഥാന രാഷ്ട്രീയം മാത്രം പരിഗണിക്കുമ്പോള്‍ ഇത് സിപിഎമ്മില്‍ വലിയ ആത്മവിശ്വാസം വളര്‍ത്തുന്നു. യഥാര്‍ത്ഥത്തില്‍ ഈ അമിത ആത്മവിശ്വാസമാണ് സിപിഎമ്മിന്റെ അഥവാ പിണറായിയുടെ ശത്രു. ചോദ്യം ചെയ്യാന്‍ വിമര്‍ശിക്കാന്‍ ആരുമില്ലാതെ പോയാല്‍ ഏതു ഭരണാധികാരിയും സ്വേഛാധിപതിയാകും. അവരുടെ പാര്‍ട്ടി സ്തുതിപാഠക സംഘമാകും. സ്റ്റാലിനും ഇന്ദിരയും കിംജോങ്ങ് ഉന്നും ഇങ്ങനെ രൂപപ്പെട്ടതാണ്.

പ്രതിപക്ഷമില്ലാതിരിക്കുമ്പോള്‍ ജനാധിപത്യ വാദിയായിരിക്കുന്നത് ഇത്തിരി ബുദ്ധിമുട്ടാണ്. അതിന് ആന്തരികമായ ധാര്‍മ്മിക പരിശീലനങ്ങള്‍ ആവശ്യമുണ്ട്. ചോദ്യം ചെയ്യപ്പെടാത്ത നേതാവായിരുന്ന കാലത്ത് ഗാന്ധിജി അനുഷ്ഠിച്ച ആത്മീയ ശുദ്ധീകരണത്തെ കുറിച്ച് വായിച്ചിട്ടുണ്ട്. ഓരോ ദിവസവും രാത്രിയില്‍ ഉറങ്ങുന്നതിനു മുമ്പ് അന്നു ചെയ്ത പ്രവൃത്തികളെ സ്‌കാന്‍ ചെയ്യുന്ന ഒരു പതിവ് ഗാന്ധിക്കുണ്ടായിരുന്നത്രേ. താനും തന്റെ വിമര്‍ശകനായ അപരനുമായുള്ള സംവാദങ്ങളിലൂടെ ശരി-തെറ്റുകളെ കണ്ടെത്തുകയും അടുത്ത ദിവസം ശരിയുടെ പക്ഷം ചേരുകയുമെന്നതായിരുന്നു ഗാന്ധിയന്‍ പ്രാക്‌സിസ്. ഇങ്ങനെ നിലപാടു സ്വീകരിക്കുന്നതു വഴി സ്ഥിരതയില്ലാത്തവന്‍, നിലപാടില്ലാത്തവന്‍ എന്നൊക്കെ ഗാന്ധിജി വിമര്‍ശിക്കപ്പെട്ടിട്ടുണ്ട്.

താന്‍ ഒരു സത്യാന്വേഷിയാണെന്നും അവസാനം പറഞ്ഞതാണ് ശരി എന്നുമായിരുന്നു ഗാന്ധിയുടെ എന്നത്തേയും നിലപാട്. പ്രതിപക്ഷം അകത്തും പുറത്തും ദുര്‍ബലപ്പെട്ട ഈ കാലത്ത് ഗാന്ധിയുടെ ആ ഉരകല്ല് സ്വീകരിക്കാന്‍ പിണറായിയോടും സിപിഎമ്മിനോടും അഭ്യര്‍ത്ഥിക്കുക മാത്രമേ നിവൃത്തിയുള്ളു. പ്രതീക്ഷയുണ്ടായിരുന്ന നവസാമൂഹ്യ പ്രസ്ഥാനങ്ങളും നിരവധിയായ ജനകീയ സമരങ്ങളും ദുര്‍ബലപ്പെട്ടു പോകുമ്പോള്‍ പ്രത്യേകിച്ചും.

പാഠഭേദം

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top