×

തൃശൂര്‍ പൂരം; സിപിഐ പാര്‍ട്ടി പൂരം ഒരു ദിവസത്തേക്ക്‌ മാറ്റി

തിരുവനന്തപുരം: കൊല്ലത്തു നടക്കാനിരിക്കുന്ന സിപിഐ പാര്‍ട്ടി കോണ്‍ഗ്രസ് ഒരു ദിവസം വെട്ടിക്കുറച്ചു. തൃശൂര്‍ പൂരം നടക്കുന്നതുകൊണ്ടാണ് സിപിഐയുടെ 23മത് പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഒരു ദിവസം വെട്ടിക്കുറച്ചിരിക്കുന്നത്! കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ ചേര്‍ന്ന കേന്ദ്ര സെക്രട്ടേറിയറ്റാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും പന്ന്യന്‍ രവീന്ദ്രനും ഇക്കാര്യം ചൂണ്ടിക്കാട്ടുകയായിരുന്നു.

പൂരദിനമായ ഏപ്രില്‍ 25നാണ് പാര്‍ട്ടി കോണ്‍ഗ്രസ് കൊടിയേറേണ്ടിയിരുന്നത്. ഇത് 26ലേക്ക് മാറ്റി. മുന്‍നിശ്ചയിച്ച പ്രകാരം 29ന് സമാപിക്കുകയും ചെയ്യും.

പൂരത്തിന്റെ പേരില്‍ പാര്‍ട്ടി കോണ്‍ഗ്രസ് സാങ്കേതികമായി മാറ്റിവെക്കേണ്ട കാര്യമില്ലെന്നത് ശരിയാണെന്ന് കേരളത്തില്‍ നിന്നുള്ളവര്‍ പറഞ്ഞു. പക്ഷേ, കേരളം ഒരേമനസ്സോടെ കാണുന്ന ആഘോഷമാണ് പൂരം.അന്നുതന്നെ പാര്‍ട്ടി കോണ്‍ഗ്രസ് തുടങ്ങുന്നതില്‍ അനൗചിത്യം ഉന്നയിക്കപ്പെട്ടേക്കാമെന്നാണ് കേരള നേതാക്കളുടെ വിലയിരുത്തല്‍.

രാജ്യത്തുതന്നെ സിപിഐയ്ക്ക് ഒരു എംപിയുള്ളത് തൃശൂരില്‍ നിന്നാണ്. സംസ്ഥാനത്ത് പാര്‍ട്ടിക്ക് ഏറ്റവും വേരോട്ടമുള്ള പ്രദേശവും തൃശൂരാണ്. ജില്ലയിലെ പ്രവര്‍ത്തകരുടെ വികാരം മാനിക്കണമെന്ന സംസ്ഥാന നേതൃത്വത്തിന്റെ അഭിപ്രായം കേന്ദ്ര സെക്രട്ടേറിയറ്റ് അംഗീകരിക്കുകയായിരുന്നു.

പുതിയ കാര്യപരിപാടി അനുസരിച്ച്‌ 26ന് രാവിലെ പ്രതിനിധി സമ്മേളനം ആരംഭിക്കും. മൂന്നാംദിവസം ചര്‍ച്ച.നാലാംദിവസം പുതിയ ദേശീയ കൗണ്‍സില്‍,നിര്‍വാഹക സമിതി,ജനറല്‍ സെക്രട്ടറി തരഞ്ഞെടുപ്പോടെ പാര്‍ട്ടി പൂരത്തിന് കൊടിയിറങ്ങും.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top