×

ജിഷ വധക്കേസില്‍ പുതിയ വെളിപ്പെടുത്തലുമായി യുവതി

കൊച്ചി: പെരുമ്ബാവൂര്‍ ജിഷ വധക്കേസില്‍ പുതിയ വെളിപ്പെടുത്തലുമായി യുവതി രംഗത്തെത്തിയിട്ടും മൗനം പാലിച്ച്‌ ജിഷയുടെ അമ്മയും സഹോദരിയും. പെരുമ്ബാവൂര്‍ സ്വദേശിനിയും ഓട്ടോറിക്ഷാ ഡ്രൈവറുമായ കെവി നിഷയാണ് വെളിപ്പെടുത്തല്‍ നടത്തിയത്. മകളെ കൊലപ്പെടുത്തിയ ആളെ കോടതി ശിക്ഷിച്ചെന്നും ഇനിയൊന്നും പറയാനില്ലെന്നുമാണ് ഇവരുടെ പക്ഷം. കൊല്ലപ്പെട്ട നിയമവിദ്യാര്‍ത്ഥിനിയായ ജിഷ ഒരു കൊലപാതകത്തിന്റെ ദൃക്സാക്ഷിയായിരുന്നുവെന്ന് നിഷ പറഞ്ഞിരുന്നു. ഇതുള്‍പ്പെടെയുള്ള ആരോപണങ്ങള്‍ക്ക് ജിഷയുമായി ബന്ധപ്പെട്ട ആരും മറുപടി നല്‍കില്ല.

ഒരു പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തുകൊലപ്പെടുത്തി പാറമടയിലേക്ക് വലിച്ചെറിയുന്നത് ജിഷ കണ്ടിരുന്നുവെന്നായിരുന്നു വെളിപ്പെടുത്തല്‍. ഇതിന് തെളിവുകള്‍ ശേഖരിക്കാനാണ് ജിഷ പെന്‍കാമറ വാങ്ങിയത്. ഇക്കാര്യം ജിഷയുടെ വീട്ടുകാര്‍ക്കും അറിയാമായിരുന്നു. എന്നാല്‍ പൊലീസിനോട് ഈ വിവരങ്ങളെല്ലാം അറിയിച്ചിരുന്നെങ്കിലും ഗൗരവത്തിലെടുത്തില്ലെന്നും നിഷ പറഞ്ഞു. ജിഷ വധക്കേസ് സിബിഐക്ക് കൈമാറണമെന്നും ഇതിനായി കോടതിയെ സമീപിക്കുമെന്നും നിഷ കൂട്ടിച്ചേര്‍ത്തു. ജിഷ വധക്കേസില്‍ പൊലീസ് പിടികൂടിയ അസം സ്വദേശി അമീറുല്‍ ഇസ് ലാമിന് കോടതി വധ ശിക്ഷ വിധിച്ചിരുന്നു.

ഈ സാഹചര്യത്തിലാണ് നിഷയുടെ വെളിപ്പെടുത്തലുകള്‍ ചര്‍ച്ചയാകുന്നത്. ഈ ആരോപണങ്ങള്‍ നിഷേധിക്കാനോ സമ്മതിക്കാനോ ജിഷയുടെ അമ്മ രാജേശ്വരി തയ്യാറല്ല. പെരുമ്ബാവൂരില്‍ ചില രാഷ്ട്രീയ ബന്ധങ്ങള്‍ള്ളവര്‍ക്ക് പാറമടകള്‍ ഉണ്ട്. അതുകൊണ്ട് തന്നെ പാറമടയിലേക്ക് വിരല്‍ ചൂണ്ടുന്ന വെളിപ്പെടുത്തലിന് പുതിയ തലവും നല്‍കുന്നു. ഈ രാഷ്ട്രീയക്കാരുടെ സമ്മര്‍ദ്ദത്തിന് വഴങ്ങിയാണ് ജിഷാ കൊലക്കേസിലെ തെളിവുകള്‍ നശിപ്പിക്കാന്‍ ആദ്യ ഘട്ടത്തില്‍ ശ്രമം നടന്നതെന്ന ആരോപണം അതീവ ശക്തമായിരുന്നു. എന്നാല്‍ അമീറുള്ളിനെ അറസ്റ്റ് ചെയത പൊലീസ് ഇത്തരം പ്രചരണങ്ങള്‍ അസ്ഥാനത്താക്കി.

കേസില്‍ വിചാരണ നടക്കുമ്ബോഴൊന്നും പാറമടയിലെ കൊല ആരും ഉയര്‍ത്തിയില്ല. എല്ലാം കഴിഞ്ഞപ്പോള്‍ നിഷ നടത്തിയ വെളിപ്പെടുത്തല്‍ സംശയകരമാണെന്ന് പൊലീസ് പറയുന്നു. അമീറുള്‍ ഇസ്ലാമിന്റെ വധ ശിക്ഷയ്ക്കെതിരെ പ്രതിഭാഗം ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കും. ഇതിനെ സ്വാധീനിക്കാനും അമീറുള്ളിനെ രക്ഷിക്കാനുമാണ് പുതിയ നീക്കമെന്നാണ് പൊലീസ് നല്‍കുന്ന സൂചന. പാറമടയിലെ കൊലയെ കുറിച്ച്‌ ആര്‍ക്കും ഒരു എത്തും പിടിയുമില്ല. അതുകൊണ്ട് തന്നെ പുകമറ സൃഷ്ടിക്കലാണ് ആരോപണമെന്നും പൊലീസ് വിലയിരുത്തുന്നു. ഹൈക്കോടതിയില്‍ അപ്പീല്‍ പരിഗണിക്കുമ്ബോള്‍ പരമാവധി ശിക്ഷ ഉറപ്പാക്കാന്‍ കരുതലോടെ തന്നെ പ്രോസിക്യൂഷന്‍ നീങ്ങും. പുതിയ വെളിപ്പെടുത്തല്‍ ഗൂഢാലോചനയുടെ ഭാഗമാണെന്ന് പൊലീസ് സംശയിക്കുന്നു. ഈ സാഹചര്യത്തില്‍ പുതിയ വെളിപ്പെടുത്തലിലെ സത്യം കണ്ടെത്താന്‍ പൊലീസ് രഹസ്യാന്വേഷണം തുടങ്ങിയിട്ടുണ്ട്.

വിചാരണക്കോടതിയില്‍ അമീറുള്ളിനെ രക്ഷിച്ചെടുക്കാന്‍ പല ഫോര്‍മുലകള്‍ പ്രതിഭാഗം അവതരിപ്പിച്ചിരുന്നു. അവര്‍ പോലും പറയാത്തതാണ് പുതിയ ആരോപണം. തുടക്കം മുതല്‍ തന്നെ ജിഷ എന്തിന് പെന്‍ക്യാമറ വാങ്ങിയെന്നത് ചര്‍ച്ചയായിരുന്നു. മകളുടെ സുരക്ഷയ്ക്കായാണ് വാങ്ങിയതെന്നായിരുന്നു രാജേശ്വരിയും സഹോദരിയും ദീപയും പറഞ്ഞിരുന്നത്. അത്രയും സുരക്ഷാ ആശങ്കയുടെ കാരണം പലരും ചികഞ്ഞെങ്കിലും ഒന്നും വ്യക്തമായില്ല. ഇതിനിടെയാണ് അമീറുള്ളിനെ പൊലീസ് നാടകീയമായി പിടികൂടിയത്. വിചാരണയില്‍ താനല്ലെ ജിഷയെ കൊന്നതെന്നായിരുന്നു അമീറുള്‍ ആവര്‍ത്തിച്ചത്.

ശാസ്ത്രീയ തെളിവുകളും പ്രോസിക്യൂഷന്‍ അനുകൂലമായിരുന്നു. ഇതോടെ അമീറുള്ളിന് കോടതി വധ ശിക്ഷ നല്‍കി. എന്നാല്‍ വിധിന്യായത്തില്‍ പഴുതുകള്‍ ഏറെയുണ്ടെന്ന വിലയിരുത്തല്‍ സജീവമായിരുന്നു. സൗമ്യ വധക്കേസില്‍ ഗോവിന്ദ ചാമിയെ സുപ്രീംകോടതി വധശിക്ഷയില്‍ നിന്ന് ഒഴിവാക്കിയിരുന്നു. ഗോവിന്ദചാമിയുടേയും അഭിഭാഷകന്‍ ആളൂരായിരുന്നു. അതുകൊണ്ട് തന്നെ സമാന രീതിയില്‍ അമീറുള്ളിനേയും ആളൂര്‍ മേല്‍കോടതിയില്‍ നിന്ന് രക്ഷിക്കുമെന്ന വിലയിരുത്തല്‍ സജീവമാണ്. ഇതിനിടെയാണ് പുതിയ വെളിപ്പെടുത്തലുമായി ഓട്ടോ ഡ്രൈവര്‍ എത്തുന്നത്. ജിഷയെ കൊലപ്പെടുത്തിയത് മൃഗീയമായ വിധത്തിലാണെന്ന് വിലയിരുത്തിയാണ് കോടതി അമീറുള്‍ ഇസ്ലാമിന് വധശിക്ഷ വിധിച്ചത്. അതേസമയം കോടതിയിലും താന്‍ കുറ്റക്കാരനല്ലെന്ന നിലപാടാണ് അമീറുള്‍ വ്യക്തമാക്കിയത്. എറണാകുളം പ്രിന്‍സിപ്പള്‍ സെഷന്‍സ് കോടതിയാണ് കേരളം ഉറ്റുനോക്കിയ കേസിലെ വിധിപ്രസ്താവം നടത്തിയത്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top