ചെങ്ങന്നൂര്‍; പി.എസ്. ശ്രീധരന്‍ പിള്ള ബിജെപി. സ്ഥാനാര്‍ത്ഥിയാകുമെന്ന് ഉറപ്പായി
പത്തനംതിട്ട: ചെങ്ങന്നൂര്‍ നിയമസഭാ മണ്ഡല ഉപതെരഞ്ഞെടുപ്പില്‍ ദേശീയ നിര്‍വാഹക സമിതിയംഗം പി.എസ്. ശ്രീധരന്‍ പിള്ള ബിജെപി. സ്ഥാനാര്‍ത്ഥിയാകുമെന്ന് ഉറപ്പായി. സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്റെ നേതൃത്വത്തില്‍ ഇന്നലെചേര്‍ന്ന ബിജെപി കോര്‍ കമ്മറ്റി യോഗത്തിലാണ് തീരുമാനം. ഇക്കാര്യം ശ്രീധരന്‍ പിള്ളയെ കുമ്മനം അറിയിച്ചു കഴിഞ്ഞു. കേന്ദ്ര നേതൃത്വത്തിന്റെ കണ്ണിലെ കരടാകാന്‍ താല്‍പ്പര്യമില്ലാത്തതിനാല്‍ ശ്രീധരന്‍ പിള്ള വീണ്ടും മത്സരത്തിനെത്തും. ഇതോടെ അതിശക്തമായ ത്രികോണപോരിന് ചെങ്ങന്നൂര്‍ വേദിയാകും. ഗ്രൂപ്പ് വ്യത്യാസങ്ങള്‍ മറന്നുള്ള പ്രചരണമാകും ബിജെപി നടത്തുക.
നെയ്യാറ്റിന്‍കര, അരുവിക്കര ഉപതെരഞ്ഞെടുപ്പിന് സമാനമായ തന്ത്രങ്ങള്‍ ചെങ്ങന്നൂരിലെ ബിജെപി ഒരുക്കും. കേന്ദ്ര മന്ത്രിയായ അല്‍ഫോന്‍സ് കണ്ണന്താനത്തിന് പ്രചരണത്തില്‍ പ്രധാന ചുമതല നല്‍കും. ക്രൈസ്തവ വോട്ടുകള്‍ പരമാവധി ബിജെപി പെട്ടിയിലാക്കാനാകും ശ്രമം. നേരത്തെ കുമ്മനത്തെ ചെങ്ങന്നൂരില്‍ സ്ഥാനാര്‍ത്ഥിയാക്കുന്നതാണ് നല്ലതെന്ന നിലപാടില്‍ ദേശീയ അധ്യക്ഷന്‍ അമിത് ഷാ എത്തിയിരുന്നു. എന്നാല്‍ ശ്രീധരന്‍ പിള്ളയെ മാറ്റിയാലുണ്ടാകുന്ന ചര്‍ച്ച ബിജെപിക്ക് തിരിച്ചടിയാകുമെന്ന് സംസ്ഥാന നേതൃത്വം അമിത് ഷായെ അറിയിച്ചു. തോല്‍വി ഭയന്ന് ശ്രീധരന്‍ പിള്ള പിന്മാറിയെന്ന ചര്‍ച്ചകള്‍ക്ക് ഇട നല്‍കരുത്. അതുകൊണ്ട് തന്നെ ചെങ്ങന്നൂരില്‍ ജനിച്ച് വളര്‍ന്ന ശ്രീധരന്‍ പിള്ളയെ അവിടെ മത്സരിപ്പിക്കണമെന്ന് കുമ്മനം ദേശീയ നേതൃത്വത്തോട് ആവശ്യപ്പെട്ടു. ഇത് അംഗീകരിക്കാനാണ് സാധ്യത.
നേരത്തെ മത്സരത്തിനില്ലെന്ന സൂചന ശ്രീധരന്‍ പിള്ള നല്‍കിയിരുന്നു. എന്നാല്‍ പാര്‍ട്ടി ഒറ്റക്കെട്ടായി നിലപാട് എടുത്തതിനാല്‍ പിന്മാറുന്നത് പാര്‍ട്ടിക്കുള്ളില്‍ പ്രശ്നമാകുമെന്ന് ശ്രീധരന്‍ പിള്ളയ്ക്ക് അറിയാം. പ്രധാനമന്ത്രി മോദിയുടെ അതൃപ്തിക്കും കാരണമാകും. അതുകൊണ്ട് തന്നെ മത്സരത്തിന് ശ്രീധരന്‍ പിള്ള തയ്യാറാണ്. വ്യക്തിപരമായ വോട്ടുകള്‍ക്കൊപ്പം ക്രൈസ്തവ സമൂഹത്തിന്റെ പിന്തുണ ഉണ്ടെങ്കില്‍ കാര്യങ്ങള്‍ ഗുണകരമാകുമെന്നാണ് പിള്ളയുടെ പക്ഷം. കണ്ണന്താനം ഫാക്ടര്‍ നിര്‍ണ്ണായകമാകും. കാഞ്ഞിരപ്പള്ളി ബിഷപ്പിന്റെ പിന്തുണയുണ്ടെങ്കില്‍ ഒരു കൈ നോക്കാമെന്നാണ് പിള്ളയുടേയും നിലപാട്. ഇക്കാര്യങ്ങളെല്ലാം കുമ്മനം നേരിട്ട് ഉറപ്പിക്കും. ശ്രീധരന്‍ പിള്ള മത്സരിച്ചാല്‍ എന്‍എസ്‌എസ് പിന്തുണയ്ക്കുമെന്നാണ് ബിജെപിയുടെ പ്രതീക്ഷ.
പ്രചരണത്തിന് ചുക്കാന്‍ പിടിക്കാനായി മുന്‍ സംസ്ഥാന അധ്യക്ഷന്‍ വി മുരളീധരനും ഉണ്ടാകും. നെയ്യാറ്റിന്‍കരിയില്‍ മുരളിയാണ് പ്രചരണത്തിന് നേതൃത്വം കൊടുത്തത്. അരുവിക്കരയിലെ ഉപതെരഞ്ഞെടുപ്പിലും ഈ തന്ത്രങ്ങള്‍ പാര്‍ട്ടി വന്‍ നേട്ടമുണ്ടാക്കി. ഈ സാഹചര്യത്തിലാണ് മുരളീധരനെ പ്രചരണ ചുമതല ഏല്‍പ്പിക്കുക. അതിനിടെ എന്‍.ഡി.എ. യോഗം വിളിക്കാതെയാണ് സ്ഥാനാര്‍ത്ഥിയെ ബിജെപി നിശ്ചയിക്കുന്നത്. കോര്‍ കമ്മറ്റിയില്‍ ഇതു ചോദ്യം ചെയ്തെങ്കിലും ബി.ഡി.ജെ.എസ്. അവകാശവാദമുന്നയിച്ചാല്‍ സീറ്റു വിട്ടുകൊടുക്കേണ്ടിവരുമെന്നും അതുകൊണ്ടാണു സ്വന്തം സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കുന്നതെന്നമാണ് സൂചന. ശ്രീധരന്‍പിള്ളയെ സ്ഥാനാര്‍ത്ഥിയാക്കാനുള്ള തീരുമാനം ദേശീയ അധ്യക്ഷന്‍ അമിത് ഷായെയും അറിയിച്ചിട്ടുണ്ട്.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്