ചീഫ് ജസ്റ്റിസിനെതിരായ ഇംപീച്ച്‌മെന്റ് നോട്ടീസ് രാജ്യസഭ തള്ളിയാല്‍ സുപ്രീംകോടതിയിലേക്ക്
ദില്ലി: സുപ്രീംകോടതി ചീഫ്ജസ്റ്റിസിനെതിരായ ഇംപീച്ച്‌മെന്റ് നോട്ടീസ് രാജ്യസഭാ അദ്ധ്യക്ഷന്‍ തള്ളിയാല്‍ സുപ്രീം കോടതിയെ സമീപിക്കാന്‍ പ്രതിപക്ഷ നേതാക്കള്‍ക്കിടയില്‍ ധാരണ. തൃണമൂല്‍ കോണ്‍ഗ്രസ് നിലപാട് നാളെ തീരുമാനിക്കുമെന്ന് പാര്‍ട്ടി നേതാക്കള്‍ വ്യക്തമാക്കി.
സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്‌ക്കെതിരെയുള്ള ഇംപീച്ച്‌മെന്റ് നോട്ടീസ് നാളെ നല്‍കാനാണ് പ്രതിപക്ഷ ധാരണ. രാവിലെ യോഗം ചേര്‍ന്ന ശേഷമേ ഇക്കാര്യത്തില്‍ അവസാന തീരുമാനമാകൂ. തൃണമൂല്‍ കോണ്‍ഗ്രസ് നോട്ടീസില്‍ ഒപ്പു വച്ചിട്ടില്ല. സമാജ് വാദി പാര്‍ട്ടിയും പിന്തുണച്ചിട്ടില്ല. ഇവരുടെ പിന്തുണ കൂടി കിട്ടാന്‍ കോണ്‍ഗ്രസ് ശ്രമിക്കുന്നുണ്ട്.
നാളെ തീരുമാനമെടുക്കുമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് വൃത്തങ്ങള്‍ അറിയിച്ചു. നോട്ടീസ് അംഗീകരിക്കാനും തള്ളാനും രാജ്യസഭാ അദ്ധ്യക്ഷന് വിവേചന അധികാരമുണ്ട്. നോട്ടീസ് തള്ളിയാല്‍ സുപ്രീം കോടതിയെ സമീപിക്കും എന്നാണ് പ്രതിപക്ഷ നേതാക്കള്‍ നല്‍കുന്ന സൂചന. ഭരണഘടനയുടെ 105ആം അനുച്ഛേദം പാര്‍ലമെന്റിന് നല്‍കുന്ന അവകാശങ്ങള്‍ ജുഡീഷ്യറിയുടെ ഇടപെടല്‍ നിയന്ത്രിക്കുന്നതാണ്.
എന്നാല്‍ ഇത് പാര്‍ലമെന്റ് നടപടി എന്നതിനെക്കാള്‍ ഭരണപരമായ വിഷയമാണെന്നാണ് പ്രതിപക്ഷ നേതാക്കള്‍ക്ക് കിട്ടിയിരിക്കുന്ന നിയമോപദേശം. സുപ്രീംകോടതിയില്‍ ഈ കേസ് എത്തിയാല്‍ ആര് ഇത് പരിഗണിക്കും എന്നത് പ്രധാനമാകും. ചീഫ് ജസ്റ്റിസിനെതിരായ നോട്ടീസ് ആയതിനാല്‍ അദ്ദേഹം മാറി നിന്ന് മറ്റൊരു ബഞ്ചിന് നല്‍കണം. കൊളീജിയത്തിലെ മറ്റു നാലുപേരും ചീഫ് ജസ്റ്റിസിനെതിരെ പരസ്യമായി രംഗത്തെത്തിയവരാണ്. ഫുള്‍കോര്‍ട്ട് ചേര്‍ന്ന് ഇക്കാര്യം പരിഗണിക്കണം എന്ന നിര്‍ദ്ദേശവും ഉയര്‍ന്നേക്കാം
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്