കേന്ദ്രം മടിച്ചുനില്‍ക്കുന്നതിനിടെ മാര്‍പാപ്പയെ കേരളത്തിലേക്കു ക്ഷണിച്ച് സംസ്ഥാന സര്‍ക്കാര്‍
തിരുവനന്തപുരം: ഫ്രാന്‍സിസ് മാര്‍പാപ്പയെ ഇന്ത്യയിലേക്കു ക്ഷണിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ മടികാണിക്കുകയാണെന്ന വാര്‍ത്തകള്‍ക്കിടെ പാപ്പയ്ക്കു കേരളം സന്ദര്‍ശിക്കാന്‍ സംസ്ഥാന സര്‍ക്കാരിന്റെ ക്ഷണം. മന്ത്രി കടകംപള്ളി സുരേന്ദ്രനാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ ക്ഷണക്കത്ത് മാര്‍പാപ്പയ്ക്കു കൈമാറിയത്.
വത്തിക്കാനില്‍ ഫ്രാന്‍സിസ് മാര്‍പാപ്പയെ സന്ദര്‍ശിച്ചതായി കടകംപള്ളി ഫെയ്സ്ബുക്ക് കുറിപ്പിലൂടെയാണ് അറിയിച്ചത്. അദ്ദേഹത്തിന്റെ പുരോഗമനപരമായ നിലപാടുകള്‍ എക്കാലത്തും തന്നെ ആകര്‍ഷിച്ചിരുന്നുവെന്ന് കടകംപള്ളി പറഞ്ഞു. നവോത്ഥാന കേരളത്തിന്റെ സ്നേഹസമ്മാനം അദ്ദേഹത്തിന് കൈമാറുകയും ചെയ്തു. സംസ്ഥാന സര്‍ക്കാരിന് വേണ്ടി അദ്ദേഹത്തെ കേരളത്തിലേക്ക് ക്ഷണിച്ച് കൊണ്ട് മുഖ്യമന്ത്രി പിണറായി വിജയന്റെ ക്ഷണക്കത്ത് കൈമാറി. ദൈവത്തിന്റെ സ്വന്തം നാട്ടിലേക്കുള്ള ക്ഷണത്തെ സ്നേഹപൂര്‍വ്വം സ്വീകരിക്കുകയും ഇന്നാട്ടിനെ കുറിച്ച് കൂടുതലറിയാന്‍ ആഗ്രഹം പങ്ക് വയ്ക്കുകയും ചെയ്തതായി കടകംപള്ളി കുറിപ്പില്‍ പറയുന്നു.
ഇന്ത്യ സന്ദര്‍ശിക്കാന്‍ മാര്‍പാപ്പ താത്പര്യം പ്രകടിപ്പിച്ചതായി നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു. കഴിഞ്ഞ നവംബറില്‍ മ്യാന്‍മര്‍, ബംഗ്ലദേശ് ഉള്‍പ്പെടെയുള്ള ദക്ഷിണേഷ്യന്‍ രാജ്യങ്ങളില്‍ മാര്‍പാപ്പ സന്ദര്‍ശനം നടത്തിയിരുന്നു. ഈ ഘട്ടത്തില്‍ അദ്ദേഹത്തെ ഇന്ത്യയിലേക്കു ക്ഷണിക്കണമെന്ന് വിവിധ ക്രൈസ്തവ സംഘടനകള്‍ ആവശ്യപ്പെടുകയും ചെയ്തു. ഈ ആവശ്യം കേന്ദ്ര സര്‍ക്കാര്‍ അവഗണിച്ചെന്ന് വിമര്‍ശനം ഉയര്‍ന്നിരുന്നു.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്