×

കെ.എസ്.ആര്‍.ടി.സി. പെന്‍ഷന്‍കാരില്‍ ചിലര്‍ സഹകരണബാങ്കുകളെ കബളിപ്പിച്ച്‌ ഇരട്ടിപെന്‍ഷന്‍ വാങ്ങി

രുവനന്തപുരം: കെ.എസ്.ആര്‍.ടി.സി. പെന്‍ഷന്‍കാരില്‍ ചിലര്‍ സഹകരണബാങ്കുകളെ കബളിപ്പിച്ച്‌ ഇരട്ടിപെന്‍ഷന്‍ വാങ്ങി. ഒന്നിലധികം സഹകരണബാങ്കുകളില്‍ അക്കൗണ്ട് തുടങ്ങി പെന്‍ഷന്‍ രേഖകള്‍ ഹാജരാക്കി കുടിശ്ശിക കൈപ്പറ്റുകയായിരുന്നു. ഒരാള്‍ ഒന്നിലധികംതവണ പെന്‍ഷന്‍ കുടിശ്ശിക വാങ്ങുന്നത് തടയാനുള്ള സംവിധാനം കെ.എസ്.ആര്‍.ടി.സി.ക്കോ സഹകരണബാങ്കുകള്‍ക്കോ ഉണ്ടായിരുന്നില്ല. മരിച്ചവരുടെ പേരിലും പെന്‍ഷന്‍ പിന്‍വലിച്ചിട്ടുണ്ട്. സര്‍ക്കാര്‍ രണ്ട് ഗഡുക്കളായി നല്‍കിയ 20,000 രൂപ വീണ്ടും വാങ്ങിയവരുമുണ്ട്.
30,090 പെന്‍ഷന്‍കാരാണുള്ളത്. ഇതില്‍ 500ഓളം അക്കൗണ്ടുകളില്‍ വിവിധ ക്രമക്കേട് നടന്നിട്ടുണ്ടെന്നാണ് പ്രാഥമിക നിഗമനം. പരിശോധന പൂര്‍ത്തിയായിട്ടില്ല. അധികതുക വാങ്ങിയവരില്‍നിന്ന് അത് തിരിച്ചുപിടിക്കുകയും ക്രമക്കേടിനുള്ള സാധ്യത ഒഴിവാക്കുകയും വേണം. ഇതിനുള്ള നടപടികള്‍ പുരോഗമിക്കുന്നതിനാലാണ് മാര്‍ച്ചിലെ പെന്‍ഷന്‍ വൈകുന്നത്.
പെന്‍ഷന്‍ നല്‍കാന്‍വേണ്ട 60 കോടി രൂപ സഹകരണ കണ്‍സോര്‍ഷ്യം ലീഡ് ബാങ്കിന്റെ കൈവശമുണ്ട്. എന്നാല്‍, പെന്‍ഷന്‍കാരുടെ പുതിയ പട്ടിക കെ.എസ്.ആര്‍.ടി.സി. നല്‍കിയിട്ടില്ല. നിലവിലുള്ളതുപ്രകാരം പെന്‍ഷന്‍ നല്‍കിയാല്‍ ഇനിയും ക്രമക്കേടിന് സാധ്യതയുണ്ട്.
പെന്‍ഷന്‍ നല്‍കാന്‍ മറ്റുമാര്‍ഗമില്ലാതെ വന്നപ്പോഴാണ് സഹകരണബാങ്ക് കണ്‍സോര്‍ഷ്യം വായ്പ നല്‍കിയത്. കെ.എസ്.ആര്‍.ടി.സി.ക്ക് വായ്പബാധ്യത ഏറ്റെടുക്കാന്‍ കഴിയാതെ വന്നപ്പോള്‍ സര്‍ക്കാര്‍ജാമ്യത്തില്‍ സഹകരണബാങ്കുകള്‍ നേരിട്ട് പെന്‍ഷന്‍ തുക നല്‍കുകയായിരുന്നു. 270 കോടി രൂപയാണ് ആദ്യഘട്ടത്തില്‍ നല്‍കിയത്.
സഹകരണബാങ്കുകളില്‍ അക്കൗണ്ട് തുടങ്ങി പെന്‍ഷന്‍ രേഖകള്‍ ഹാജരാക്കുന്നവര്‍ക്ക് ഫെബ്രുവരിവരെയുള്ള കുടിശ്ശിക നല്‍കാനായിരുന്നു തീരുമാനം. സൗകര്യപ്രദമായ ശാഖകളില്‍ അക്കൗണ്ട് തുടങ്ങാനും പെന്‍ഷന്‍കാരെ അനുവദിച്ചു. അക്കൗണ്ട് തുടങ്ങിയവര്‍ക്കെല്ലാം സഹകരണബാങ്കുകാര്‍ പണം നല്‍കി. ഇവര്‍ക്ക് മറ്റേതെങ്കിലും ശാഖയില്‍നിന്നും പെന്‍ഷന്‍ വാങ്ങിയിട്ടുണ്ടോ എന്ന് പരിശോധിക്കാനായില്ല. വിവിധ ബാങ്കുകള്‍ നല്‍കിയ തുകയും മൊത്തം പെന്‍ഷന്‍കുടിശ്ശികയും തമ്മില്‍ വ്യത്യാസമുണ്ടായപ്പോഴാണ് ക്രമക്കേട് വ്യക്തമായത്.
കെ.എസ്.ആര്‍.ടി.സി. ആദ്യം തയ്യാറാക്കിയ പട്ടികപ്രകാരമല്ല പെന്‍ഷന്‍ വിതരണംനടന്നത്. പെന്‍ഷന്‍കാരുടെ പട്ടികയും നല്‍കേണ്ട തുകയും കെ.എസ്.ആര്‍.ടി.സി. തയ്യാറാക്കിയിരുന്നു. ഇത് പ്രായോഗികമല്ലെന്ന് കണ്ടതോടെ, പെന്‍ഷന്‍കാരെ സൗകര്യപ്രദമായ ശാഖകളില്‍ അക്കൗണ്ട് തുടങ്ങാന്‍ അനുവദിക്കുകയായിരുന്നു. പണം നല്‍കിയശേഷം വിവരം കെ.എസ്.ആര്‍.ടി.സി.ക്ക് കൈമാറുകയാണ് ബാങ്കുകള്‍ ചെയ്തത്. ഈ ന്യൂനതയാണ് ചിലര്‍ മുതലെടുത്തത്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top