×

കാഷ് കൗണ്ടറില്ലാത്ത ഹോട്ടല്‍; നാടിന്റെ വിശപ്പകറ്റാന്‍ പുതുവഴി തുറന്ന് ആലപ്പുഴയിലെ സിപിഎം പ്രവര്‍ത്തകര്‍

ആലപ്പുഴ: വിശന്നപ്പോള്‍ അരി മോഷ്ടിച്ചെന്ന പേരില്‍ ഒരാളെ മര്‍ദിച്ചു കൊലപ്പെടുത്തിയ കെട്ട കാലത്ത് ആര്‍ക്കും വിശപ്പടക്കാവുന്ന മാതൃകാപരമായ സംവിധാനത്തിനു തുടക്കമിടുകയാണ് ആലപ്പുഴയിലെ സിപിഎം പ്രവര്‍ത്തകര്‍. കാഷ് കൗണ്ടറില്ലാത്ത ആദ്യത്തെ ഹോട്ടല്‍ എന്ന സങ്കല്‍പ്പം പ്രാവര്‍ത്തികമാക്കുകയാണ് ഇവര്‍.

ചേര്‍ത്തല പാതിരപ്പള്ളി വിവിഎസ്ഡി യുപിസ്കൂളിനു സമീപം മാര്‍ച്ച്‌ മൂന്നിനാണ് പോക്കറ്റിലേക്കു നോക്കാതെ തന്നെ ആര്‍ക്കും വിശപ്പടക്കാവുന്ന ഹോട്ടല്‍ തുറക്കുന്നത്. മന്ത്രി ടിഎം തോമസ് ഐസക്കിന്റെ നേതൃത്വത്തില്‍ സിപിഎം പാതിരപ്പള്ളി ലോക്കല്‍ കമ്മിറ്റി തുടങ്ങിയ സ്നേഹജാലകം പാലിയേറ്റീവ് കെയറിന്റെ പുതിയ സംരംഭമാണ് കാഷ് കൗണ്ടറില്ലാത്ത ഹോട്ടല്‍.

കാഷ് കൗണ്ടറിന്റെ സ്ഥാനത്തു ചെറിയൊരു വഞ്ചിപ്പെട്ടി മാത്രമാണ് ഇവിടെ ഉണ്ടാവുക. കഴിച്ച ഭക്ഷണത്തിന്റെ വിലയൊന്നും നോക്കേണ്ട, ഇഷ്ടമുള്ള തുക ഇതിലിടാം. കൈയില്‍ ഉള്ളതും കൊടുക്കാനുള്ള മനസും അനുസരിച്ച്‌ എത്ര വലിയ തുകയും ഇടാം, എത്ര ചെറുതാം ആവാം. ഇടാതിരുന്നാലും പ്രശ്നമില്ല. വഞ്ചിപ്പെട്ടിയിലെ പണം നാട്ടില്‍ ദുരിതമനുഭവിക്കുന്നവര്‍ക്കുള്ള സാന്ത്വനപരിചരണത്തിന് ഉപയോഗിക്കും. 1000 പേര്‍ക്കുള്ള ഭക്ഷണമാണ് ഓരോ ദിവസവും തയാറാക്കുന്നത്.

പാതിരപ്പള്ളിയിലെ ദുരിതമനുഭവിക്കുന്ന 40 കുടുംബങ്ങള്‍ക്ക് ഒരു വര്‍ഷമായി ഭക്ഷണം നല്‍കി വരുന്ന സ്നേഹജാലകം കൂടുതല്‍ പേര്‍ക്കു ഭക്ഷണം നല്‍കാനുള്ള മാര്‍ഗമായാണു കാഷ് കൗണ്ടറില്ലാത്ത ഭക്ഷണശാല തുടങ്ങുന്നത്. പ്രദേശത്തെ അയ്യായിരത്തിലേറെ വീടുകളില്‍ കുടുംബാംഗങ്ങളുടെ ജന്മദിനങ്ങളിലും മറ്റ് ആഘോഷങ്ങളിലും ആര്‍ഭാടങ്ങള്‍ വെട്ടിച്ചുരുക്കി സമാഹരിച്ച 20 ലക്ഷം രൂപയാണു ഭക്ഷണശാലയുടെ മൂലധനം. ഇതിനു പുറമേ, കെഎസ്‌എഫ്‌ഇയുടെ സിഎസ്‌ആര്‍ ഫണ്ടില്‍ നിന്നും തുക അനുവദിച്ചിരുന്നു.

മാര്‍ച്ച്‌ മൂന്നിന് ഉച്ചയ്ക്ക് എല്ലാവരും ഒരുമിച്ചിരുന്ന് ഊണുകഴിച്ചാണു ഹോട്ടലി്ന്റെ പ്രവര്‍ത്തനം തുടങ്ങുന്നത്. വിശക്കുന്ന വയറുമായി ആരും ഇതുവഴി കടന്നു പോകരുത്- ഇതാണ് സ്നേഹ ജാലകത്തിന്റെ ലക്ഷ്യംമെന്ന് സംഘാടകര്‍ പറയുന്നു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top