പാര്‍ട്ടി അറിയാതെ വിദേശത്ത് പിരിവ് നടത്തി; സിപിഐ പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ പറയുന്നത് ഇങ്ങനെ…. ചര്‍ച്ച നാളെ
മലപ്പുറം: അഴിമതിക്കാരേയും ജാതിപ്പാര്‍ട്ടികളെയും ഇടതുമുന്നണയില്‍ വേണ്ടെന്ന് സിപിഐ. മലപ്പുറത്ത് ആരംഭിച്ച പാര്‍ട്ടി സംസ്ഥാന സമ്മേളനത്തില്‍ അവതരിപ്പിച്ച രാഷ്ട്രീയ പ്രവര്‍ത്തന റിപ്പോര്‍ട്ടിലാണ് കേരളാ കോണ്‍ഗ്രസ് മാണി വിഭാഗം ഇടതുമുന്നണിയില്‍ ഉള്‍പ്പെടുത്താന്‍ നടത്തുന്ന നീക്കത്തെ പരോക്ഷമായി സൂചിപ്പിച്ചുകൊണ്ടാണ് ഈ പരാമര്‍ശം റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനാണ് പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചത്.
മുന്‍പ് കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം ഇടതുമുന്നണയിലുണ്ടായിരുന്നപ്പോഴും ന്യൂനപക്ഷ വോട്ട് അധികമായി മുന്നണിക്ക് കിട്ടിയിട്ടില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. മാണിയെ മുന്നണിയില്‍ ചേര്‍ക്കുന്നതു ക്രിസ്ത്യന്‍ ന്യൂനപക്ഷത്തെ മുന്നണിയിലേക്ക് അടുപ്പിക്കാന്‍ സഹായിക്കുമെന്ന സിപിഐഎമ്മിന്റെ നിലപാടിനോട് എതിര്‍ത്തുകൊണ്ടാണ് ഈ പരാമര്‍ശം റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയത്.
: സിപിഐ പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ കെ.ഇ.ഇസ്മയിലിനെതിരെ രൂക്ഷവിമര്‍ശനം. പാര്‍ട്ടി അറിയാതെ വിദേശത്ത് പിരിവ് നടത്തിയെന്ന ആരോപണമാണ് റിപ്പോര്‍ട്ടിലുള്ളത്. നേതാക്കള്‍ക്ക് നിരക്കാത്തവിധം ആഡംബര ഹോട്ടലില്‍ താമസിച്ചു. വസ്തുതകള്‍ വിശദീകരിക്കാന്‍ പോലും ഇസ്മയില്‍ തയ്യാറായില്ലെന്നും പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ വിമര്‍ശനമുണ്ട്.
സിപിഎമ്മിനെതിരേയും പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ വിമര്‍ശനമുണ്ട്. ഇടതുമുന്നണിയില്‍ എല്ലാവരും തുല്യരാണ്. ഏകപക്ഷീയമായ തീരുമാനം മുന്നണിയെ ദുര്‍ബലപ്പെടുത്തും. ആരും ആരുടെയും മുകളിലല്ല. മുന്നണിയുടെ കെട്ടുറപ്പ് വലിയ പാര്‍ട്ടിയുടെ ചുമതലയാണെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.
ഇടതുമുന്നണിയെ കെട്ടുറപ്പോടെ കൊണ്ടുപോകേണ്ട ചുമതല മുന്നണിയിലെ എല്ലാകക്ഷികള്‍ക്കുമുണ്ട്. മുന്നണിയില്‍ ചെറിയവരോ വലിയവരോ ഇല്ല. എല്ലാവരെയും സമന്മാരായി കാണുകയാണ് വേണ്ടതെന്നും സിപിഐഎമ്മിനെ ലക്ഷ്യമിട്ട് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇടതുപക്ഷ സ്വഭാവമുള്ള പാര്‍ട്ടികള്‍ ഇടതുമുന്നണിയില്‍ നിന്ന് വിട്ടുപോയത് ഗൗരവത്തോടെ കാണേണ്ടതാണെന്ന് ലോക്സഭാ സീറ്റുകള്‍ പിടിച്ചെടുത്തതിനാല്‍ ആര്‍എസ്പിയും ജനതാദളും ഇടതുമുന്നണി വിട്ടത് സൂചിപ്പിച്ചുകൊണ്ട് പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ പറയുന്നു. ഇവരെ മുന്നണിയില്‍ തിരിച്ചുകൊണ്ടുവരണമെന്ന പാര്‍ട്ടി നിലപാട് കൊല്ലത്ത് നടന്ന കഴിഞ്ഞ പാര്‍ട്ടി സംസ്ഥാന സമ്മേളനത്തില്‍ തന്നെ സിപിഐ ചൂണ്ടിക്കാട്ടിയതാണെന്ന് പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
മലപ്പുറത്തെ ഇ ചന്ദ്രശേഖരന്‍ നായര്‍ നഗറില്‍ സിപിഐ കേന്ദ്രകണ്‍ട്രോള്‍ കമ്മീഷന്‍ അംഗം സിഎ കുര്യന്‍ പതാക ഉയര്‍ത്തിയതോടെയാണ് സിപിഐ സംസ്ഥാന സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനത്തിന് തുടക്കമായത്. സംഘപരിവാര്‍ ശക്തികളെ നേരിടാന്‍ രാജ്യത്ത് വിശാലമായ പൊതുവേദി രൂപപ്പെടണമെന്ന് സമ്മേളനം ഉദ് ഘാടനം ചെയ്ത് കൊണ്ട് ദേശീയ ജനറല്‍ സെക്രട്ടറി എസ് സുധാകര്‍ റെഡ്ഡി പറഞ്ഞു. എന്നാല്‍ ഇത് തെരെഞ്ഞെടുപ്പ് തന്ത്രമായി കാണരുത്. ഓരോ സംസ്ഥാനത്തേയും രാഷ്ട്രീയ സാഹചര്യം നോക്കി മാത്രമെ തെരെഞ്ഞെടുപ്പ് കൂട്ടുകെട്ടുകള്‍ പാടുള്ളൂ എന്നും സുധാകര്‍ റെഡ്ഡി ഓര്‍മിപ്പിച്ചു.
കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ഇടത്പക്ഷം നടത്തിയ ബാര്‍ കോഴ പ്രക്ഷോഭവും അതിലൂടെ അഴിമതി വിരുദ്ധ മതനിരപേക്ഷ കക്ഷികള്‍ ഭരണത്തിലേറിയതുമാണ് സിപിഐ സമ്മേളനത്തിലെ പ്രധാന ചര്‍ച്ച വിഷയം. ബാര്‍ കോഴയില്‍ മുങ്ങി മുഖം വികൃതമായ കെഎം മാണിയെ താത്കാലിക ലാഭത്തിന് വേണ്ടി കൂടെ കൂട്ടിയാല്‍ ഇടത് രാഷ്ട്രീയം ദുര്‍ബലമാകും എന്നതാണ് സമ്മേളത്തിലൂടെ സിപിഐ അടിവരയിടാന്‍ പോകുന്നത്. അതിലൂടെ അഴിമതിക്കാരേയും ജാതി-മത പാര്‍ട്ടികളെയും ഇടത് മുന്നണിക്ക് വേണ്ടെന്ന് സിപിഐ തീര്‍ത്ത് പറയും.
സംസ്ഥാന ഭരണത്തിന്റെ വിലയിരുത്തലാകും മറ്റൊരു അജണ്ട. തുടക്കത്തില്‍ മുഴുവന്‍ മാര്‍ക്ക് വാങ്ങിയ മന്ത്രിസഭക്ക് ഇപ്പോള്‍ പാസാകാനുള്ള മാര്‍ക്ക് കിട്ടാത്തത് എന്ത് കൊണ്ടെന്ന് സമ്മേളനം പറയും. ജനകീയ പ്രശ്നങ്ങളില്‍ ഇടപെടുന്നതിലുള്ള മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടെയും മെല്ലെപ്പോക്ക് സജീവ ചര്‍ച്ചയാകും. ഇതില്‍ സിപിഐ മന്ത്രിമാര്‍ക്കുമുണ്ടാകും പേരെടുത്ത് വിമര്‍ശനം. ഒരു മുന്നണി എന്ന നിലയില്‍ സിപിഐയെ തഴഞ്ഞ് സിപിഐഎം എടുക്കുന്ന ഒറ്റയാന്‍ തീരുമാനങ്ങള്‍ക്കെതിരെയും വിമര്‍ശനമുയരും. മൂന്നാര്‍ വിഷയത്തെ ചുറ്റിപ്പറ്റി ആയിരിക്കും ഇത്തരം ചര്‍ച്ചകള്‍ കൊടുംപിരി കൊള്ളുക. പ്രവര്‍ത്തന റിപ്പോര്‍ട്ടിന്‍ മേലുള്ള ചര്‍ച്ച നാളെയും മറ്റെന്നാളുമായി നടക്കും.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്