‘കര്‍ഷകരേ, നിങ്ങളാണ് പുതിയ ഇന്ത്യയുടെ പടയാളികള്‍’ – സീതാറാം യെച്ചൂരി;
മുംബൈ: രാജ്യത്തിന്റെ അന്നദാതാക്കളായ കര്‍ഷകരെ മാനിക്കാതെ രാജ്യത്തിന് ഒരടി മുന്നോട്ടു പോകാനാകില്ലെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി.
മഹാരാഷ്ട്രയിലെ നാസിക്കില്‍ നിന്നും ലോങ് മാര്‍ച്ചില്‍ പങ്കെടുത്ത് മുംബൈ ആസാദ് മൈതാനത്തിലെത്തിയ ആയിരക്കണക്കിനു കര്‍ഷകരെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
നിങ്ങള്‍ ഈ നഗരത്തിലെത്തിച്ചേര്‍ന്നത് മാര്‍ച്ച് 12നാണ്. 88 വര്‍ഷങ്ങള്‍ക്കു മുന്‍പ് ഇതേ ദിവസമാണ് ഗാന്ധിജി ഐതിഹാസികമായ ദണ്ഡി യാത്ര ആരംഭിച്ചത്. ദണ്ഡി യാത്ര ബ്രിട്ടീഷ് ഭരണകൂടത്തെ ഉലച്ചതുപോലെ നമ്മുടെ ലോങ് മാര്‍ച്ച് കേന്ദ്രത്തിലെയും സംസ്ഥാനത്തെയും ജനവിരുദ്ധ സര്‍ക്കാരുകളെയാകെ ഉലച്ചിരിക്കുകയാണ്.
നാസിക്കില്‍ നിന്നും ഇത്രയധികം ദൂരം താണ്ടിയ ലോങ് മാര്‍ച്ചിനൊടുവില്‍ നിങ്ങള്‍ ചരിത്ര പ്രസിദ്ധമായ ഈ ആസാദ് മൈതാനത്തില്‍ കൂടിയിരിക്കുന്നു. ഐതിഹാസികമായ ഈ മുഹൂര്‍ത്തത്തില്‍ നിങ്ങളിലൊരാളാകാന്‍ കഴിഞ്ഞതില്‍ ഞാന്‍ അഭിമാനിക്കുന്നു. പുതിയ ഇന്ത്യയുടെ പടയാളികളാണ് നിങ്ങള്‍.
രാജ്യത്തിന്റെ സൈനികര്‍ അതിര്‍ത്തി സംരക്ഷിക്കാന്‍ പൊരുതുമ്ബോള്‍ നിങ്ങള്‍ ഈ രാജ്യത്തിന്റെ ഭാവിയെ സംരക്ഷിക്കാന്‍ വേണ്ടി പൊരുതുന്നു. യെച്ചൂരി കര്‍ഷകരോട് പറഞ്ഞു.
ആറുമാസം കൊണ്ട് കര്‍ഷക പ്രശ്നങ്ങള്‍ ഇല്ലാത്ത ‘അച്ഛാ ദിന്‍’ കൊണ്ടുവരുമെന്ന് പറഞ്ഞാണ് മോഡി അധികാരത്തില്‍ വന്നത്. നാലുവര്‍ഷമായിട്ടും മോഡി സര്‍ക്കാര്‍ ഒന്നും ചെയ്തില്ല. കര്‍ഷകരുടെ സ്ഥിതി കൂടുതല്‍ ദയനീയമായി. കര്‍ഷകര്‍ക്ക് കടാശ്വാസം നല്‍കാന്‍ ഖജനാവില്‍ പണമില്ല എന്നു പറയുന്ന സര്‍ക്കാര്‍ കോര്‍പ്പറേറ്റ് കടങ്ങള്‍ എഴുതിത്തള്ളുന്നു.
രണ്ടു ലക്ഷത്തി നാല്‍പ്പതിനായിരം കോടി രൂപയാണ് കഴിഞ്ഞ നാലുവര്‍ഷത്തിനിടെ കോര്‍പ്പറേറ്റ് കടങ്ങള്‍ എഴുതിത്തള്ളാന്‍ സര്‍ക്കാര്‍ ചെലവാക്കിയ തുക. ഈ കാലയളവില്‍ 80000 കര്‍ഷകരാണ് രാജ്യത്ത് ആത്മഹത്യ ചെയ്തതെന്നും ഉറപ്പുകളല്ല നടപടികളാണ് വേണ്ടതെന്നും യെച്ചൂരി പറഞ്ഞു.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്