×

കര്‍ദ്ദിനാളിനെതിരെ വൈദികരുടെ പ്രതിഷേധ മാര്‍ച്ച്‌; സഭാധ്യക്ഷനെതിരെ പ്രവര്‍ത്തിക്കുന്നവര്‍ക്കു മഹറോന്‍ ശിക്ഷ

കൊച്ചി: ഭൂമി കുംഭകോണത്തില്‍ കുടുങ്ങിയ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ സ്ഥാനത്യാഗം ആവശ്യപ്പെട്ട് വൈദികരുടെ പ്രതിഷേധം. രാവിലെ സെന്റ് മേരീസ് ബസിലിക്കയില്‍ ചേര്‍ന്ന പ്രതിഷേധ യോഗത്തില്‍ അന്വേഷണം കഴിയുന്നതുവരെ കര്‍ദ്ദിനാള്‍ മാറിനില്‍ക്കണമെന്നാണ് വൈദികരുടെ ആവശ്യം. മേജര്‍ ആര്‍ച്ച്‌ ബിഷപ്പ് സ്ഥാനത്തുനിന്നും മാറണം. ബസിലിക്കയില്‍ ചേര്‍ന്ന പ്രതിഷേധ യോഗത്തിനു ശേഷം അതിരൂപത ആസ്ഥാനത്തേക്ക് പ്രതിഷേധ റാലിയും നടത്തി. 200ല്‍ ഏറെ വൈദികരാണ് പ്രകടനമായി അതിരൂപത ആസ്ഥാനത്തെത്തിയത്.

വൈദിക സമിതിയുടെ നിവേദനം കൈമാറാനാണ് എത്തിയതെങ്കിലും കര്‍ദ്ദിനാള്‍ സ്ഥലത്തില്ലാത്തതിനാല്‍ സഹായ മെത്രന്‍ മാര്‍ സെബാസ്റ്റിയന്‍ എടയന്ത്രത്തിന് കൈമാറി. ഈ നിവേദനം സഹായ മെത്രാന്മാര്‍ കാക്കനാട് സെന്റ് തോമസ് മൗണ്ടിലുള്ള കര്‍ദ്ദിനാളിനെ സന്ദര്‍ശിച്ച്‌ കൈമാറും.

ഭൂമി കുംഭകോണം സംബന്ധിച്ച്‌ വൈദിക സമിതിയുടെ അന്വേഷണ റിപ്പോര്‍ട്ട് എല്ലാ പിതാക്കന്മാര്‍ക്കും നല്‍കിയിട്ടുണ്ട്. കാനോനിക നിയമങ്ങളും സിവില്‍ നിയമങ്ങളും ലംഘിക്കപ്പെട്ടിട്ടുണ്ടെന്ന് റിപ്പോര്‍ട്ടില്‍ കൃത്യമായി പറയുന്നു. സിവില്‍ നിയമങ്ങള്‍ ലംഘിക്കപ്പെട്ടുവെന്ന് ഹൈക്കോടതിയും കണ്ടെത്തിയിട്ടുണ്ട്. സഭയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു മേലധ്യക്ഷനെതിരെ കോടതി അന്വേഷണത്തിന് ഉത്തരവിടുന്നതെന്ന് വൈദിക സമിതി സെക്രട്ടറി ഫാ. കുര്യാക്കോസ് മുണ്ടാടന്‍ പറഞ്ഞു.

എറണാകുളം അങ്കമാലി അതിരുപതയിലെ 458 പേരില്‍ 10 പേര്‍ ഒഴിച്ച്‌ മറ്റെല്ലാവരും ഒരുമിച്ച്‌ എടുത്ത തീരുമാനമാണിത്. അതുകൊണ്ട് വൈദിക സമിതിക്ക് ഭൂരിപക്ഷമില്ല എന്ന ചിലരുടെ വാദം ഇവിടെ വിജയിക്കില്ല. ഇത് ഈ അതിരൂപതയെ മാത്രം ബാധിക്കുന്ന പ്രശ്നമാണ്. അതിരുപതയുടെയും വൈദികരുടെയും നിലനില്‍പ്പിന്റെ പ്രശ്നമാണ്. മറ്റ് രൂപതകള്‍ സര്‍ക്കുലര്‍ ഇറക്കിയതുകൊണ്ടോ വാട്സാപ്പിലോ ഫേസ്ബുക്കിലോ സന്ദേശം അയക്കുന്നവരും പ്രശ്നം പരിഹരിക്കുന്നില്ല. രൂപതയ്ക്ക് ലോണ്‍ അടയ്ക്കാന്‍ പൈസ തരുേോ. മാസം 85 ലക്ഷം രൂപയാണ് ബാങ്കില്‍ അടയ്ക്കേണ്ടത്.

കഴിഞ്ഞ സെപ്തംബര്‍ മുതല്‍ ഫെബ്രവുരി ആയിട്ടും സിനഡ് പിതാക്കന്മാരും ഒരു നിലപാടും എടുത്തിട്ടില്ല. സിനഡിന്റെ വിശ്വാസ്യത നഷ്ടപ്പെട്ടു. മേജര്‍ ആര്‍ച്ച്‌ ബിഷപ്പിനെ മാറ്റാനുള്ള അധികാരം മാര്‍പാപ്പയ്ക്ക് ആയതിനാല്‍ അവിടുന്നുള്ള തീരുമാനം വരേണ്ടതുണ്ട്. മാര്‍പാപ്പയെ കാര്യങ്ങള്‍ ധരിപ്പിക്കും. ഇതിനകം കര്‍ദ്ദിനാള്‍ സ്വയം ഒഴിയണമെന്നാണ് വൈദിക സമിതി ആവശ്യപ്പെടുന്നതെന്നും ഫാ. മുണ്ടാടന്‍ അറിയിച്ചു.

സഭാ അധ്യക്ഷനെ അപമാനിക്കുന്നവര്‍ക്കെതിരെ നടപടി എടുക്കണമെന്ന പരാതിയുമായി വിശ്വാസികള്‍

കൊച്ചി : സീറോ മലബാര്‍ സഭ ഭൂമിയിടപാട് വിവാദത്തില്‍ സഭയെയും സഭാധ്യക്ഷനെയും അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ പരാമര്‍ശങ്ങള്‍ നടത്തുന്ന വൈദീകര്‍ക്കും വിശ്വാസികള്‍ക്കും എതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ഒരു വിഭാഗം വിശ്വാസികള്‍ മേജര്‍ ആര്‍ച്ച്‌ ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേലിക്ക് പരാതി നല്‍കി. ഭൂമിയിടപാട് വിവാദത്തെ തുടര്‍ന്ന് രൂപീകരിച്ച വൈദീക/അല്‍മായ സംഘടനയ്ക്ക് എതിരെ രൂക്ഷ വിമര്‍ശനങ്ങളാണ് പരാതിയില്‍ ഉള്ളത്. പള്ളികള്‍ കേന്ദ്രീകരിച്ച്‌ വൈദീക/അല്‍മായ സംഘടനയായ എഎംടി നടത്തുന്ന സമ്മേളനങ്ങള്‍ സാധാരണ വിശ്വാസികളില്‍ തെറ്റിദ്ധാരണ പരത്താന്‍ ഇടവരുന്നു എന്നാണ് പരാതിയില്‍ ആരോപിച്ചിരിക്കുന്നത്.

ഇടവകകളില്‍ ചേരിതിരിവ് സൃഷ്ടിക്കുന്നതിന് ഇത് കാരണമാകുമെന്നും ആരോപണമുണ്ട്. കാനോന്‍ നിയമങ്ങളുടെ ലംഘനമാണ് ഇത്തരം പ്രവൃത്തികളെന്നും അതിനാല്‍ സഭാധ്യക്ഷനെതിരെ പ്രവര്‍ത്തിക്കുന്നവര്‍ക്കു നേരെ മഹറോന്‍ ശിക്ഷ ഉള്‍പ്പെടെയുള്ള പരസ്യമായ ശിക്ഷണ നടപടികള്‍ സ്വീകരിക്കുമെന്നുമാണ് കത്തിലെ ആവശ്യം. സഭയെയും സഭാ അധ്യക്ഷനെയും നിരന്തരം അപമാനിച്ചുകൊണ്ടിരിക്കുന്ന എഎംടിക്ക് സമ്മേളനങ്ങള്‍ നടത്താന്‍ ദേവാലയങ്ങളെയോ സഭാ സ്ഥാപനങ്ങളോ വിട്ടു നല്‍കരുതെന്നും കത്തില്‍ ആവശ്യമുണ്ട്.

അതിരൂപതയുടെ സാമ്ബത്തിക പ്രശ്നം അതിരൂപതാ കേന്ദ്രത്തിലാണ് പരിഹരിക്കപ്പെടേണ്ടതെന്നും അല്ലാതെ ഇടവകകളിലോ കുടുംബക്കൂട്ടായ്മകളിലോ ഇടവകകളിലോ അല്ല ഇത് ചര്‍ച്ചയാക്കേണ്ടതെന്നും കത്തില്‍ പറയുന്നു. ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്ന വൈദീകര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് പിതാവ് സര്‍ക്കുലര്‍ ഇറക്കണമെന്നാണ് കത്തിലെ മുഖ്യ ആവശ്യം.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top