എല്‍ഡിഎഫിന്റെ ജനജാഗ്രതാ യാത്രയ്ക്ക് ഇന്ന് സമാപനം
തൃശൂർ: എല്‍ഡിഎഫിന്റെ ജനജാഗ്രതാ യാത്ര ഇന്ന് അവസാനിക്കും. ജനരക്ഷായാത്രയിലൂടെ ബിജെപി ഉയർത്തിയ പ്രചാരണങ്ങൾക്ക് മറുപടി നൽകാനും സർക്കാരിന്റെ നേട്ടങ്ങൾ ജനങ്ങളിലെത്തിക്കാനും ലക്ഷ്യമിട്ട് കാസർഗോഡ് നിന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും തിരുവനന്തപുരത്ത് നിന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും നയിച്ച യാത്രകളാണ് രണ്ടാഴ്ച പിന്നിട്ട് ഇന്ന് തൃശൂരും എറണാകുളത്തുമായി സമാപിക്കുന്നത്. എന്നാൽ, യാത്രയുടെ പ്രഖ്യാപിത ലക്ഷ്യത്തെ വിവാദങ്ങൾ വഴിതിരിച്ചുവിടുന്നതാണ് പല ഘട്ടങ്ങളിലും കണ്ടത്.
ഒക്ടോബർ 21നാണ് മേഖല ജാഥകൾ ആരംഭിച്ചത്. കഴിഞ്ഞ രണ്ടുദിവസമായി തൃശൂര്‍ ജില്ലയിൽ പര്യടനം നടത്തുന്ന കോടിയേരി നയിക്കുന്ന ജാഥ വൈകീട്ട് അഞ്ചിന് തൃശൂർ വിദ്യാർഥി കോർണറിൽ സമാപിക്കും. കാനം രാജേന്ദ്രൻ നയിക്കുന്ന തെക്കൻ മേഖല ജാഥയുടെ സമാപനം എറണാകുളം വൈറ്റിലയിലാണ്. കഴിഞ്ഞ രണ്ടുദിവസമായി എറണാകുളം ജില്ലയിൽ പര്യടനം നടത്തുന്ന ജാഥ വൈകീട്ട് സമാപിക്കും.
വടക്കൻ മേഖലാ ജാഥ കൊടുവള്ളിയിലെത്തിയപ്പോൾ കോടിയേരി സഞ്ചരിച്ച വാഹനത്തെ ചൊല്ലി വിവാദമായി. അവസാനഘട്ടമെത്തിയപ്പോൾ അത് തോമസ് ചാണ്ടിക്കെതിരായ ഭൂമി കൈയേറ്റ ആരോപണ വിവാദത്തിലേക്ക് വഴിമാറി. സ്വർണക്കടത്ത് കേസ് പ്രതി കാരാട്ട് ഫൈസലിന്റെ മിനി കൂപ്പറിൽ കോടിയേരി സഞ്ചരിച്ചെന്ന ആരോപണം സൃഷ്ടിച്ച വിവാദം സിപിഐഎമ്മിനകത്ത് തന്നെ ഏറെ ചർച്ചയായി. തോമസ് ചാണ്ടി വിവാദം മുന്നണിക്കകത്ത് അസ്വസ്ഥത വിതയ്ക്കുകയും ചെയ്തു. ജാഥ തുടങ്ങിയ ഘട്ടത്തിലാണ് തോമസ് ചാണ്ടിയുടെ ഭൂമി കൈയേറ്റ വിഷയത്തിൽ ആലപ്പുഴ കലക്ടറുടെ റിപ്പോർട്ട് സർക്കാരിന് കൈമാറുന്നത്. റവന്യൂ മന്ത്രി തന്റെ നിർദ്ദേശങ്ങൾ സഹിതം മുഖ്യമന്ത്രിക്ക് റിപ്പോർട്ട് കൈമാറുകയും മുഖ്യമന്ത്രി അത് നിയമോപദേശത്തിന് വിടുകയുമുണ്ടായി. ചാണ്ടിക്കെതിരെ ഹൈക്കോടതിയിലുള്ള സ്വകാര്യ ഹർജിയിൽ സർക്കാരിന് വേണ്ടി ഹാജരാകേണ്ട അഭിഭാഷകനെ ചൊല്ലി റവന്യൂ മന്ത്രിയും അഡ്വക്കേറ്റ് ജനറലും കൊമ്പുകോർത്തത് ജാഥാവേളയിൽ വിവാദവിഷയമായി. ജാഥയുടെ ലക്ഷ്യം തെറ്റിപ്പോകുമെന്ന നില വന്നതോടെ സിപിഐ നിലപാട് മയപ്പെടുത്തി.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്