×

എല്ലാ പൊലീസ് സ്റ്റേഷനുകളിലും ഏഴു ദിവസത്തിനകം കാമറ

തിരുവനന്തപുരം: കസ്റ്റഡി മരണങ്ങളുടെ പേരില്‍ പൊലീസ് പ്രതിക്കൂട്ടിലായ സാഹചര്യത്തില്‍ ലോക്കപ് റൂമുകളില്‍ ഉള്‍പ്പെടെ പൊലീസ് സ്‌റ്റേഷനുകളില്‍ കാമറ സ്ഥാപിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ഇതോടൊപ്പം കുറ്റം തെളിയിക്കുന്നതിന് മര്‍ദന മുറകള്‍ സ്വീകരിക്കുന്നത് ഒഴിവാക്കാനും കര്‍ശന നിര്‍ദേശമുണ്ട്. നിര്‍ദേശങ്ങള്‍ പാലിക്കാത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ സര്‍ക്കുലറില്‍ വ്യക്തമാക്കി.

സംസ്ഥാനത്തെ എല്ലാ പൊലീസ് സ്റ്റേഷനുകളിലും ഏഴു ദിവസത്തിനകം കാമറ സ്ഥാപിക്കും. രാത്രിദൃശ്യങ്ങള്‍ ഉള്‍പ്പെടെ പതിയുന്ന എച്ച്‌ഡി കാമറ സ്ഥാപിക്കാനാണ് നിര്‍ദേശം. ഒരു മാസത്തെ ദൃശ്യങ്ങള്‍ സൂക്ഷിച്ചുവയ്ക്കുന്നതിനുള്ള സംവിധാനവും ഒരുക്കണം.

സ്‌റ്റേഷന്‍ ഓഫിസര്‍മാര്‍ ലോക്കപ്പില്‍ സ്ഥാപിക്കാനുള്ള ക്യാമറ വാങ്ങിയശേഷം ചെലവായ തുക ജില്ലാ പൊലീസ് മേധാവിയെ അറിയിക്കാനാണ് സര്‍ക്കുലറില്‍ വ്യക്തമാക്കിയിരിക്കുന്നത്. ഹാര്‍ഡ് ഡിസ്‌ക് നിറയുമ്ബോള്‍ ദൃശ്യങ്ങള്‍ സിഡികളിലേക്കു പകര്‍ത്തി സൂക്ഷിക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.

ഏതെങ്കിലും സംഘര്‍ഷവുമായി ബന്ധപ്പെട്ട് നാട്ടുകാര്‍ പിടിച്ചു പൊലീസിലേല്‍പ്പിക്കുന്ന പ്രതികള്‍ക്ക്, അവിടെവെച്ചുതന്നെ റിപ്പോര്‍ട്ടെഴുതി പഞ്ചായത്ത് അംഗത്തിന്റെയോ നാട്ടുകാരുടെയോ സാന്നിധ്യത്തില്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ വൈദ്യപരിശോധന നടത്തണം. ഇത്തരക്കാരുടെ ദേഹത്ത് പരിക്കുണ്ടെങ്കില്‍ പ്രത്യേകം രേഖപ്പെടുത്തണം.

അറസ്റ്റിലാകുന്ന വ്യക്തികള്‍ ഏതെങ്കിലും രോഗമുള്ളയാളാണെങ്കില്‍ അക്കാര്യം ചോദിച്ചു മനസ്സിലാക്കി യഥാസമയം മരുന്നു നല്‍കണം. രാത്രികാലങ്ങളില്‍ പ്രതികളെ ലോക്കപ്പില്‍ സൂക്ഷിക്കേണ്ടിവന്നാല്‍ ഡിവൈ.എസ്.പി., ഡെപ്യൂട്ടി കമ്മിഷണര്‍ എന്നിവരെ അറിയിക്കണം. അറസ്റ്റിലാകുന്നവരെ നിയമാനുസൃതം കാലതാമസമില്ലാതെ കോടതിയില്‍ ഹാജരാക്കണം. പരാതിക്കാരെ ആവശ്യമില്ലാതെ സ്‌റ്റേഷനില്‍ നിര്‍ത്തിച്ചു ബുദ്ധിമുട്ടിക്കരുത്. വേഗത്തില്‍ പരാതികള്‍ തീര്‍പ്പാക്കണമെന്നും ബെഹ്‌റ നിര്‍ദേശിച്ചു.

അമിതമായി മദ്യപിച്ച്‌ വഴിയില്‍ കിടക്കുന്നവരെ കസ്റ്റഡിയിലെടുത്ത് പൊലീസ് സ്‌റ്റേഷനിലേക്ക് കൊണ്ടുപോകരുതെന്നു സര്‍ക്കുലറില്‍ നിര്‍ദേശമുണ്ട്. ഇവരെ നാട്ടുകാരുടെ സഹായത്തോടെ അവരുടെ വീടുകളില്‍ എത്തിക്കുകയോ വൈദ്യസഹായം ലഭ്യമാക്കുകയോ ചെയ്യണം.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top