എന്നെ ഏറ്റവുമധികം വേട്ടയാടിയത് ആ നേതാവ്; ആഞ്ഞടിച്ച് ശോഭന ജോര്‍ജ്
തിരുവനന്തപുരം: ഇടതുപാളയത്തിലേക്ക് കൂറുമാറിയ മുന്‍ എംഎല്‍എ ശോഭന ജോര്‍ജ് രമേശ് ചെന്നിത്തലയ്‌ക്കെതിരെ തുറന്ന വിമര്‍ശനവുമായി രംഗത്തെത്തി. തന്നെ ഏറ്റവുമധികം വേട്ടയാടിയത് കെപിസിസി മുന്‍ അധ്യക്ഷനും പ്രതിപക്ഷ നേതാവുമായ ചെന്നിത്തലയാണെന്ന് ശോഭനാ ജോര്‍ജ് ആരോപിച്ചു. വാര്‍ത്താ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ശോഭനാ ജോര്‍ജ് ആരോപണം ഉന്നയിച്ചത്.
പാര്‍ട്ടിയില്‍ മടങ്ങി എത്തിയ ശേഷം രമേശ് തനിക്ക് അര്‍ഹമായ പരിഗണന നല്‍കിയില്ല. രമേശിന്റെ ലക്ഷ്യം താനോ ലീഡറോ ആരായിരുന്നെന്ന് അറിയില്ലെന്നും ശോഭനാ ജോര്‍ജ് പറഞ്ഞു. ചെങ്ങന്നൂര്‍ മുന്‍ എംഎല്‍എ ആയിരുന്ന ശോഭനാ ജോര്‍ജ് അടുത്തിടെ പാര്‍ട്ടി വിട്ട് ഇടതുമുന്നണിയില്‍ ചേര്‍ന്നിരുന്നു. ചെങ്ങന്നൂരില്‍ ഇടതുമുന്നണിയുടെ തെരഞ്ഞെടുപ്പ് കണ്‍വന്‍ഷനില്‍ പങ്കെടുത്ത ശോഭന ഇടതു സ്ഥാനാര്‍ത്ഥിക്ക് വേണ്ടി പ്രവര്‍ത്തിക്കുമെന്നും വ്യക്തമാക്കി.
കെ. കരുണാകരന്‍ കോണ്‍ഗ്രസ് വിട്ട് ഡി.ഐ.സി രൂപീകരിച്ചപ്പോള്‍ അദ്ദേഹത്തിനൊപ്പമായിരുന്നു ശോഭനാ ജോര്‍ജ്. പിന്നീട് കരുണാകരന്‍ കോണ്‍ഗ്രസില്‍ മടങ്ങിയെത്തിയപ്പോള്‍ ശോഭനയും കോണ്‍ഗ്രസില്‍ മടങ്ങിയെത്തി. എന്നാല്‍ മടങ്ങി എത്തിക്കഴിഞ്ഞ് ശോഭനാ ജോര്‍ജിന് പാര്‍ട്ടിയില്‍ കാര്യമായ പരിഗണന ലഭിച്ചില്ല.
1991 മുതല്‍ തുടര്‍ച്ചയായി മൂന്ന് തവണ ചെങ്ങന്നൂരില്‍ ശോഭന ജോര്‍ജ് ജയിച്ചു. 2006ല്‍ ശോഭന ജോര്‍ജിന്റെ സീറ്റില്‍ പിസി വിഷ്ണുനാഥിനെ മല്‍സരിപ്പിക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചതോടെയാണ് അവര്‍ പാര്‍ട്ടിയുമായി അകന്നത്. തൊട്ടുപിന്നാലെ വ്യാജ രേഖാ കേസ് കൂടി വന്നതോടെ ശോഭനയോട് നേതൃത്വത്തിന് അനിഷ്ടമായി. പിന്നീട് പാര്‍ട്ടിയുമായി തീര്‍ത്തും അകന്ന അവര്‍ 2016ല്‍ സീറ്റ് ലഭിക്കില്ലെന്ന് ഉറപ്പായതോടെ വിഷ്ണുനാഥിനെതിരെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മല്‍സരിച്ചു. തുടര്‍ന്ന് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കപ്പെടുകയും ചെയ്തു. പക്ഷേ വിമതയായി മല്‍സരിച്ച ശോഭനയ്ക്ക് 3966 വോട്ട് മാത്രമേ നേടാന്‍ സാധിച്ചുള്ളൂ.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്