ഇടുക്കി ജില്ലയിലെ നാല് താലൂക്കുകളിലായി 10 ഇടത്ത് കുരിശ് സ്ഥാപിച്ച് സ്ഥലം കൈയേറി
തൊടുപുഴ: ഇടുക്കി ജില്ലയില്‍ സര്‍ക്കാര്‍ ഭൂമി കൈയേറി എവിടെയൊക്കെ കുരിശ് സ്ഥാപിച്ചിട്ടുണ്ടെന്നത് സംബന്ധിച്ച കണക്കുകള്‍ റവന്യൂ വകുപ്പിന്റെ കൈവശമില്ല. ആകെ കൈയിലുള്ളത് പത്തിടത്ത് മാത്രം കൈയേറിയിട്ടുണ്ടെന്നത് മാത്രമാണ്. അതേസമയം, വന്‍തോതില്‍ കൈയേറ്റം നടന്നിട്ടുള്ള കല്യാണത്തണ്ടിലെയും പുള്ളിക്കാനത്തെയും കുരിശ് സംബന്ധിച്ചും റവന്യൂവകുപ്പിന്റെ രേഖകളിലില്ല.
ഇടുക്കി ജില്ലയിലെ നാല് താലൂക്കുകളിലായി 10 ഇടത്ത് കുരിശ് സ്ഥാപിച്ച് സ്ഥലം കൈയേറിയത് മാത്രമാണ് റവന്യൂ വകുപ്പിന്റെ കൈവശമുള്ള രേഖയിലുള്ളത്. പീരുമേട് താലൂക്കില്‍ മൂന്ന് സ്ഥലത്ത് കുരിശ് സ്ഥാപിച്ച് രണ്ടരയേക്കര്‍ സ്ഥലം കൈയേറിയിട്ടുണ്ട്. 2014 ജനുവരി ഒന്നിന് ശേഷം പീരുമേട്ടില്‍ ഒരു കുരിശ് ഒഴിപ്പിച്ചു. ഉടുമ്ബന്‍ചോല താലൂക്കില്‍ പാപ്പാത്തിച്ചോല, മുണ്ടിയെരുമ, എഴുകുംവയല്‍ എന്നിവിടങ്ങളിലാണ് കുരിശു സ്ഥാപിച്ചുള്ള കയേറ്റം. ഇതില്‍ മുണ്ടിയെരുമയിലെ സ്ഥലം അളന്ന് തിട്ടപ്പെടുത്തിയിട്ടില്ല. മറ്റ് രണ്ടിടത്തുമായി അഞ്ചര ഏക്കര്‍ സ്ഥലം കൈയേറി. ദേവികുളം താലൂക്കിലും തൊടുപുഴ താലൂക്കിലും ഓരോ സ്ഥലത്ത് മാത്രമാണ് രേഖകളില്‍ കുരിശ് വെച്ചുള്ള കയേറ്റമുള്ളത്. കൈയേറിയ ഭൂമിയാകട്ടെ അളന്ന് തിട്ടപ്പെടുത്തിയിട്ടുമില്ല. പുള്ളിക്കാനം, കല്യാണത്തണ്ട്, ചെറുതോണി, നെടുങ്കണ്ടം എന്നിവയടക്കം നിരവധി നഗ്നമായ കൈയേറ്റങ്ങളുണ്ടായിരിക്കെ അതൊന്നും റവന്യൂ വകുപ്പിന്റെ രേഖകളില്‍ ഇടം പിടിച്ചിട്ടില്ല. ഇതില്‍ ഗൂഡാലോചനയുണ്ടെന്നാണ് നാട്ടുകാരുടെ ആക്ഷേപം.
കൃത്യമായ വിവരം സൂക്ഷിച്ചിട്ടില്ല എന്ന വസ്തുത തുറന്ന് സമ്മതിച്ചത് തൊടുപുഴ താലൂക്ക് മാത്രമാണ്. 10 കുരിശുകളില്‍ ഒരിടത്ത് മാത്രമാണ് കൈയേറ്റം ഒഴിപ്പിക്കാനുള്ള നടപടി സ്വീകരിച്ചത്.
അതേസമയം, ജില്ലയില്‍ വ്യാപകമായ കുരിശ് സ്ഥാപിച്ച് സ്വകാര്യ വ്യക്തികള്‍ ഏക്കറു കണക്കിനു സ്ഥലങ്ങള്‍ കൈയേറിയത് ഒഴിപ്പിച്ചെടുക്കാന്‍ അധികൃതര്‍ നടപടി സ്വീകരിക്കാത്തതില്‍ പ്രതിഷേധം ശക്തമാണ്. ആദ്യം കുരിശ് സ്ഥാപിച്ച ശേഷം സ്ഥലത്തിന്റെ വ്യാജ രേഖകള്‍ തയാറാക്കി ട്രസ്റ്റ് രൂപീകരിച്ച്, ഭൂമി സ്വന്തമാക്കുന്ന പ്രവണത വര്‍ധിച്ചുവരികയാണ്. ഇത്തരത്തിലാണ് പാപ്പാത്തിച്ചോലയില്‍ ഒരു ട്രസ്റ്റും അതിന്റെ പേരിലുള്ള സ്്പിരിച്വല്‍ സ്ഥാപനവും വന്‍തോതില്‍ ഭൂമി സ്വന്തമാക്കിയത്. ഇത് സര്‍ക്കാര്‍ ഒഴിപ്പിച്ചിരുന്നു. കുരിശ് സ്ഥാപിച്ച് സ്വന്തമാക്കുന്ന ഭൂമിയില്‍ കെട്ടിടങ്ങള്‍ നിര്‍മിച്ച് വിനോദ സഞ്ചാര കേന്ദ്രമായി പ്രവര്‍ത്തിക്കുന്നതും വര്‍ധിച്ചുവരുന്നുണ്ട്. എന്നിട്ടും ശക്തമായ നടപടികള്‍ സ്വീകരിക്കാതെ അധികൃതര്‍ കൈയേറ്റക്കാരെ സഹായിക്കുകയാണെന്ന ആരോപണം ശക്തമാണ്.
പലപ്പോഴും അധികൃതരുടെ ഒത്താശയോടെയാണ് കൈയേറ്റ ഭൂമികളില്‍ കുരിശ് സ്ഥാപിക്കുന്നത്. ജില്ലയില്‍ കുടിയേറ്റ കാലത്ത് ആരാധനാലയങ്ങള്‍ക്കായി ഭൂമി കൈവശപ്പെടുത്തിയിരുന്നെങ്കിലും പിന്നീട് അത് വ്യാവസായികമായി വ്യാപക കൈയേറ്റത്തിലേക്ക് മാറുകയായിരുന്നു.
കൈയേറ്റക്കാരില്‍ അധികംപേരും കോടീശ്വരന്‍മാരും ഉന്നത തലങ്ങളില്‍ പിടിപാടുള്ളവരും ആയതിനാല്‍ പരാതികള്‍ അധികവും മുങ്ങിപ്പോവുകയാണു ചെയ്യുന്നത്.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്