×

ആലഞ്ചേരിക്കെതിരെ സമര്‍പ്പിച്‌ എഫ്‌ ഐ ആറില്‍ എസ്‌ ഐ പറഞിട്ടുള്ളത്‌ ഇങ്ങനെ FIR COPY

കൊച്ചി: എറണാകുളം അതിരൂപതിയിലെ ഭൂമി വില്‍പ്പനയുമായി ബന്ധപ്പെട്ട് രൂപതാധ്യക്ഷനും സീറോ മലബാര്‍ സഭാ തലവനുമായ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി അടക്കമുള്ളവര്‍ക്കെതിരേ പൊലീസ് എഫ്‌ഐആര്‍ സമര്‍പ്പിച്ചു. എഫ്‌ഐആര്‍ എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് (സിജെഎം) കോടതിയിലാണ് എഫ്‌ഐആര്‍ സമര്‍പ്പിച്ചത്.എഫ്‌ഐആറിന്റെ കോപ്പി ‘റിപ്പോര്‍ട്ടറി’ന് ലഭിച്ചു.

ചതി, ഗൂഡാലോചന, വിശ്വാസവഞ്ചന എന്നീ കുറ്റങ്ങളാണ് എഫ്‌ഐആറില്‍ കര്‍ദിനാളിനെതിരേ ചുമത്തിയിരിക്കുന്നത്. ഭൂമിയിടപാടിനെ കുറിച്ച്‌ ഹൈക്കോടതിയില്‍ പരാതി നല്‍കിയ ചേര്‍ത്തല സ്വദേശി ഷൈന്‍ വര്‍ഗീസിന്റെ മൊഴി രാവിലെ എറണാകുളം സെന്‍ട്രല്‍ പൊലീസ് രേഖപ്പെടുത്തിയിരുന്നു.

27 കോടിയലധികം രൂപ വിലവരുന്ന എറണാകുളം -അങ്കമാലി അതിരൂപതയുടെ ഭൂമി 13.5 കോടി രൂപയ്ക്ക് കര്‍ദിനാളും മറ്റ് മൂന്ന് പ്രതികളും ചേര്‍ന്ന് വില്‍പ്പന നടത്തിയെന്നാണ് എഫ്‌ഐആറില്‍ പറയുന്നത്. ചേര്‍ത്തല സ്വദേശി ഷൈന്‍ വര്‍ഗീസ് ഹൈക്കോടതിയില്‍ നല്‍കിയ പരാതിയില്‍ ഹൈക്കോടതി നിര്‍ദേശപ്രകാരമാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുന്നതെന്ന് പൊലീസ് വ്യക്തമാക്കുന്നു.

ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് കര്‍ദിനാളിനെ ഒന്നാം പ്രതിയാക്കി പൊലീസ് കേസെടുത്തത്. പ്രൊക്യുറേറ്ററായിരുന്ന ഫാദര്‍ ജോഷി പുതുവ, മുന്‍ വികാരി ജനറല്‍ ഫാദര്‍ സെബാസ്റ്റ്യന്‍ വടക്കുമ്ബാടന്‍, ഇടനിലക്കാരന്‍ സാജു ജോസഫ് എന്നിവരാണ് രണ്ടുമുതല്‍ നാലുവരെയുള്ള പ്രതികള്‍. ഐപിസി 120 (ബി)ഗൂഢാലോചന, 406വിശ്വാസവഞ്ചന, 415ചതി എന്നീ വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.

ഭൂമി ഇടപാടില്‍ കര്‍ദിനാള്‍ ഉള്‍പ്പെടെ നാലുപേര്‍ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തണമെന്ന് മാര്‍ച്ച്‌ ആറിനായിരുന്നു ജസ്റ്റിസ് കമാല്‍ പാഷ ഉത്തരവിട്ടത്. അന്വേഷണം നടത്തി തെളിവുകള്‍ കണ്ടെത്തേണ്ടതുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ ഉത്തരവില്‍ അഡ്വക്കേറ്റ് ജനറലില്‍ നിന്ന് നിയമോപദേശം തേടിയ ശേഷം മാര്‍ച്ച്‌ 12 നാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.

അതേസമയം, ഭൂമി ഇടപാടില്‍ ക്രിമിനല്‍ കേസ് എടുക്കണമെന്ന സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ കര്‍ദിനാള്‍ ഉള്‍പ്പെടെയുള്ളവര്‍ സമര്‍പ്പിച്ച അപ്പീല്‍ പരിഗണിക്കുന്നത് ഹൈക്കോടതി വെള്ളിയാഴ്ചത്തേക്ക് മാറ്റി. ഉത്തരവിനെതിരെ ഫാദര്‍ സെബാസ്റ്റ്യന്‍ വടക്കുമ്ബാടന്‍, ഫാദര്‍ ജോഷി പുതുവ, എന്നിവരാണ് അപ്പീല്‍ സമര്‍പ്പിച്ചിരിക്കുന്നത്. സുപ്രിം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകനെ ഹാജരാക്കാന്‍ സമയം അനുവദിക്കണമെന്ന കര്‍ദിനാളിന്റെ ആവശ്യം പരിഗണിച്ചാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് കേസ് മാറ്റിയത്. സിംഗിള്‍ ബഞ്ച് ഉത്തരവ് മുന്‍വിധിയോടെയാണെന്നും നടപടി ക്രമങ്ങള്‍ പാലിക്കാതെയാണ് വിധി എന്നുമാണ് ഹര്‍ജിയിലെ ആക്ഷേപം.

സാമ്ബത്തിക ബാധ്യതകള്‍ പരിഹരിക്കുന്നതിനായി എറണാകുളം അങ്കമാലി അതിരൂപതയുടെ അഞ്ചിടങ്ങളിലായി ഉണ്ടായിരുന്ന മൂന്നേക്കറിലധികം ഭൂമി വില്‍പ്പന നടത്തുകയും എന്നാല്‍ മുഴുവന്‍ പണവും കിട്ടാതെ അതിരൂപത കബളിപ്പിക്കപ്പെടുകയും ചെയ്ത സംഭവമാണ് വിവാദത്തിന് കാരണം. അതിരൂപതയിലെ പ്രക്യുറേറ്റര്‍, ഫിനാന്‍സ് ഓഫീസര്‍ എന്നീ സ്ഥാനങ്ങളിലുള്ള വൈദികരുടെ നേതൃത്വത്തിലാണ് ഭൂമി വില്‍പ്പന നടന്നതെന്നും രൂപതയിലെ രണ്ട് സഹായ മെത്രാന്‍മാര്‍ കച്ചവടത്തെക്കുറിച്ച്‌ അറിഞ്ഞില്ലെന്നുമാണ് രൂപതയിലെ വൈദിക സമിതിയുടെ നിലപാട്. വൈദികര്‍ക്കൊപ്പം ഒരു വിഭാഗം വിശ്വാസികളും ചേര്‍ന്നതോടെയാണ് അതിരൂപതാധ്യക്ഷനും സീറോ മലബാര്‍ സഭാതലവനുമായ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പ്രതിക്കൂട്ടിലായത്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top