ആചാര്യന്‍മാരെപറ്റി അറിവില്ലായ്‌മ ചര്‍ച്ചകളില്‍ പങ്കെടുക്കരുതെന്ന് ജെ.ആര്‍. പത്മകുമാറിനോട് ബിജെപി
ഗൃഹപാഠമില്ലാതെ ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുത്ത് പാര്‍ട്ടിയെ തുടര്‍ച്ചയായി നാണം കെടുത്തുന്നു എന്നാരോപിച്ച് അന്തിചര്‍ച്ചകളില്‍ നിന്ന് വിട്ട് നില്‍ക്കാന്‍ ബി.ജെ.പി വക്താവും മുതിര്‍ന്ന നേതാവുമായ ജെ.ആര്‍. പദ്മകുമാറിനോട് നേതൃത്വം ആവശ്യപ്പെട്ടു. ചര്‍ച്ചകളില്‍ വേണ്ടത്ര നിലവാരം പുലര്‍ത്താത്തതിനെ തുടര്‍ന്ന് പദ്മകുമാറിനെ മാറ്റിനിര്‍ത്തണമെന്ന് ആര്‍.എസ്.എസ്. നേരത്തെ തന്നെ പാര്‍ട്ടി നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, പാര്‍ട്ടി നേരിട്ടാവശ്യപ്പെടാതെ പിന്‍മാറില്ലെന്ന് നിലപാടിലായിരുന്നു പദ്മകുമാര്‍.
ആര്‍.എസ്.എസിന്റേയും പാര്‍ട്ടിയുടേയും സമ്മര്‍ദ്ദത്തിന് വഴങ്ങി കുറച്ച് കാലമെങ്കിലും ചര്‍ച്ചകളില്‍ നിന്ന് വിട്ട് നില്‍ക്കാന്‍ സംസ്ഥാന അധ്യക്ഷന്‍ കുമ്മനം തന്നെ നേരിട്ടാവശ്യപ്പെടുകയായിരുന്നു. ഒരറിയിപ്പുണ്ടാകുന്നതുവരെ ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുക്കേണ്ടതില്ലെന്നാണ് കൊടുത്തിരിക്കുന്ന നിര്‍ദ്ദേശം.
അന്തിചര്‍ച്ചകളില്‍ പദ്മകുമാറിന്റെ നിലപാടുകളും വാദമുഖങ്ങളും എതിരാളികളെ പ്രതിരോധിക്കാന്‍ പര്യാപ്തമല്ലെന്നും അതുകൊണ്ട് മാറിനില്‍ക്കണമെന്നും ആര്‍.എസ്.എസ് കഴിഞ്ഞ ഒരു വര്‍ഷമായി ആവശ്യപ്പെടുന്നതാണ്. സംഘത്തിന്റെയും പാര്‍ട്ടി പ്രവര്‍ത്തകരുടേയും സോഷ്യല്‍ ഗ്രൂപ്പുകളില്‍ ഇത്തരത്തിലുള്ള അഭിപ്രായങ്ങള്‍ കഴിഞ്ഞ ഒരു വര്‍ഷമായി സജ്ജീവ ചര്‍ച്ചയാണ്. സ്‌കൂളുകളില്‍ ദീന്‍ദയാല്‍ ജന്മശതാബ്ദി ആഘോഷിക്കണമെന്ന കേന്ദ്ര നിര്‍ദ്ദേശവുമായി ബന്ധപ്പെട്ട് മനോരമ ചാനലില്‍ നടന്ന ചര്‍ച്ചയാണ് പദ്മകുമാറിനെതിരെയുള്ള ആര്‍.എസ.എസ് ആരോപണത്തിന് ശക്തി പകര്‍ന്നത്.
ഇതില്‍ ബ്രീട്ടീഷ് സര്‍ക്കാരിന് ആറു തവണ മാപ്പപേക്ഷ നല്‍കിയ ആളാണ് വീര്‍സവര്‍ക്കറെന്ന് പദ്മകുമാര്‍ ആവര്‍ത്തിച്ച് വ്യക്തമാക്കിയിരുന്നു. ചര്‍ച്ചയില്‍ പങ്കെടുത്ത മറ്റുളളവരെ പോലും അതിശയിപ്പിച്ചുകൊണ്ട് അനവസരത്തിലുന്നയിച്ച വാദം പാര്‍ട്ടിക്കും ആര്‍ എസ് എസിനും വന്‍ നാണക്കേടുണ്ടാക്കി. ഇതിനെ തുടര്‍ന്നാണ് ചര്‍ച്ചകളില്‍ നിന്ന് മാറി നില്‍ക്കണമെന്ന ആവശ്യത്തിന് ശക്തിയേറിയത്. ദീന്‍ദയായാല്‍ ഉപാധ്യായയുടെ ഇന്ത്യലെ സംഭാവന എന്തെന്ന അവതാരകയുടെ ചോദ്യത്തിനും കൃത്യമായ ഉത്തരം നല്‍കാന്‍ പദ്മകുമാറിന് കഴിഞ്ഞില്ല.
പിന്നീട് പല ഘട്ടങ്ങളിലും പരോക്ഷമായി പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കള്‍ ഇതു സംബന്ധിച്ച് സൂചന നല്‍കിയെങ്കിലും ചര്‍ച്ചകളില്‍ സജ്ജീവ സാനിധ്യമായി തുടരുകയായിരുന്നു. മുത്തലാഖ് വിഷയത്തില്‍ കഴിഞ്ഞ ദിവസം നട്ന്ന മറ്റൊരു ചര്‍ച്ചയില്‍ മുസ്ലിം വ്യക്തിബോര്‍ഡുമായി ബന്ധപ്പെട്ട് നടത്തിയ പരാമര്‍ശമാണ് പെട്ടന്നുള്ള നടപടക്ക് കാരണം. മുസ്ലിം വ്യക്തിനിയമ ബോര്‍ഡില്‍ സ്ത്രീകള്‍ അംഗങ്ങളല്ല എന്നാണ് പദ്മകുമാര്‍ പറഞ്ഞത്. എന്നാല്‍, രണ്ട് വനിതാ അംഗങ്ങളുണ്ടെന്നും കാര്യങ്ങള്‍ പഠിച്ച് ചര്‍ച്ചയ്ക്ക് വരണമെന്നും മറ്റ് പാനല്‍ അംഗങ്ങള്‍ ആവശ്യപ്പെടുകയായിരുന്നു. നേരത്തെ മുരളീധര വിഭാഗത്തിലായിരുന്ന പദ്മകുമാര്‍ പിന്നീട് ഔദ്യോഗീക പക്ഷത്തേക്ക് മാറുകയായിരുന്നു. ചാനല്‍ചര്‍ച്ചയിലെ നാണക്കേടിന്റെ പേരില്‍ പദ്മകുമാറിനെതിരെ പട നയിച്ചവരില്‍ മുരളീധരവിഭാഗമായിരുന്നു മുന്നില്‍.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്