അവസാന ആളെ കണ്ടെത്തുന്നതു വരെയും തിരച്ചില്‍ തുടരും- പ്രതിരോധ മന്ത്രി
തിരുവനന്തപുരം: കേന്ദ്ര പ്രതിരോധ മന്ത്രി നിര്‍മലാ സീതാരാമന്‍ വിഴിഞ്ഞത്തേയും പൂന്തുറയിലേയും ദുരന്തബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു. രാവിലെ കോവളത്ത് എത്തി അവലോകന യോഗം നടത്തിയ ശേഷമാണ് മന്ത്രി വിഴിഞ്ഞം സന്ദര്‍ശിച്ചത്.
കടലില്‍ പോയ അവസാന ആളേയും കണ്ടെത്തുന്നതു വരെ തിരച്ചില്‍ തുടരുമെന്നും യുദ്ധക്കപ്പല്‍ വരെ തിരച്ചിലിന് ഉപയോഗിക്കുന്നുണ്ടെന്നും മന്ത്രി വിഴിഞ്ഞത്തെ ജനങ്ങളെ അറിയിച്ചു. മറ്റ് തീരങ്ങളിലെത്തിയ മലയാളികളെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിച്ച് വരികയാണ്. സുനാമി അടിച്ച സമയത്തേക്കാളും വലിയ രക്ഷാപ്രവര്‍ത്തനമാണ് നടക്കുന്നത്. അര്‍ഹമായ നഷ്ടപരിഹാരം ലഭ്യമാക്കുന്നതിന് എല്ലാ സഹായവും നല്‍കുമെന്നും അവര്‍ വ്യക്തമാക്കി.
മുന്നറിയിപ്പ് നല്‍കിയില്ലെന്ന ആരോപണം ശരിയല്ലെന്നും ലഭ്യമായ വിവരങ്ങള്‍ അനുസരിച്ച് മുന്നറിയിപ്പുകള്‍ നല്‍കിയിരുന്നുവെന്നും മന്ത്രി ചൂണ്ടിക്കാട്ടി. 100 വര്‍ഷത്തിനിടെ ഇത്തരം കാറ്റ് ഉണ്ടായിട്ടില്ല.വളറെ ശക്തമായ ന്യൂനമര്‍ദ്ദമാണെന്ന് മാത്രമാണ് ആദ്യം വിവരം ലഭിച്ചത്. പിന്നീടാണ് ശക്തമായ കാറ്റാണെന്ന് മനസിലായത്. കാറ്റിന്റെ ശക്തി വര്‍ധിക്കുന്നതിനനുസരിച്ച് കൃത്യമായ മുന്നറിയിപ്പുകള്‍ നല്‍കിയിരുന്നു. അത് സംസ്ഥാന സര്‍ക്കാരിനെ അറിയിക്കുകയും ചെയ്തിരുന്നു. ഈ സമയത്ത് കുറ്റപ്പെടുത്തലുകള്‍ നടത്താതെ എല്ലാവരും ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
കഴിഞ്ഞ ദിവസം മുഖ്യമന്ത്രി എത്തിയപ്പോള്‍ ഉണ്ടായ പ്രതിഷേധം കണക്കിലെടുത്ത് കേന്ദ്രമന്ത്രിയുടെ സന്ദര്‍ശനത്തിന് കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
മന്ത്രിമാരായ കടകംപള്ളി സൂരേന്ദ്രന്‍, മേഴ്സിക്കുട്ടിയമ്മ എന്നിവരും മന്ത്രിയോടൊപ്പമുണ്ട്. രാവിലെ 11 മണിയോടെ മന്ത്രി മുഖ്യമന്ത്രിയെ കാണും.രാവിലെ വ്യോമസേനയുടെ പ്രത്യേക ഹെലികോപ്റ്ററിലാണ് മന്ത്രി തിരുവനന്തപുരത്തെത്തിയത്. ജില്ലാ കളക്ടര്‍, നാവികസേന,തീരദേശ സേന ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ അവലോകന യോഗത്തില്‍ പങ്കെടുത്തു.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്