അച്ഛന് എംപി സ്ഥാനം തന്നെ, മകന് കല്‍പ്പറ്റ സീറ്റ്; ജെഡിയു വീണ്ടും ഇടതുമുന്നണിയിലേക്ക്
തിരുവനന്തപുരം: ഇടതു മുന്നണിയില്‍ ചേരാന്‍ ജനതാദള്‍ (യു) തീരുമാനിച്ചു. ഇന്നു ചേര്‍ന്ന സംസ്ഥാന സെക്രട്ടറിയേറ്റില്‍ 14 ജില്ലാ പ്രസിഡന്റുമാരും തീരുമാനത്തെ അനുകൂലിച്ചു. ഏകകണ്ഠമായാണ് തീരുമാനമെടുത്തതെന്ന് സംസ്ഥാന സെക്രട്ടറിയേറ്റിന് ശേഷം സംസ്ഥാന ജനറല്‍ സെക്രട്ടറി വര്‍ഗീസ് ജോര്‍ജ് അറിയിച്ചു.എല്‍.ഡി.എഫിലേക്ക് പോകാന്‍ ഇതാണ് അനുയോജ്യമായ സമയമെന്ന് സംസ്ഥാന അധ്യക്ഷന്‍ എം. പി വീരേന്ദ്രകുമാര്‍ യോഗത്തില്‍ പറഞ്ഞു. സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം തീരുമാനം അംഗീകരിച്ച നിലയ്ക്ക് നാളെ നടക്കുന്ന സംസ്ഥാന കൗണ്‍സിലില്‍ തീരുമാനം പാസാക്കും.
ജനതാദള്‍ യുണൈറ്റഡിന്റെ കേരളാ ഘടകം ഇനിയുണ്ടാവില്ല. വീരനും കൂട്ടരും ഇനി സോഷ്യലിസ്റ്റ് ജനത. പഴയ സംസ്ഥാന പാര്‍ട്ടിയെ വീണ്ടും പൊടി തട്ടിയെടുത്ത് മുന്നണി മാറാനാണ് വീരേന്ദ്രകുമാറിന്റെ തീരുമാനം. ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ബിജെപി പ്രേമമാണ് വീരനെ വെട്ടിലാക്കിയത്. നിതീഷുമായി ഇടഞ്ഞുനിന്ന വീരന്റെ രാജ്യസഭാ അംഗത്വം അയോഗ്യമാക്കാന്‍ ജെഡിയു ദേശീയ നേതൃത്വത്തിന് കഴിയും. ഇത് മനസ്സിലാക്കി എംപി സ്ഥാനം രാജിവയ്ക്കുകയായിരുന്നു വീരേന്ദ്ര കുമാര്‍. അതിന് ശേഷം ഇടതുപക്ഷ പിന്തുണയോടെ വീണ്ടും മത്സരിച്ച് എംപിയാകാനാണ് തീരുമാനം. ഈ ഫോര്‍മുല സിപിഎമ്മും അംഗീകരിച്ചിട്ടുണ്ട്.
യുഡിഎഫുമായുള്ള ബന്ധത്തില്‍ നഷ്ടം മാത്രമാണ് നടന്നിരിക്കുന്നതെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരിയുടെ ക്ഷണത്തെ പോസിറ്റീവായി കാണുന്നുവെന്നും ജെഡിയു നേതാക്കള്‍ വ്യക്തമാക്കിയിരുന്നത് ഈ സാഹചര്യത്തിലാണ്. ജെഡിയു വൈസ് പ്രസിഡന്റ് ചാരുപാറ രവി, ഷെയ്ഖ് പി ഹാരിസ് എന്നിവരാണ് മുന്നണി മാറ്റം ഉണ്ടാകുമെന്ന സൂചനകള്‍ നല്‍കിയിരുന്നു. കോണ്‍ഗ്രസിനെ കുറ്റം പറഞ്ഞാണ് മുന്നണി മാറ്റമെന്നതും ശ്രദ്ധേയമാണ്. വീരേന്ദ്രകുമാറിന്റെ മകന്‍ ശ്രേയംസ് കുമാറിന് അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സുരക്ഷിത മണ്ഡലവും നല്‍കും. മാത്യു ടി തോമസിന്റെ ജനതാദള്ളുമായി ജെഡിയു കേരള ഘടകത്തിന്റെ ലയനം സാധ്യമാക്കാനും സിപിഎം ശ്രമം തുടങ്ങിയിട്ടുണ്ട്.
സിപിഎമ്മുമായി വീരന്‍ നേരിട്ട് തന്നെ ആശയ വിനിമയങ്ങള്‍ നടത്തിയതിന്റെ തുടര്‍ ഫലമാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്. വ്യക്തമായ ധാരണയുണ്ടാവുകയും ചെയ്തു. ബിജെപിയുടെ ഭീഷണിയെ ചെറുക്കാനാണ് വീരന്റെ നീക്കം. നിതീഷ് കുമാര്‍ ബിജെപിക്കൊപ്പം ചേരുമ്ബോള്‍ വീരനെ പോലൊരു സോഷ്യലിസ്റ്റിന് അതിനെ അംഗീകരിക്കാന്‍ കഴിയില്ല. നിതീഷും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഒരു കാലത്ത് വലിയ രാഷ്ട്രീയ ശത്രുതയിലായിരുന്നു. ഇത് മനസ്സിലാക്കിയാണ് സോഷ്യലിസ്റ്റ് ജനത, ജെഡിയുവില്‍ ലയിച്ചത്. പാര്‍ട്ടിക്ക് ദേശീയ മുഖം കിട്ടാനായിരുന്നു ഇത്. എന്നാല്‍ പഴയതെല്ലാം വിഴുങ്ങി ബിജെപി പാളയത്തിലേക്ക് നിതീഷ് പോകുമ്ബോള്‍ ശരിയായ തീരുമാനമാണ് വീരന്‍ എടുക്കുന്നതെന്നാണ് മുന്നണി മാറ്റത്തെ കുറിച്ച് സിപിഎം നേതാവ് പ്രതികരിച്ചത്. അതുകൊണ്ട് തന്നെ എല്ലാവിധ പിന്തുണയും നല്‍കുമെന്നും അവര്‍ പറയുന്നു.
യുഡിഎഫിന്റെ ഭാഗമായാണ് വീരന് രാജ്യസഭാ സീറ്റ് കിട്ടിയത്. പാലക്കാട് ലോക്സഭാ സീറ്റില്‍ വീരന്‍ മത്സരിച്ചു. ദയനീയ തോല്‍വിയാണ് ഉണ്ടായത്. ഇതോടെ കാലുവാരല്‍ വിവാദമെത്തി. ഇതിനിടെയാണ് വീരന് രാജ്യസഭാ സീറ്റ് നല്‍കി പ്രശ്നം യുഡിഎഫും കോണ്‍ഗ്രസും തണുപ്പിച്ചത്. എന്നാല്‍ രാഷ്ട്രപതി തെരഞ്ഞെടുപ്പ് ഈ ഒത്തുതീര്‍പ്പിനേയും തകര്‍ത്തു. കോവിന്ദിന് വോട്ട് ചെയ്യാതിരുന്നാല്‍ എംപി സ്ഥാനം നഷ്ടമാകുമെന്ന് വീരന് അറിയാം. നിലവില്‍ സ്ഥാനം രാജിവച്ച് അയോഗ്യത ഒഴിവാക്കി യുഡിഎഫില്‍ നിന്നാല്‍ എംപിയായി വീണ്ടുമെത്താന്‍ കഴിയില്ല. കാരണം നിയമസഭയിലെ ഭൂരിപക്ഷം പരിഗണിച്ചാല്‍ രാജ്യസഭയിലേക്കുള്ള ഉപതെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന് മാത്രമേ വിജയിക്കാനാവൂ. ഇത് മനസ്സിലാക്കിയാണ് വീരന്‍ ചുവടുമാറുന്നതെന്നാണ് പൊതുവെയുള്ള വിലയിരുത്തുന്നു.
യുഡിഎഫില്‍ മുന്നണി ബന്ധത്തെ ഓര്‍ത്ത് പലതും വിഴുങ്ങേണ്ട അവസ്ഥയാണ്. ഇടതുമുന്നണിയാണ് കൂടുതല്‍ കംഫര്‍ട്ടബിള്‍. കോണ്‍ഗ്രസില്‍ ശക്തമായ അടിയൊഴുക്കും ഗ്രൂപ്പിസവുമാണ്. മുന്നണിമാറ്റവുമായി ബന്ധപ്പെട്ട് പലവട്ടം ചര്‍ച്ചകള്‍ നടന്നതായും ചാരുപാറ രവി പറഞ്ഞു. അതേസമയം പരാതികള്‍ പരിഹരിക്കാന്‍ കോണ്‍ഗ്രസ് തയ്യാറാകുന്നില്ലെന്നാണ് ഷെയ്ഖ് പി ഹാരിസ് പറഞ്ഞത്. വരുന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന് മുമ്ബ് വലിയ രാഷ്ട്രീയമാറ്റം ഉണ്ടാകും. യുഡിഎഫില്‍ വന്നശേഷം ജെഡിയുവിന് കനത്ത രാഷ്ട്രീയ നഷ്ടം ഉണ്ടായി. ജെഡിയുവിന് മുന്നണി മാറ്റം അനിവാര്യമാണ്. ആശയപരമായി ഇടതുപക്ഷവും ജെഡിയുവും സഖ്യകക്ഷികളാണെന്നും ഷെയ്ഖ് പി ഹാരിസ് വ്യക്തമാക്കി. ജെഡിയുവിനെ ഇടതു പക്ഷത്ത് എത്തിക്കാന്‍ ഏറെ നാളായി മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ ശ്രമിച്ചിരുന്നു. വീരനുമായി വേദി പങ്കിടുകയും ചെയ്തു.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്