പോര് യുദ്ധം ഫലം കണ്ടു ; ജയ്‌റ്റ്‌ലിക്കൊപ്പം തുഷാര്‍ ഉത്തര്‍പ്രദേശില്‍ നിന്ന് എം പി ആകും
ബിഡിജെഎസില്‍നിന്ന് 14 പേര്‍ക്ക് ഡയറക്ടര്‍ ബോര്‍ഡുകളില്‍ പങ്കാളിത്തം
സുഭാഷ് വാസുവിനു നാളികേര വികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍
തിരുവനന്തപുരം: ബിഡിജെഎസ് ചെയര്‍മാന്‍ തുഷാര്‍ വെള്ളാപ്പള്ളിക്ക് രാജ്യസഭാ സീറ്റ് നല്‍കാന്‍ ബിജെപി തീരുമാനമെടുത്തു. ഉത്തര്‍പ്രദേശില്‍നിന്നാകും തുഷാര്‍ മല്‍സരിക്കുക. അടുത്തയാഴ്ച തന്നെ നാമനിര്‍ദ്ദേശപത്രിക നല്‍കുമെന്നാണ് സൂചന. വിവരം ബിജെപി കേന്ദ്രനേതൃത്വം തുഷാറിനെ അറിയിച്ചു.
എന്‍ഡിഎ ഘടകകക്ഷികള്‍ക്കും പദവികള്‍ നല്‍കിയിട്ടുണ്ട്. മറൈന്‍ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ പദവി കേരള കോണ്‍ഗ്രസ് പി.സി. തോമസ് വിഭാഗം സംസ്ഥാന സെക്രട്ടറിയായ രാജന്‍ കണ്ണാട്ടിനാണ്. പിഎസ്പിയുടെ അധ്യക്ഷന്‍ കെ.കെ. പൊന്നപ്പന് ഫിഷറിസ് കോര്‍പ്പറേഷനും ബിഡിജെഎസ് സംസ്ഥാന ജനറല്‍ സെക്രട്ടറി സുഭാഷ് വാസുവിനു നാളികേര വികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ പദവിയുമാണു ലഭിച്ചിരിക്കുന്നത്. ബിഡിജെഎസില്‍നിന്ന് 14 പേര്‍ക്ക് ഡയറക്ടര്‍ ബോര്‍ഡുകളില്‍ പങ്കാളിത്തം നല്‍കിയിട്ടുമുണ്ട്.
എന്‍ഡിഎ മുന്നണിയില്‍നിന്ന് അര്‍ഹിക്കുന്ന പരിഗണന ലഭിക്കുന്നില്ലെന്ന പരാതിയുമായി ബിഡിജെഎസ് പലതവണ രംഗത്തുവന്നിരുന്നു. പല തവണ ഇടതുമുന്നണിയോട് അടുക്കുന്ന സൂചനപോലും ബിഡിജെഎസ് സംസ്ഥാന അധ്യക്ഷന്‍ വെള്ളാപ്പള്ളി നടേശനും നല്‍കി. ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പ് അടുത്തിരിക്കെ സീറ്റ് വേണമെന്നും ഇല്ലെങ്കില്‍ ഒറ്റയ്ക്കു മല്‍സരിക്കണമെന്ന അഭിപ്രായം പോലും ബിഡിജെഎസില്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ പിന്നീട് ഈ സീറ്റ് ബിജെപി തന്നെ ഏറ്റെടുക്കുകയായിരുന്നു. ഈ നീക്കങ്ങള്‍ക്കിടെയാണ് ബിജെപി കേന്ദ്ര നേതൃത്വം വിഷയത്തില്‍ ഇടപെട്ടത്.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്