യോഗി ആദിത്യനാഥിന്റെ കാല്‍ തൊട്ട് വണങ്ങിയ സംഭവത്തില്‍ വിശദീകരണവുമായി രജനികാന്ത്
ചെന്നൈ: ജയിലര്‍ ചിത്രത്തിന്റെ പ്രദര്‍ശനവുമായി ബന്ധപ്പെട്ട് രജനികാന്ത് കഴിഞ്ഞ ദിവസം ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ സന്ദര്‍ശിച്ചത് വാര്‍ത്തയായിരുന്നു.
യോഗി ആദിത്യനാഥിനെ ലക്നൗവിലെ വസതിയിലെത്തി സന്ദര്‍ശിച്ച താരം അദ്ദേഹത്തിന്റെ പാദത്തില്‍ തൊട്ട് അനുഗ്രഹം വാങ്ങിയത് സമ്മിശ്ര പ്രതികരണങ്ങളാണുണ്ടാക്കിയത്. സംഭവത്തില്‍ രജനികാന്ത് തന്നെ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ്.
സന്യാസി എന്ന നിലയിലാണ് യോഗി ആദിത്യനാഥിന്റെ കാല്‍ തൊട്ട് വണങ്ങിയത് എന്നാണ് രജനികാന്ത് അറിയിക്കുന്നത്. സന്യാസിമാരുടെ കാല്‍ തൊട്ടുവണങ്ങുന്നത് ശീലമാണ്. തന്നേക്കാള്‍ പ്രായം കുറഞ്ഞ സന്യാസിമാരോട് ആദരം അറിയിക്കുന്നത് അങ്ങനെയാണെന്നും താരം വ്യക്തമാക്കി. ജയിലര്‍ പുറത്തിറങ്ങിയതിന് പിന്നാലെ ആരംഭിച്ച ആത്മീയ യാത്ര പൂര്‍ത്തിയാക്കി ചെന്നൈയില്‍ തിരിച്ചെത്തിയ ശേഷമായിരുന്നു അദ്ദേഹം പ്രതികരണം നടത്തിയത്.
ജയിലര്‍ സിനിമയുടെ പ്രദര്‍ശനവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസമാണ് രജനികാന്ത് ഉത്തര്‍പ്രദേശിലെത്തിയത്. കൂടിക്കാഴ്ചക്കിടെ യോഗി ആദിത്യനാഥ് രജനിയ്ക്ക് ഒരു പുസ്തകവും ചെറിയ ഗണപതി വിഗ്രഹവും സമ്മാനിച്ചു.
കഴിഞ്ഞദിവസം ജാര്‍ഖണ്ഡിലെ ഛിന്നമസ്താ ക്ഷേത്രത്തിലും രജനി ദര്‍ശനം നടത്തിയിരുന്നു. ജാര്‍ഖണ്ഡ് ഗവര്‍ണര്‍ സി പി രാധാകൃഷ്‌ണനുമായും അദ്ദേഹം കൂടിക്കാഴ്‌ച നടത്തി. ഋഷികേശില്‍ ദയാനന്ദ സ്വാമി ആശ്രമത്തിലും അദ്ദേഹം സന്ദര്‍ശനം നടത്തി.സുഹൃത്തുക്കള്‍ക്കൊപ്പം ഹിമാലയത്തില്‍ നിന്നുള്ള ചിത്രങ്ങളും ബദരീനാഥ് ക്ഷേത്രദര്‍ശനം നടത്തിയ ചിത്രങ്ങളും പുറത്തുവന്നിരുന്നു.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്