ചുറ്റും നിലവിളികള്‍, മരണസംഖ്യ 108; വ്യോമസേനയുടെ സാഹസിക ലാന്‍ഡിംഗ്; മൃതദേഹങ്ങള്‍ കണ്ടെത്തുന്നതില്‍ പരിശീലനം ലഭിച്ച രണ്ട് പോലീസ് നായ്‌ക്കള്‍
മേപ്പാടി: വയനാട്ടിലെ ഉരുള്‍പൊട്ടലില്‍ മരണസംഖ്യ 108 ആയി. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്ന് ആശങ്ക നിലനില്‍ക്കുന്നുണ്ട്.
ഒട്ടനവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ദുരന്തസ്ഥലത്ത് ഇനിയും ഒട്ടേറെപേരെ കണ്ടെത്താനുണ്ട്. കണ്ടെത്തിയ മൃതദേഹങ്ങള്‍ പലതും തിരിച്ചറിയാനായിട്ടില്ല. വ്യോമ സേനയുടെ വിമാനം വൈകുന്നേരത്തോടെ എയര്‍ ലിഫ്റ്റിംഗ് നടത്തി. വ്യോമസേനയുടെ സാഹസിക ലാന്‍ഡിംഗാണ് വ്യോമസേന നടത്തിയത്
ചൂരല്‍മലയും മുണ്ടക്കൈയും കേന്ദ്രീകരിച്ച് നിലവില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. സൈന്യം എല്ലാ വിഭാഗങ്ങളും ഒറ്റ മനസ്സോടെയാണ് രക്ഷാപ്രവര്‍ത്തനത്തിനായി രംഗത്തുള്ളത്.്. മുണ്ടക്കൈയില്‍ കുടുങ്ങിയ നൂറോളം പേരെ സൈന്യം കണ്ടെത്തി. രക്ഷാപ്രവര്‍ത്തനം സുഗമമാക്കാനായി സൈന്യത്തിന്റെ നേതൃത്വത്തില്‍ പ്രദേശത്ത് താത്കാലിക പാലം നിര്‍മിക്കാനുള്ള ശ്രമങ്ങളും ആരംഭിച്ചു. താത്കാലിക പാലം നിര്‍മിക്കാനുള്ള ഉപകരണങ്ങള്‍ ഡല്‍ഹിയില്‍നിന്നും ചെന്നൈയില്‍നിന്നും വിമാനമാര്‍ഗം എത്തിക്കും.
കണ്ണൂരില്‍നിന്നും കോഴിക്കോടുനിന്നുമുള്ള സൈനികരാണ് ദുരന്തമേഖലയിലുള്ളത്. മുണ്ടക്കൈയിലടക്കം കുടുങ്ങികിടക്കുന്നവരെ റോപ്പ് വഴിയാണ് നിലവില്‍ പുറത്തെത്തിക്കുന്നത്. അതേസമയം, വെളിച്ചക്കുറവ് രക്ഷാപ്രവര്‍ത്തനത്തിന് വെല്ലുവിളിയാകുമെന്നു ആശങ്കയും നിലനില്‍ക്കുന്നു. വൈകീട്ട് നാലരയോടെ ചൂരല്‍മല ഉള്‍പ്പെടെയുള്ള ദുരന്തബാധിത മേഖലകളില്‍ കനത്ത മൂടല്‍മഞ്ഞ് നിറഞ്ഞിരിക്കുകയാണ്. സമയം വൈകുതോറം വെളിച്ചം കുറയും. ഇതിനുള്ള പരിഹാരമാര്‍ഗങ്ങളും രക്ഷാപ്രവര്‍ത്തകര്‍ തേടുന്നുണ്ട്.
ഉത്തരമേഖല ഐജി, ഡിഐജി എന്നിവർ ദുരന്ത മേഖലയില്‍ രക്ഷാപ്രവർത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുകയാണ്. പ്രവർത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് ചുമതലപ്പെടുത്തിയ ക്രമസമാധാനവിഭാഗം എഡിജിപിയും വയനാട് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നുണ്ട്. പോലീസിന്റെ പ്രവർത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനും തിരച്ചില്‍ സംഘങ്ങള്‍ക്ക് ആവശ്യമായ നിർദ്ദേശങ്ങള്‍ നല്‍കുന്നതിനും തിരുവനന്തപുരത്ത് പോലീസ് ആസ്ഥാനത്ത് പ്രത്യേക കണ്‍ട്രോള്‍ റൂം പ്രവർത്തനം ആരംഭിച്ചു. സംസ്ഥാന പോലീസ് മേധാവിയുടെ നേരിട്ടുള്ള നിയന്ത്രണത്തിലാണിത്. പോലീസ് ആസ്ഥാനത്തെ കണ്‍ട്രോള്‍ റൂമില്‍ ലഭിക്കുന്ന വിവരങ്ങള്‍ അപ്പപ്പോള്‍ ദുരിതബാധിത പ്രദേശത്തെ തിരച്ചില്‍ സംഘങ്ങള്‍ക്ക് കൈമാറുന്നതിന് ആവശ്യമായ നടപടി സ്വീകരിച്ചിട്ടുണ്ട്.
ലോക്കല്‍ പോലീസിനെ കൂടാതെ കേരള ആംഡ് പോലീസ് ബറ്റാലിയനുകള്‍, റാപ്പിഡ് റെസ്‌പോണ്‍സ് ആൻറ് റെസ്‌ക്യു ഫോഴ്‌സ്, സ്‌പെഷ്യല്‍ ഓപ്പറേഷൻ ഗ്രൂപ്പ് എന്നിവയില്‍ നിന്നുള്ള പോലീസ് ഉദ്യോഗസ്ഥർ രക്ഷാ പ്രവർത്തനങ്ങളില്‍ പങ്കെടുക്കുന്നു. കെ.എ.പി അഞ്ചാം ബറ്റാലിയനിലെ ഹൈ ആള്‍ട്ടിറ്റിയൂഡ് ട്രെയിനിങ് സെന്ററില്‍ നിന്നുള്ള വിദഗ്ധ പരിശീലനം ലഭിച്ച പോലീസ് ഉദ്യോഗസ്ഥരും രക്ഷാ പ്രവർത്തനത്തില്‍ പങ്കാളികളാകും. തിരച്ചിലിന് സഹായിക്കുന്നതിനായി വിവിധ ജില്ലകളില്‍ നിന്ന് പോലീസിന്റെ ഡ്രോണ്‍ സംഘങ്ങളെയും വയനാട്ടിലേയ്‌ക്ക് നിയോഗിച്ചിട്ടുണ്ട്. മണ്ണിനടിയില്‍ നിന്ന് മൃതദേഹങ്ങള്‍ കണ്ടെത്തുന്നതില്‍ പ്രത്യേക പരിശീലനം ലഭിച്ച രണ്ട് പോലീസ് നായ്‌ക്കളേയും തിരച്ചിലിനായി ഉപയോഗിക്കുന്നു.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്