മുഖ്യമന്ത്രിയുടെ പങ്ക് വ്യക്തമാക്കാന്‍ തെളിവില്ലെന്ന് വിജിലന്‍സ് കോടതി , മാത്യു കുഴല്‍നാടന് തിരിച്ചടി
തിരുവനന്തപുരം: മാസപ്പടി കേസില്‍ മുഖ്യമന്ത്രി പിണറായി വിജയൻ, മകള്‍ വീണാ വിജയൻ എന്നിവർക്കെതിരേ അന്വേഷണം ആവശ്യപ്പെട്ട് മാത്യു കുഴല്‍നാടൻ എം.എല്‍.എ.
നല്‍കിയ ഹർജി തള്ളി. തിരുവനന്തപുരം വിജിലൻസ് കോടതിയാണ് ഹർജി തള്ളിയത്.
മാസപ്പടി കേസില്‍ കോടതി നേരിട്ട് അന്വേഷണം നടത്തണമെന്നായിരുന്നു മാത്യു കുഴല്‍നാടന്റെ ആവശ്യം. എന്നാല്‍ വിശദമായ വാദം കേട്ട ശേഷം ആവശ്യം കോടതി നിരാകരിക്കുകയായിരുന്നു.
സി.എം.ആർ.എല്ലിന് കരിമണല്‍ ഖനനവുമായി ബന്ധപ്പെട്ട് അനധികൃതമായി അനുമതി നല്‍കിയതിന്റെ പ്രത്യുപകാരമായിട്ടാണ് എക്സാലോജിക്കിന് പണം നല്‍കിയത് എന്നായിരുന്നു മാത്യു കുഴല്‍നാടന്റെ വാദം. ഇത് സംബന്ധിച്ച് വിശദമായ അന്വേഷണം വേണം എന്ന് ആവശ്യപ്പെട്ടായിരുന്നു വിജിലൻസ് കോടതിയില്‍ ഹർജി നല്‍കിയിരുന്നത്. ആദ്യം കേസ് വിജിലൻസ് അന്വേഷിക്കണമെന്നായിരുന്നു കുഴല്‍നാടന്റെ ആവശ്യം. എന്നാല്‍ പിന്നീട് കോടതി നേരിട്ട് അന്വേഷിക്കണമെന്ന് നിലപാട് എടുത്തു.
പിന്നാലെ കോടതി കൂടുതല്‍ തെളിവുകള്‍ ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍, കഴിഞ്ഞ രണ്ട് തവണ കോടതി ഹർജികള്‍ പരിഗണിച്ചപ്പോള്‍ കുഴല്‍നാടൻ വിവിധ രേഖകള്‍ ഹാജരാക്കി. കരിമണല്‍ ഖനനത്തിന് മുഖ്യമന്ത്രി നേരിട്ട് അനധികൃതമായി അനുമതി നല്‍കാൻ ഇടപെട്ടു എന്ന് തെളിയിക്കുന്നുവെന്ന് അവകാശപ്പെടുന്ന അഞ്ച് രേഖകളായിരുന്നു കോടതിയില്‍ ഹാജരാക്കിയത്.
എന്നാല്‍ രേഖകളിലൊന്നും മുഖ്യമന്ത്രിയുടെ പങ്ക് വ്യക്തമാക്കുന്ന ഒരു തെളിവും ഇല്ലെന്നായിരുന്നു വിജിലൻസ് പ്രോസിക്യൂട്ടർ കോടതിയെ ധരിപ്പിച്ചത്.
തോട്ടപ്പള്ളി സ്പില്‍വേയില്‍നിന്ന് മൂന്ന് ദിവസത്തിനകം എക്കലും മണ്ണും നീക്കംചെയ്യണമെന്ന് നിർദേശിക്കുന്ന ജില്ലാ കളക്ടറുടെ കത്ത്, കെ.എം.ഇ.ആർ.എല്ലിന്റെ കൈവശമുള്ള അധിക ഭൂമിക്ക് ഇളവ് അനുവദിക്കണമെന്ന അപേക്ഷ സർക്കാർ തള്ളിയതിനെതിരേ ഹൈക്കോടതി നല്‍കിയ അനുകൂല ഉത്തരവ്, ഉത്തരവിന്റെ അടിസ്ഥാനത്തില്‍ വിശദപരിശോധന നിർദേശിച്ചുള്ള സർക്കാർ കുറിപ്പ് എന്നിവ മാത്യു കുഴല്‍നാടൻ കോടതിയില്‍ ഹാജരാക്കി.
ഇതിനെതിരേ സർക്കാർ വീണ്ടും സി.എം.ആർ.എല്ലിന്റെ അപേക്ഷ തള്ളിയ ഉത്തരവ് വിജിലൻസും ഹാജരാക്കി.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്