×

തൃണമൂലിന് വോട്ടുചെയ്യന്നതിനേക്കാള്‍ നല്ലത് ബിജെപിക്ക് വോട്ട് ചെയ്യുന്നതും; അധീറിന്റെ പ്രസംഗം ആയുധമാക്കി തൃണമൂല്‍; കോണ്‍ഗ്രസിന് തലവേദന

കൊല്‍ക്കത്ത: തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ തൃണമൂല്‍ കോണ്‍ഗ്രസിനെതിരേ നടത്തിയ പ്രസംഗ വിവാദത്തില്‍ കുടുങ്ങി മുതിർന്ന കോണ്‍ഗ്രസ് നേതാവും എംപിയുമായ അധീർ രഞ്ജൻ ചൗധരി.

തൃണമൂലിന് വോട്ടുചെയ്യുന്നതിനേക്കാള്‍ നല്ലത് ബിജെപിക്ക് വോട്ടുചെയ്യുന്നതാണെന്നുള്ള അധീറിന്റെ പ്രസംഗ വീഡിയോ തൃണമൂല്‍ കോണ്‍ഗ്രസ് തങ്ങളുടെ ഔദ്യോഗിക എക്സ് പേജിലൂടെ പുറത്തുവിട്ടതോടെ കോണ്‍ഗ്രസ് പ്രതിരോധത്തിലുമായി.

ഈ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസും ഇടതുപാർട്ടികളും ജയിക്കേണ്ടത് അത്യാവശ്യമാണ്. അങ്ങനെ സംഭവിച്ചില്ലെങ്കില്‍ മതേതരത്വം ഇല്ലാതാവും. തൃണമൂലിന് വോട്ടുചെയ്യന്നതിനേക്കാള്‍ നല്ലത് ബിജെപിക്ക് വോട്ട് ചെയ്യുന്നതാണ്-ഇതാണ് അധീറിന്റെ പ്രസ്താവന. ലോക്‌സഭയില്‍ കോണ്‍ഗ്രസ് കക്ഷി നേതാവായിരുന്നു ആധീർ. പ്രവർത്തകസമിതിയിലും അംഗമാണ്. ഏതായാലും ബംഗാളില്‍ ഈ വിഡിയോ വലിയ ചർച്ചയാണ്. എന്നാല്‍ വീഡിയോയെ കുറിച്ച്‌ കൂടുതല്‍ അറിയില്ലെന്നാണ് മുതിർന്ന കോണ്‍ഗ്രസ് നേതാവ് ജയറാം രമേശിന്റെ പ്രതികരണം. ഏത് സന്ദർഭത്തിലാണ് അധീർ സംസാരിച്ചതെന്ന് വ്യക്തമായിട്ടില്ലെന്നും ജയറാം രമേശ് പറഞ്ഞു.

വീഡിയോ പുറത്തുവന്നതോടെ അധീർ ബംഗാളില്‍ ബിജെപിയുടെ ബി.ടീമായി പ്രവർത്തിക്കുകയാണെന്ന ആരോപണമുന്നയിച്ചുകൊണ്ട് തൃണമൂല്‍ കോണ്‍ഗ്രസ് രംഗത്തെത്തി. ബിജെപിയുടെ കണ്ണും ചെവിയമായി പ്രവർത്തിച്ച ശേഷം ഇപ്പോള്‍ അവരുടെ ശബ്ദമായും ചൗധരി മാറിയെന്ന് തൃണമൂല്‍ ആരോപിച്ചു. ഇത് ജനങ്ങള്‍ തിരിച്ചറിയണമെന്നും തൃണമൂല്‍ എക്സില്‍ പരാമർശിച്ചു.

25 വർഷമായി ബഹ്റാംപുരില്‍ നിന്നുള്ള എംപിയാണ് അധീർ രഞ്ജൻ ചൗധരി. ഇത്തവണയും അധീർ തന്നെയാണ് സ്ഥാനാർത്ഥി. ബംഗാളില്‍ ഇന്ത്യാ സഖ്യമില്ലാതെ അധീറിനെതിരേ മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം യൂസഫ് പഠാനെയാണ് തൃണമൂല്‍ ഇത്തവണ രംഗത്തിറക്കിയിരിക്കുന്നത്. ഇതോടെ മത്സരം കനക്കുകയും ചെയ്തു. ഇതിനിടെയാണ് അധീറിന്റെ പരാമർശം വിവാദമായത്.

 

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top