×

ഡോക്ടറും ഐഎഎസ് പദവിയും കളഞ്ഞ് രാഷ്ട്രീയത്തിലൂടെ രാഷ്ട്ര നിര്‍മ്മാണം – ഡോ സരിന്‍ ഇങ്ങനെ

ഒറ്റപ്പാലം തിരുവില്വാമല പകവത്ത് കുടുംബാംഗമായ ഡോ. പി സരിൻ സിവില്‍ സർവ്വീസ് ഉപേക്ഷിച്ച്‌ രാഷ്ട്രീയവഴി സ്വീകരിച്ചയാളാണ്. 2007ല്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍നിന്ന് എംബിബിഎസ് പഠനം പൂർത്തിയാക്കിയ സരിൻ 2008 ലാണ് ആദ്യമായി സിവില്‍ സർവീസ് പരീക്ഷ എഴുതിയത്.

അന്ന് 555ാം റാങ്ക് നേടിയ സരിന് ഇന്ത്യന്‍ അക്കൗണ്ടസ് ആൻഡ് ഓഡിറ്റ് സര്‍വീസിലേക്ക് വഴിതുറന്നുകിട്ടി. തിരുവനന്തപുരത്തായിരുന്നു ആദ്യ പോസ്റ്റിങ്ങ്. പിന്നീട് നാലു വര്‍ഷം കർണ്ണാടകയിലും ഡെപ്യൂട്ടി അക്കൗണ്ടന്റ് ജനറലായി സേവനമനുഷ്ഠിച്ചു.

സിവില്‍ സർവ്വീസ് ഉപേക്ഷിക്കുക എന്ന തീരുമാനത്തിലേക്ക് എത്തിയത് 2016ലാണ്. അത് ഒരു ദിവസത്തെ തോന്നലൊന്നുമല്ലായിരുന്നു എന്നാണ് സരിൻ പറയാറുള്ളത്. മാതാപിതാക്കളുടെയടക്കം എതിർപ്പ് മറികടന്ന് ആ തീരുമാനത്തിലേക്ക് എത്തുക എളുപ്പമല്ലായിരുന്നു. ഭാര്യയും നവജാത ശിശുരോഗ വിദഗ്ധയുമായ ഡോ. സൗമ്യയുടെ പൂർണപിന്തുണ ഉറപ്പായതോടെ മറ്റെല്ലാ എതിർപ്പുകളെയും മറികടന്ന് സരിൻ തന്റെ തീരുമാനത്തിലുറച്ചുനിന്നു. ഐഎഎസ് എന്ന പദവി ഉപേക്ഷിച്ച്‌ തൊട്ടുപിന്നാലെ യൂത്ത് കോണ്‍ഗ്രസിലൂടെ രാഷ്ട്രീയപ്രവേശം നടത്തി. രാഷ്ട്രീയത്തിലൂടെ രാഷ്ട്രനിർമ്മാണം എന്നതാണ് തന്റെ പക്ഷമെന്ന് സരിൻ പറഞ്ഞിട്ടുണ്ട്. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി കൂടിയായ സരിൻ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഒറ്റപ്പാലം മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാർഥിയായി മത്സരിച്ച്‌ പരാജയപ്പെട്ടിരുന്നു.

ബിബിസി ഡോക്യുമെന്ററിയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കൊടുവില്‍ കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ച അനില്‍ ആന്റണിക്കു പകരക്കാരനായി 2023ല്‍ കെപിസിസി ഡിജിറ്റല്‍ മീഡിയയുടെ ചുമതലയിലേക്ക് സരിൻ‌ എത്തി. 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പ് കാലത്ത് കോണ്‍ഗ്രസിന്‍റെ ഗവേഷണ വിഭാഗത്തിലും ഐടി സെല്ലിലും സരിന്‍ പ്രവര്‍ത്തിച്ചിരുന്നു. ഇതിനിടെ, എല്‍എല്‍ബി പഠനത്തിനുള്ള പ്രവേശന പരീക്ഷയില്‍ സംസ്ഥാന തലത്തില്‍ പത്താം റാങ്ക് നേടി സരിൻ എറണാകുളത്തെ സർക്കാർ ലോ കോളജില്‍ ത്രിവർഷ കോഴ്സില്‍ ചേർന്നു. ജനാധിപത്യത്തിന്റെ മൂന്നാം തൂണിനെ അടുത്തറിയാനുള്ള പഠനമാണെന്നാണ് നിയമപഠനത്തെക്കുറിച്ച്‌ അന്ന് സരിൻ പറഞ്ഞത്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top