റബര്‍ വില കുത്തനെ ഇടിഞ്ഞു; ശേഖരിച്ച് വച്ചവര്‍ക്കും പണി കിട്ടും
കോട്ടയം: റെക്കാഡ് പുതുക്കി 250 രൂപയും കടന്ന് കുതിച്ച റബര്‍ വില വാരാന്ത്യത്തില്‍ താഴേക്ക് നീങ്ങി. കപ്പല്‍, കണ്ടയ്നര്‍ ക്ഷാമം മൂലം കെട്ടിക്കിടന്ന ഇറക്കുമതി റബര്‍ വിപണിയിലെത്തിയതാണ് വില കുറയാന്‍ ഇടയാക്കിയത്.
ടയര്‍ ലോബി വാങ്ങല്‍ നിറുത്തിയതോടെ വില 239 രൂപയിലേക്ക് താഴ്ന്നു. ഒരു ലക്ഷം ടണ്‍ റബര്‍ കൂടി ഈ മാസം വിപണിയിലെത്തും. വില കൂടുമെന്ന പ്രതീക്ഷയില്‍ ഷീറ്റ് പിടിച്ചുവെച്ച വ്യാപാരികളും ഇതോടെ ചരക്ക് വില്‍ക്കുന്നതിനാല്‍ വില ഇനിയും ഇടിയുമെന്ന ഭീതിയേറി.
റബര്‍ ഇറക്കുമതി വര്‍ദ്ധിപ്പിക്കാന്‍ ടയര്‍ ലോബി സമ്മര്‍ദ്ദം ശക്തമാക്കുകയാണ്. തോരാമഴയില്‍ ടാപ്പിംഗ് കുറഞ്ഞതിനാല്‍ ഷീറ്റ് ഉണക്കാനും കഴിഞ്ഞിരുന്നില്ല. ഇല പൊഴിച്ചില്‍ ഉത്പാദനം കുറച്ചതോടെ ചെറുകിട കര്‍ഷകര്‍ക്ക് ഉയര്‍ന്ന വിലയുടെ നേട്ടം ഉണ്ടാക്കാനായില്ല. ടാപ്പിംഗ് സജീവമാകുന്നതോടെ വില ഇനിയും ഇടിഞ്ഞാല്‍ ചെറുകിട കര്‍ഷകര്‍ കഷ്ടത്തിലാകും.
രണ്ടാഴ്ചക്കുള്ളില്‍ 30 രൂപയുടെ കൂടിയതിന് ശേഷമാണ് വില ഇടിഞ്ഞത്. ബാങ്കോക്ക് വില 204 രൂപയിലേക്ക് ഉയര്‍ന്നു.ഇതോടെ രാജ്യാന്തര വിലയുമായുള്ള വ്യത്യാസം 35 രൂപയിലേക്ക് താഴ്ന്നു.
കര്‍ഷകരെ ബുദ്ധിമുട്ടിച്ച് ടയര്‍ ലോബി കള്ളക്കളി നടത്തുകയാണ്. മെച്ചപ്പെട്ട വില ലഭിക്കാന്‍ കൃഷിക്കാര്‍ ലാറ്റക്‌സിലേക്ക് തിരിയാതെ ഷീറ്റീലേക്ക് മടങ്ങി വരണം.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്