കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകള്‍ മുന്നാക്ക വിഭാഗങ്ങളെ അവഗണിക്കുന്നുവെന്ന് എൻഎസ്‌എസ്
കോട്ടയം: കേന്ദ്ര – സംസ്ഥാന സർക്കാരുകള്‍ക്കെതിരെ വിമർശനവുമായി എൻഎസ്‌എസ്. ഇരു സർക്കാരും മുന്നാക്ക വിഭാഗങ്ങളെ അവഗണിക്കുന്നുവെന്നും ജാതിസംവരണം അവസാനിപ്പിക്കണമെന്നും എൻഎസ്‌എസ് പറഞ്ഞു.
എൻഎസ്‌എസ് ബജറ്റ് സമ്മേളനത്തിലാണ് ജനറല്‍ സെക്രട്ടറി ജി സുകുമാരൻ നായരുടെ പ്രതികരണം.
‘കേന്ദ്ര- സംസ്ഥാന സർക്കാരുകള്‍ മുന്നാക്ക വിഭാഗങ്ങളെ അവഗണിക്കുകയാണ്. ജാതി സെൻസസ് നടപ്പാക്കിയാല്‍ സംവരണത്തിന്റെ പേരില്‍ കൂടുതല്‍ അഴിമതിക്ക് വഴിതെളിയും. ഇരു സർക്കാരുകളും മുന്നാക്ക സമുദായങ്ങള്‍ക്ക് നീതി നല്‍കാതെ അകറ്റി നിർത്തുകയാണ്.
സംസ്ഥാന സർക്കാരിന്റെ നിലപാടുകള്‍ വർഗീയസ്‌പർദ്ധ പടർത്തുന്നതാണ്. തിരഞ്ഞെടുപ്പ് പരാജയത്തില്‍ നിന്ന് പാഠം പഠിച്ചല്ലെങ്കില്‍ ഇനിയും തിരിച്ചടികളുണ്ടാവും’, ജി സുകുമാരൻ നായർ പറഞ്ഞു.
സ്വകാര്യ വിദ്യാഭ്യാസ മേഖലയില്‍ മാതൃകാപരമായ സേവനം നടത്തുന്ന സംഘടനയാണ് എൻഎസ്‌എസ്. എന്നാല്‍ സ്‌കൂള്‍, കോളേജുകളുടെ പ്രവർത്തനം സുഗമമായി നടത്താനുള്ള സാഹചര്യമില്ല. എയ്‌ഡഡ് സ്കൂളിലെ നിയമകാര്യങ്ങളിലെ ഉദ്യോഗസ്ഥരുടെ അലംഭാവം പൊറുക്കാനാവില്ല. അഴിമതിക്കെതിരെ നടപടിയെടുക്കാതെ എയ്‌ഡഡ് വിദ്യാഭ്യാസ മേഖലയെ മനപ്പൂർവം തകർക്കുന്നു.
ഇത് ആരുടെ ഭാഗത്തുനിന്നുണ്ടായാലും അംഗീകരിക്കാനാവില്ല. വോട്ടുബാങ്കുകളായ ജാതി വിഭാഗങ്ങളെ പ്രീണിപ്പിക്കുന്നതിനാണ് ജാതി സംവരണവും ജാതി സെൻസസും.
രാജ്യത്തിന്റെ അഖണ്ഡതയ്ക്ക് വെല്ലുവിളി ഉയർത്തുന്നതാണ് ജാതി സംവരണം. വോട്ടുരാഷ്ട്രീയത്തിനായിട്ടാണ് ജാതീയമായി വിഭജിക്കുന്ന ജാതി സംവരണം. അത് അവസാനിപ്പിച്ച് ജാതിമത വ്യത്യാസമില്ലാത്ത ബദല്‍സംവിധാനം നടപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്